പ്രധാനമന്ത്രിയുടെ 'അജ്ഞത'

അദ്ദേഹത്തിന്റെ രാഷ്ടീയത്തിനു മുന്നിലെ വിലങ്ങുതടിയാണ് നമ്മുടെ ഭരണഘടനയും നമ്മുടെ സുപ്രീകോടതിയും. അതങ്ങ് ഗുജറാത്ത് കലാപം തൊട്ട് കണ്ടതാണ്.

പ്രധാനമന്ത്രിയുടെ

" ഞാൻ ഇന്നലെ കേരളത്തിലായിരുന്നു. കമ്യൂണിസ്റ്റ് സർക്കാർ ഭരിക്കുന്ന അവിടെ ഒരു പൗരന് അയ്യപ്പന്റെ പേര് പറയാൻ കഴിയില്ല. ശബരിമലയെക്കുറിച്ചു സംസാരിച്ചാൽ അകത്തു പോകും." (മംഗളൂരിൽ നരേന്ദ്ര മോദി ചെയ്ത പ്രസംഗത്തിൽ നിന്ന് ഇന്നത്തെ മലയാള മനോരമ റിപ്പോർട്ട് ചെയ്തത് ).

ഇതാണ് നമ്മുടെ പ്രധാനമന്ത്രിയുടെ നിലവാരം . ആരാണ് ശബരിമലയെപ്പറ്റിയും അയ്യപ്പനെപ്പറ്റിയും പറയുന്നത് വിലക്കിയത്? കേരളത്തിലെ കമ്യൂണിസ്റ്റ് സർക്കാരോ? അതോ ഭരണഘടനാ സംവിധാനമായ തിരഞ്ഞെടുപ്പ് കമ്മീഷനോ? എന്തു കൊണ്ടാണ് അവരത് ചെയ്തത്? ഇതൊന്നും അറിയാത്ത ഇതിനെയൊന്നും വിലവെയ്ക്കാത്ത ഒരാളാണോ നമ്മുടെ പ്രധാനമന്ത്രി?

അതെ, അദ്ദേഹത്തിന്റെ രാഷ്ടീയത്തിനു മുന്നിലെ വിലങ്ങുതടിയാണ് നമ്മുടെ ഭരണഘടനയും നമ്മുടെ സുപ്രീകോടതിയും. അതങ്ങ് ഗുജറാത്ത് കലാപം തൊട്ട് കണ്ടതാണ്.

ഇപ്പോൾ അദ്ദേഹം ആചാര സംരക്ഷണത്തെപ്പറ്റി വാചാലനാകുന്നു. ശബരിമല വിഷയം സുപ്രീം കോടതിയുടെ അകത്തളത്തിൽ പന്ത്രണ്ടു വർഷം നിരങ്ങി നീങ്ങിയപ്പോൾ എവിടെയായിരുന്നു ഈ ആചാര സംരക്ഷകൻ ? വിശ്വാസം സംരക്ഷിക്കാൻ അവരന്നെന്തു ചെയ്തു? കമ്യുണിസ്റ്റ് സർക്കാരാണ് ശബരിമലയെപ്പറ്റിയും അയ്യപ്പനെപ്പറ്റിയും സംസാരിക്കുന്നതിൽ വിലക്കേർപ്പെടുത്തിയതെങ്കിൽ അത് ലംഘിച്ച് പ്രധാനമന്ത്രിക്ക് കേരളത്തിൽ വന്നപ്പോൾ സംസാരിക്കാമായിരുന്നല്ലോ? ഇവിടെ വന്നപ്പോൾ അത് മിണ്ടാത്ത പ്രധാനമന്ത്രിയുടെ നാക്കിൽ കേരളാതിർത്തി കടന്നപ്പോൾ ആ വാക്കുകൾ എങ്ങനെ വന്നു ?

ഉത്തരം ഒന്നേയുള്ളൂ. കേരളം നിയമവാഴ്ചയുള്ള സ്ഥലമാണെന്ന ഉത്തമ ബോദ്ധ്യം അദ്ദേഹത്തിനുണ്ട്. കേരളത്തെ ഗുജറാത്താക്കുകയാണ് ഇവരുടെയൊക്കെ ലക്ഷ്യം. അതൊഴിവാക്കാനുള്ള വഴി എന്ത്? ഉത്തരം ഇന്ന് സഖാവ് വി.എസ് കൃത്യമായി പറഞ്ഞിട്ടുണ്ട്. " ബി.ജെ.പി. എന്ന ദുരന്തത്തെ ഇല്ലാതാക്കാനുള്ള ഏക മാർഗ്ഗമാണ് തിരഞ്ഞെടുപ്പ് ".


Read More >>