എന്തൊരു തോല്‍വിയാണ്!

ഐ.പി.എല്ലില്‍ വീണ്ടും തോറ്റ് ബാംഗ്ലൂര്‍

എന്തൊരു  തോല്‍വിയാണ്!

മുംബൈ: വീണ്ടും തോറ്റു തൊപ്പിയിട്ട് ബംഗളൂരു റോയൽ ചലഞ്ചേഴ്‌സ്. ഒരു മത്സരത്തിലെ ആശ്വാസ ജയത്തിനു ശേഷമാണ് വിരാട് കോലിയുടെ സംഘം മുംബൈ ഇന്ത്യൻസിനു മുമ്പിൽ വീണ്ടും തോറ്റത്. അഞ്ചുവിക്കറ്റിനാണ് തോൽവി. ഇതോടെ എട്ട് കളികളിൽ നിന്ന് പത്ത് പോയിന്റോടെ മുംബൈ മൂന്നാം സ്ഥാനക്കാരായി. എട്ട് കളികളിൽ ഒന്ന് മാത്രം ജയിച്ച ബംഗളൂരു രണ്ട് പോയിന്റോടെ അവസാന സ്ഥാനത്താണ്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗളൂരു നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 171 റൺസാണ് എടുത്തത്. ഒരു ഓവർ ബാക്കിനിൽക്കെ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ മുംബൈ ലക്ഷ്യത്തിലെത്തി. 16 പന്തിൽ 37 റൺസുമായി തകർത്തടിച്ച് ഹാർദിക് പാണ്ഡ്യയാണ് മുംബൈയ്ക്കു വിജയം സമ്മാനിച്ചത്. ബംഗളൂരുവിനു വേണ്ടി തകർത്തടിച്ച എ.ബി ഡിവില്ലിയേഴ്‌സും മോയിൻ അലിയും അർദ്ധ സെഞ്ച്വറി നേടി.

ഡിവില്ലിയേഴ്‌സ് 51 പന്തിൽ ആറു ബൗണ്ടറിയും നാലു സിക്‌സും സഹിതം 75 റൺസെടുത്തു. മോയിൻ 32 പന്തിൽ ഒരു ബൗണ്ടറിയും അഞ്ചു സിക്‌സും സഹിതം 50 റൺസെടുത്തു.

മൂന്നാം വിക്കറ്റിൽ ഇരുവരും പടുത്തുയർത്തിയ അർദ്ധ സെഞ്ച്വറി കൂട്ടുകെട്ടാണ് ബാംഗ്ലൂർ ഇന്നിങ്‌സിന്റെ സവിശേഷത. 11.5 ഓവർ ക്രീസിൽനിന്ന ഇവരുടെ സഖ്യം 95 റൺസാണ് സ്‌കോർ ബോർഡിൽ ചേർത്തത്. ഓപ്പണർ പാർഥിവ് പട്ടേലാണ് ബംഗളൂരു നിരയിൽ മികച്ച പ്രകടനം പുറത്തെടുത്ത മറ്റൊരു താരം. പാർഥിവ് 20 പന്തിൽ നാലു ബൗണ്ടറിയും ഒരു സിക്‌സും സഹിതം 28 റൺസെടുത്തു. വിരാട് കോലി ഒമ്പതു പന്തിൽ നിന്ന് എട്ടു റൺസെടുത്ത് പുറത്തായി. മുംബൈയ്ക്കു വേണ്ടി ലസിത് മലിംഗ നാലു ഓവറിൽ 31 റൺസ് വഴങ്ങി നാലു വിക്കറ്റ് പിഴുതു.

മറുപടിക്കിറങ്ങിയ മുംബൈയ്ക്കു വേണ്ടി മികച്ച ഫോമിൽ നിൽക്കവെ രോഹിത് ശർമ പുറത്തായി. 19 പന്തിൽ നിന്ന് 28 റൺസായിരുന്നു സമ്പാദ്യം. ക്രുണാൽ പാണ്ഡ്യയുടെ മെല്ലെപ്പോക്കിൽ മുംബൈ ഒരു വേള ആശങ്കപ്പെട്ടെങ്കിലും ഹർദിക് പാണ്ഡ്യ തകർത്തടിച്ച് കളിയുടെ ഗതി മാറ്റി.

Read More >>