ശരണം വിളിച്ചു ചട്ടലംഘനം

ശബരിമലയുടെയോ അയ്യപ്പന്റെയോ പേരുപറയാതെ ആ വിഷയം സമർത്ഥമായി അവതരിപ്പിച്ചു കയ്യടി നേടാൻ മോദിക്കു കഴിഞ്ഞു. ശബരിമല വിഷയം മാത്രമല്ല, അയ്യപ്പന്റെ പേരു പോലും പറയാൻ കഴിയാത്ത സാഹചര്യമാണ് കേരളത്തിലെന്നു ഇന്നലെ മംഗലാപുരത്തും ചെന്നൈയിലും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞതും ഭൂരിപക്ഷ സമുദായത്തിന്റെ വോട്ടു ലക്ഷ്യമിട്ടുതന്നെ. ചട്ടലംഘനത്തിന്റെ പേരിൽ എന്തു നടപടി വന്നാലും ഒമ്പതു ദിവസം കൂടി ശബരിമല പച്ചയ്ക്കു പറഞ്ഞു നിൽക്കാൻ ബി.ജെ.പി ഒരുങ്ങുമ്പോൾ, തെരഞ്ഞെടുപ്പു കമ്മിഷൻ എന്തുചെയ്യുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്

ശരണം വിളിച്ചു ചട്ടലംഘനം

നാട്ടുകാര്യം

തെരഞ്ഞെടുപ്പു നിയമം പാസ്സാക്കിയത് രാഷ്ട്രീയ പാർട്ടികളാണ്. അതു വീഴ്ച കൂടാതെ പ്രാവർത്തികമാക്കാനുള്ള ഉത്തരവാദിത്തം അഖിലേന്ത്യാടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷനാണ്. സംസ്ഥാനങ്ങളിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർമാർക്കും. കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായ ടിക്കാറാം മീണയാണ്. തെരഞ്ഞെടുപ്പ് കമ്മിഷനും ഉദ്യോഗസ്ഥ വൃന്ദവും ഒരു സ്വതന്ത്ര സ്ഥാപനമാണ്. തെരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ചാൽ ഭരണകൂടത്തിന്റെ ഭാഗമായ കോടതിയും പട്ടാളവും ഒഴിച്ചുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ ഘടകങ്ങളും കമ്മിഷന്റെ നിയന്ത്രണത്തിൽ ആവും. അതാണ് പൊതുവിലുള്ള കീഴ്വഴക്കം. എന്നാൽ, തങ്ങളുടെ സൗകര്യാർത്ഥം ചിലപ്പോഴൊക്കെ പാർട്ടികൾ പെരുമാറ്റച്ചട്ടം ലംഘിക്കും.അപ്പോഴൊക്കെ കമ്മിഷൻ കണ്ണുരുട്ടി ചട്ടം പഠിപ്പിക്കും. ഇതിനിടയിൽ ഉണ്ടാവുന്ന അഭിപ്രായഭിന്നതകൾ ചില വാക്പോരുകൾക്കൊക്കെ കാരണമാവുകയും ചെയ്യും. ശബരിമലയിലെ യുവതീപ്രവേശം സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് വിഷയമാക്കരുതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ നേരത്തെ വ്യക്തമാക്കിയിരുന്നു. അതിന്റെ പേരിലാണ് എൻ.ഡി.എയും സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും തമ്മിൽ ഇപ്പോൾ വാക്‌പോര് ഉണ്ടായിരിക്കുന്നത്. ബി.ജെ.പി നേതാക്കളുടെ പൊതു വിമർശനത്തിൽ നിന്ന് ഒരു പടികൂടി കടന്നു ആറ്റിങ്ങലിലെ എൻ.ഡി.എ സ്ഥാനാർത്ഥി, സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർ സംസ്ഥാനത്തെ ഭരണ പാർട്ടിയുടെ ഓഫീസിലെ ഗുമസ്തനാണെന്നു വരെ ആക്ഷേപിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാ പെരുമാറ്റചട്ടം ലംഘിക്കുമ്പോൾ അതു ചൂണ്ടിക്കാട്ടി കർശനമായി തിരുത്തുന്ന ഓഫീസറുടെ നടപടികളാണ് രാഷ്ട്രീയ പാർട്ടികൾക്കും സ്ഥാനാർത്ഥികൾക്കും അദ്ദേഹത്തെ കണ്ണിലെ കരടാക്കിയത്.

