കൈനീട്ടമായി അവയവങ്ങള്‍

വിഷുദിനത്തില്‍ കവിതയുടെ അവയവങ്ങള്‍ മൂന്ന് ജീവിതങ്ങള്‍ക്ക് തുണയായി

കൈനീട്ടമായി അവയവങ്ങള്‍

സ്വന്തം ലേഖകന്‍

കൊല്ലം: അമ്മയുടെ വാത്സല്യത്തണല്‍ ഇല്ലാതായതിന്റെ കരള്‍പറിച്ചെടുക്കുന്ന വേദനയിലാണ് കൊല്ലം കിളികൊല്ലൂർ പുതുവയലിൽവീട്ടിൽ ശ്രുതിയും സ്വാതിയും. അപ്പോഴും മൂന്നുപേരുടെ ജീവിതങ്ങളില്‍ പ്രകാശം ചൊരിയാന്‍ പ്രിയമാതാവിന്റെ കരളും വൃക്കകളും ദാനം ചെയ്യാന്‍ കഴിഞ്ഞതിന്റെ അഭിമാനക്കണ്ണീര്‍ കൂടി ശ്രുതിയുടെയും സ്വാതിയുടെയും കവിളുകളിലുണ്ട്.

കിളികൊല്ലൂർ മുസ്‌ലിയാർ നഗർ പുതുവയലിൽവീട്ടിൽ ബി കവിത(48)യുടെ അവയവങ്ങളാണ് മക്കളും ബന്ധുക്കളും വിഷുദിനത്തില്‍ ദാനം ചെയ്തത്. കോയമ്പത്തൂരിൽ ഹോംനേഴ്‌സായി ജോലി ചെയ്തുവരികയായിരുന്ന കവിത വീട്ടിലെ കുളിമുറിയിൽ കാല്‍വഴുതി വീഴുകയായിരുന്നു. വീഴ്ചയിൽ തലയ്ക്ക് സാരമായി പരിക്കേറ്റതിനെ തുടർന്ന് കവിതയെ കോയമ്പത്തൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കു മാറ്റി. എന്നാൽ ആരോഗ്യനില വഷളാവുകയായിരുന്നു.

മസ്തിഷ്‌കമരണം സ്ഥിരീകരിച്ചതോടെ സംസ്ഥാന സർക്കാരിന്റെ മരണാനന്തര അവയവദാന നോഡൽ ഏജൻസിയായ കെ.എൻ.ഒ.എസിന്റെ (മൃതസഞ്ജീവനി) നേതൃത്വത്തിൽ അവയവദാനത്തെക്കുറിച്ച് കവിതയുടെ മക്കളായ ശ്രുതിയോടും സ്വാതിയോടും സംസാരിച്ചു. യാതൊരു വിസമ്മതവും പ്രകടിപ്പിക്കാതെ ഇരുവരും സമ്മതം മൂളുകയായിരുന്നു. തുടർന്ന് കരളും ഒരു വൃക്കയും കിംസ് ആശുപത്രിയിലെ രണ്ട് രോഗികൾക്കും ഒരു വൃക്ക മെഡിക്കൽ കോളജ് ആശുപത്രിയിലെ രോഗിക്കും നൽകി.

രോഗീപരിചരണമേഖലയിൽ കവിതയുടെ ആത്മാർപ്പണം അരക്കിട്ടുറപ്പിക്കുന്ന തീരുമാനമാണ് മക്കളും സ്വീകരിച്ചത്. അമ്മയുടെ അവയവങ്ങൾ കൊണ്ട് മൂന്നുപേർക്ക് ജീവിതം തിരിച്ചുപിടിക്കാൻ കഴിഞ്ഞെങ്കിൽ രോഗികളുടെ പരിചരണത്തിനു വേണ്ടി ജീവിതം സമർപ്പിച്ച അമ്മയ്ക്കുവേണ്ടി ചെയ്യാൻ കഴിയുന്ന ഏറ്റവും ഉചിതമായ തീരുമാനമായിരുന്നു ശ്രുതിയും സ്വാതിയും മറ്റ് കുടുംബാംഗങ്ങളും സ്വീകരിച്ചത്.