സിനിമയിലും ജ്യോതികയുടെ സഹോദരന്‍ കാര്‍ത്തി

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജ്യോതികയും സൂര്യയുടെ സഹോദരൻ കാർത്തിയും ഒന്നിക്കുന്നു എന്ന വാർത്തകൾ പുറത്തുവരാൻ തുടങ്ങിയിട്ട് ഏറെ നാളായി. സഹോദരീ സഹോദരന്മാരായാണ് ഇരുവരും വെള്ളിത്തിരയിൽ എത്തുന്നത് എന്നതാണ് പുതിയ വാർത്ത.

സിനിമയിലും ജ്യോതികയുടെ സഹോദരന്‍ കാര്‍ത്തി

തമിഴകത്തിനു പ്രിയപ്പെട്ട താരജോഡികളാണ് സൂര്യയും ജ്യോതികയും. സൂര്യയുമായുള്ള വിവാഹത്തിനു ശേഷം സിനിമയിൽ നിന്നകന്നു നിന്നെങ്കിലും ഇപ്പോൾ സിനിമകളിൽ സജീവമാണ് ജ്യോതിക. തിരിച്ചു വന്നപ്പോൾ മുതൽ ആരാധകർ കാത്തിരിക്കുകയാണ് സൂര്യയും ജ്യോതികയും ഒന്നിച്ചൊരു ചിത്രം.

എന്നാൽ അങ്ങനൊന്ന് സംഭവിക്കും എന്ന കാര്യത്തിൽ ഇതുവരെ ഒരു അറിയിപ്പും ഇല്ല. പക്ഷെ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജ്യോതികയും സൂര്യയുടെ സഹോദരൻ കാർത്തിയും ഒന്നിക്കുന്നു എന്ന വാർത്തകൾ പുറത്തുവരാൻ തുടങ്ങിയിട്ട് ഏറെ നാളായി. സഹോദരീ സഹോദരന്മാരായാണ് ഇരുവരും വെള്ളിത്തിരയിൽ എത്തുന്നത് എന്നതാണ് പുതിയ വാർത്ത.

കമൽ ഹാസനെ നായകനാക്കി ഒരുക്കിയ 'പാപനാശ'ത്തിനു ശേഷം ജീത്തു ജോസഫ് ഒരുക്കുന്ന തമിഴ് ചിത്രമാണിത്. മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രം 'ദൃശ്യ'ത്തിന്റെ റീമേക്കായിരുന്നു 'പാപനാശം'. സംവിധായകനായ ജീത്തു ജോസഫിനൊപ്പം റെനിൽ ഡിസിൽവ, മണികണ്ഠൻ എന്നിവർ ചേർന്നാണ് പുതിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ജ്യോതികയുടെ സഹോദരൻ സൂരജാണ് ചിത്രം നിർമ്മിക്കുന്നത്.

നവാഗതനായ രജത് രവിശങ്കർ സംവിധാനം ചെയ്ത 'ദേവ്' എന്ന ചിത്രമായിരുന്നു കാർത്തിയുടേതായി ഒടുവിൽ റിലീസിനെത്തിയ ചിത്രം. ഒരു സാഹസിക ഫോട്ടോഗ്രാഫറുടെ വേഷമായിരുന്നു കാർത്തിയ്ക്ക് ചിത്രത്തിൽ. പ്രണയവും സാഹസികതയും ഇടകലർത്തി ഒരുക്കിയ ചിത്രത്തിൽ രാകുൽ പ്രീത് സിങ്ങായിരുന്നു നായിക. അമൃത ശ്രീനിവാസൻ, രമ്യാ കൃഷ്ണൻ, പ്രകാശ് രാജ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ഹാരിസ് ജയരാജായിരുന്നു ചിത്രത്തിന് സംഗീതം നൽകിയത്. ഫെബ്രുവരി 14 വാലന്റൈൻസ് ഡേയിൽ പ്രദർശനത്തിനെത്തിയ ചിത്രത്തിന് സമ്മിശ്രപ്രതികരണങ്ങളായിരുന്നു ലഭിച്ചത്.

'കാട്രിൻ മൊഴി'യാണ് ജ്യോതികയുടേതായി അവസാനം തിയേറ്ററിലെത്തിയ ചിത്രം. നവാഗതസംവിധായകനായ എസ്. രാജിന്റെ പുതിയ ചിത്രമാണ് ഇനി റിലീസ് ചെയ്യാൻ ഉള്ളത്. ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിയ താരം മലയാളത്തിന്റെ പ്രിയതാരവും സംവിധായികയുമായ രേവതിയ്ക്ക് ഒപ്പമുള്ള പുതിയ ചിത്രത്തിന്റെ തിരക്കുകളിലാണ് ഇപ്പോൾ.

'ഗുലേബക്കാവലി' സംവിധാനം ചെയ്ത കല്യാണിന്റെ ചിത്രത്തിലാണ് ജ്യോതികയും രേവതിയും ഒന്നിക്കുന്നത്. ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്നിരുന്നു.അതേസമയം, ഇമ്രാൻ ഹഷ്മിയും റിഷി കപൂറും പ്രധാന വേഷങ്ങളിലെത്തുന്ന ത്രില്ലർ ചിത്രത്തിലൂടെ ജീത്തു ഈ വർഷം ബോളിവുഡിലും എത്തുകയാണ്. ഷൂട്ടിങ് പൂർത്തിയായ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ പുരോഗമിക്കുകയാണ്. കാർത്തി ചിത്രം പൂർത്തിയാക്കിയ ശേഷം മലയാളത്തിൽ മോഹൻലാലിനെ നായകനാക്കി പ്ലാൻ ചെയ്യുന്ന ചിത്രത്തിന്റെ ജോലികളിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലാണ് ജീത്തു ജോസഫ്.

കാളിദാസ് ജയറാമിനെയും അപർണ ബാലമുരളിയേയും പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ 'മിസ്റ്റർ ആൻഡ് മിസ് റൗഡി'യാണ് ജീത്തു ജോസഫിന്റെ ഏറ്റവും ഒടുവിൽ റിലീസിനെത്തിയ ചിത്രം.

Read More >>