ഈ തെരഞ്ഞെടുപ്പു കാലത്ത് രാജ്യമെമ്പാടും ചട്ടലംഘനക്കാരുടെ എണ്ണം കൂടിയെന്നാണ് കമ്മിഷൻ പറയുന്നത്. പ്രധാനമന്ത്രി മുതൽ ഗവർണർ, മന്ത്രിമാർ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർത്ഥികൾ, നേതാക്കൾ, പൊതുമേഖലാ സ്ഥാപന മേധാവികൾ, ഉദ്യോഗസ്ഥർ വരെ ചട്ടലംഘനക്കാരുടെ പട്ടികയിലുണ്ട്. സംസ്ഥാനത്തും ഈ പട്ടിക ചെറുതല്ല. അരഡസൻ സ്ഥാനാർത്ഥികളും അത്രതന്നെ പാർട്ടി നേതാക്കളും ചട്ടലംഘനത്തിന്റെ കുരുക്കിലാണ്. തെരഞ്ഞെടുപ്പു പ്രചാരണം തുടങ്ങിയതു മുതൽ കമ്മിഷൻ സ്ഥാനാർത്ഥികൾക്കും പാർട്ടികൾക്കും പിന്നാലെയുണ്ട്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം സംബന്ധിച്ച് കമ്മിഷൻ വിളിച്ചു ചേർത്ത സർവ്വകക്ഷി പ്രതിനിധിയോഗത്തിൽ തന്നെ ചട്ടലംഘനത്തിന്റെ പേരിൽ വാക്പോര് തുടങ്ങിയിരുന്നു. ശബരിമല യുവതീ പ്രവേശം പ്രചാരണ വിഷയമാക്കരുതെന്ന കമ്മിഷൻ നിർദ്ദേശം യോഗത്തിൽ പങ്കെടുത്ത ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി. എസ് ശ്രീധരൻപിള്ളയെ പ്രകോപിതനാക്കി. വാക്പോരിനൊടുവിൽ കമ്മിഷൻ നിലപാടിൽ അല്പം അയവു വരുത്തി. ശബരിമല വിഷയം പരാമർശിച്ചാലും അയ്യപ്പന്റെ പേരുപയോഗിക്കരുതെന്നു കമ്മിഷൻ കർശ്ശന നിർദ്ദേശം നൽകി. ഇതിനു ശേഷം ബി.ജെ.പി-എൻ.ഡി.എ പ്രചാരണ വേദിയിൽ ശബരിമല ഉയർന്നു കേട്ടില്ല. പകരം രഹസ്യമായും വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിലും ഇതേ വിഷയം താഴെത്തട്ടിലെത്തിക്കുകയും ചെയ്തു. ഇതിനെതിരെയും കമ്മിഷനു പരാതി ലഭിച്ചിരുന്നു.

ഇതിനിടെയാണ് തൃശൂരിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി സുരേഷ് ഗോപി വന്നത്. ആദ്യസമാഗമത്തിൽ സ്വരാജ് റൗണ്ടിലെത്തിയ നാട്ടുകാരോട് ശബരിമല അയ്യപ്പന് വേണ്ടി(അയ്യന്) സിനിമാതാരം വോട്ടു ചോദിച്ചു. ചാനൽ ലൈവ് കണ്ടയുടൻ സ്ഥാനാർത്ഥിയുടെ നടപടി ചട്ടലംഘനമാണെന്നു ജില്ലാ കളക്ടർ ടി.വി അനുപമ നോട്ടീസ് നൽകി. ഇതു താരത്തെ പ്രകോപിതനാക്കി. അയ്യപ്പന്റെ പേരുപയോഗിക്കാൻ പോലും കഴിയാത്ത വിധത്തിൽ ജനാധിപത്യം മാറിപ്പോയെന്ന ആത്മഗതവും താരം നടത്തി. സംഗതി എന്തായാലും മുഖ്യതെരഞ്ഞെടുപ്പു ഓഫീസറുടെ മേശപ്പുറത്തെത്തി. സുരേഷ് ഗോപി ആദ്യം നടത്തിയ പരാമർശവും അതിൽ കളക്ടർ നൽകിയ നോട്ടീസിനെതിരായ പരസ്യവിമർശനവും ചട്ടലംഘനമാണെന്നു ടിക്കാറാം മീണ പറഞ്ഞു. സ്ഥാനാർത്ഥി നൽകിയ വിശദീകരണം പരിശോധിച്ചുവരികയാണെന്നാണ് ജില്ലാ കളക്ടർ ആവർത്തിച്ചത്. ഈ സംഭവമുൾപ്പെടെ തങ്ങൾക്കു തിരിച്ചടിയായേക്കുമെന്നു കണ്ടു വീണ്ടും ശബരിമല അരികിലേക്കു മാറ്റിവായ്ക്കാൻ ബി.ജെ.പി തീരുമാനിച്ചു. അതേസമയം രഹസ്യമായി ഈ വിഷയം പ്രചരിപ്പിക്കുന്നത് തുടരാൻ സംഘപരിവാർ സംഘടനകളെ ചുമതലപ്പെടുത്തുകയും ചെയ്തു.

രഹസ്യമായ പ്രചാരണത്തേക്കാൾ പരസ്യമായി ഈ വിഷയം ഉപയോഗിക്കുന്നതാണ് സ്ഥാനാർത്ഥികൾക്കു ഗുണമെന്ന കണക്കുകൂട്ടൽ പാർട്ടി വാർ റൂമിൽ ശക്തിപ്പെട്ടതോടെ പ്രചാരണത്തിന്റെ അവസാന ലാപ്പിൽ ശബരിമലയും അയ്യപ്പനും പ്രധാന വിഷയമാക്കാനാണ് ബി.ജെ.പി തീരുമാനം. ചട്ടലംഘനമാകുമെങ്കിലും അതിനെ നേരിടാനാണ് പാർട്ടി തീരുമാനം. പ്രധാനമായും മൂന്നു മണ്ഡലങ്ങളിൽ ഈ വിഷയം സ്വാധീനിക്കുമെന്നാണ് പാർട്ടിയുടെ നിഗമനം. പത്തനംതിട്ട, തിരുവനന്തപുരം, തൃശൂർ മണ്ഡലങ്ങളിൽ ശബരിമല വിഷയമുയർത്തിയുള്ള പ്രചാരണം വോട്ടർമാരിൽ അനുകൂല വികാരമുണ്ടാക്കുമെന്നും ഇവിടങ്ങളിലെ സാമുദായിക ഘടകങ്ങളുടെ ധ്രുവീകരണം തങ്ങൾക്കനുകൂലമാകുമെന്നും ബി.ജെ.പി കരുതുന്നു. ഈ പശ്ചാത്തലത്തിലാണ് രണ്ടും കല്പിച്ച്, കമ്മിഷനെ വെല്ലുവിളിച്ച് പാർട്ടി ശബരിമല ആയുധമാക്കുമെന്ന പ്രഖ്യാപനം കഴിഞ്ഞ ദിവസം ആവർത്തിച്ചത്. അതിനുള്ള പ്രേരണയാണ് കോഴിക്കോട് കടപ്പുറത്തു പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയത്. ശബരിമലയുടെയോ അയ്യപ്പന്റെയോ പേരുപറയാതെ ആ വിഷയം സമർത്ഥമായി അവതരിപ്പിച്ചു കയ്യടി നേടാൻ മോദിക്കു കഴിഞ്ഞു. ശബരിമല വിഷയം മാത്രമല്ല, അയ്യപ്പന്റെ പേരു പോലും പറയാൻ കഴിയാത്ത സാഹചര്യമാണ് കേരളത്തിലെന്നു ഇന്നലെ മംഗലാപുരത്തും ചെന്നൈയിലും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞതും ഭൂരിപക്ഷ സമുദായത്തിന്റെ വോട്ടു ലക്ഷ്യമിട്ടുതന്നെ. ചട്ടലംഘനത്തിന്റെ പേരിൽ എന്തു നടപടി വന്നാലും ഒമ്പതു ദിവസം കൂടി ശബരിമല പച്ചയ്ക്കു പറഞ്ഞു നിൽക്കാൻ ബി.ജെ.പി ഒരുങ്ങുമ്പോൾ, തെരഞ്ഞെടുപ്പു കമ്മിഷൻ എന്തുചെയ്യുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

വീണ്ടും ലാവ്‌ലിൻ

കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ എസ്.എൻ.സി ലാവ്‌ലിൻ ഇല്ലാത്ത തെരഞ്ഞെടുപ്പ് പ്രചാരണമില്ല കേരളത്തിൽ. സംസ്ഥാന സർക്കാറിന്റെ കിഫ്ബി മസാല ബോണ്ടു കൈവശപ്പെടുത്തിയ കനേഡിയൻ സ്ഥാപനത്തിന് എസ്.എൻ.സി ലാവ്ലിനിലും ഓഹരി പങ്കാളിത്തമുണ്ടെന്ന കണ്ടെത്തലാണ് ഇക്കുറി ലാവ്ലിനെ പ്രചാരണവേദിയിലെത്തിച്ചത്. കനേഡിയൻ സർക്കാർ പങ്കാളിത്തമുള്ള സി.ഡി.പി.ക്യൂ എന്ന കമ്പനിക്ക് എസ്.എൻ.സി ലാവ്ലിനിൽ 20 ശതമാനത്തോളം ഓഹരിപങ്കാളിത്തമുണ്ട്. വിവാദമായ ഇടപാടുകളിലൂടെ ആഗോള തലത്തിൽ കരിമ്പട്ടികയിലുൾപ്പെടുത്തിയ സ്ഥാപനമാണ് ലാവ്‌ലിൻ. കേരളത്തിലെ വൈദ്യുതി പദ്ധതികളുടെ നവീകരണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട ലാവ്‌ലിൻ കേസ് സുപ്രിം കോടതിയുടെ പരിഗണനയിലാണ്. ഈ പശ്ചാത്തലത്തിൽ ലാവ്ലിനുമായി ബന്ധമുള്ള സ്ഥാപനത്തിന് സർക്കാരിന്റെ ബോണ്ടുകൾ ഉയർന്ന പലിശ നിരക്കിൽ ലഭ്യമാക്കിയ നടപടിയാണ് പ്രതിപക്ഷം ആയുധമാക്കുന്നത്. ഇടപാടിലെ വ്യവസ്ഥകൾ വിശദമാക്കണമെന്നും പലിശ നിരക്കിൽ വന്ന മാറ്റം പരിശോധിക്കണമെന്നുമാണ് പ്രതിപക്ഷ നേതാവിന്റെ ആവശ്യം.

എന്നാൽ പ്രതിപക്ഷം വെറുതെ ആരോപണമുന്നയിക്കാനായി അടിസ്ഥാനരഹിതമായ കാര്യങ്ങൾ പറയുകയാണെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്ക് പറയുന്നു. മസാല ബോണ്ടു വാങ്ങിയ സ്ഥാപനത്തിന് ലാവ്ലിനുമായി ബന്ധമില്ലെന്നാണ് തുടക്കത്തിൽ ധനമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞത്. എന്നാൽ രേഖകൾ പുറത്തുവന്നതോടെ ചെറിയ ശതമാനം ഓഹരി പങ്കാളിത്തം ഉണ്ടെന്നു ഇരുവരും തിരുത്തി. ഇതായുധമാക്കി കൂടുതൽ ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രംഗത്തുവന്നു. ഇതിനിടെ വിവാദത്തിൽ പ്രതികരിക്കവെ മുഖ്യമന്ത്രി, പ്രതിപക്ഷം കേരളത്തിന്റെ വികസനത്തെ തുരങ്കംവയ്ക്കുന്നതായി ആരോപിച്ചു. ഫലത്തിൽ മുൻ തെരഞ്ഞെടുപ്പുകൾക്കു സമാനമായി ഇത്തവണയും ലാവ്‌ലിൻ പ്രചാരണ വിഷയമായി മാറി.

ചെങ്കുളം, പന്നിയാർ, പളളിവാസൽ പദ്ധതികളുടെ നവീകരണത്തിന് എസ്.എൻ.സി ലാവ്‌ലിൻ കമ്പനിക്കു കരാർ നൽകിയതുമായി ബന്ധപ്പെട്ടു ക്രമക്കേടു നടന്നതായി സി.എ.ജി (കംപ്ട്രോളർ ആന്റ് ഓഡിറ്റർ ജനറൽ) റിപ്പോർട്ട് പുറത്തു വന്നതിനു ശേഷം, ഇന്നോളം നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും യു.ഡി.എഫിന്റെ ആയുധപുരയിൽ ലാവ്‌ലിൻ ഉണ്ടായിരുന്നു. കരാർ കാലത്തെ വൈദ്യുതി വകുപ്പു മന്ത്രിയായിരുന്ന പിണറായി വിജയനെ പ്രതിസ്ഥാനത്തു നിർത്തി പാർട്ടിക്കകത്തും പുറത്തുമുള്ളവർ ലാവ്‌ലിൻ തരം പോലെ ഉപയോഗിച്ചു. ഒന്നരപതിറ്റാണ്ടു കാലം സി.പി.എമ്മിന്റെ ആഭ്യന്തര രാഷ്ട്രീയത്തിൽ വിഭാഗീയത ശക്തിപ്രാപിക്കുന്നതിനും ലാവ്‌ലിൻ ആരോപണം ഹേതുവായി. ലാവ്‌ലിൻ അഴിമതി കേസിൽ വിചാരണകൂടാതെ പ്രതിസ്ഥാനത്തു നിന്നു പിണറായി വിജയനുൾപ്പെടെയുള്ള പ്രതികളെ തിരുവനന്തപുരം സി.ബി.ഐ കോടതി ഒഴിവാക്കിയതാണ്. എന്നാൽ വിചാരണ നടത്തണമെന്ന ആവശ്യവുമായി സി.ബി.ഐ ഹൈക്കോടതിയെയും തുടർന്നു സുപ്രിം കോടതിയെയും സമീപിച്ചു. കേസിലെ പ്രതികളിൽ രണ്ടു പേരൊഴികെ ബാക്കിയെല്ലാവരെയും വിടുതൽ ചെയ്തപ്പോഴും ആരോപണ വിധേയരായ എസ്.എൻ.സി ലാവ്‌ലിൻ കമ്പനിയുടെ പങ്ക് സംശയത്തിന്റെ നിഴലിൽ തന്നെയായിരുന്നു.

Read More >>