പ്രജ്ഞ സിങും പശുരാഷ്ട്രീയവും

മുതിർന്ന നേതാക്കൾക്ക് സ്ഥാനാർത്ഥിത്വം നിഷേധിച്ചതും പ്രജ്ഞ സിങ് ഠാക്കൂറിനെ പോലുള്ളവരെ പരിഗണിച്ചതും ബി.ജെ.പിക്ക് സംസ്ഥാനത്ത് തിരിച്ചടിയാവുമെന്നാണ് റിപ്പോർട്ടുകൾ. എൽ.കെ അദ്വാനി, മുരളി മനോഹർ ജോഷി, ഉമാഭാരതി തുടങ്ങിയ ബി.ജെ.പിയുടെ സ്ഥാപക നേതാക്കളെ അവഗണിക്കുന് മോദി-അമിത് ഷാ വിഭാഗത്തിന്റെ ഏകാധിപത്യ നടപടിയിലും സംസ്ഥാനത്തെ പാർട്ടി അണികൾക്കുള്ള അമർഷമുണ്ട്.

പ്രജ്ഞ സിങും പശുരാഷ്ട്രീയവും

സിദ്ദിക്ക്.കെ

ഇന്ത്യയുടെയും ഹിന്ദിയുടെയും ഹൃദയഭൂമിയായ മദ്ധ്യപ്രദേശിൽ കഴിഞ്ഞ 15 വർഷത്തെ ബി.ജെ.പി ഭരണത്തിന് അന്ത്യം കുറിച്ച ആത്മവിശ്വാസത്തോടെയാണ് കോൺഗ്രസ് ലോക്‌സഭാ തെരഞ്ഞടുപ്പിനെ നേരിടുന്നത്. അധികാരത്തിലെത്തി മണിക്കൂറുകൾക്കകം കർഷകരുടെ കടങ്ങൾ എഴുതി തള്ളിയും സംഘപരിവാറിന്റെ പശു രാഷ്ട്രീയത്തെ അതേനാണയത്തിൽ ഏറ്റെടുത്തുമാണ് കോൺഗ്രസ്, ബി.ജെ.പിയെ നേരിടുന്നത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പിൽ തന്നെ വ്യക്തമായ തീവ്ര ഹിന്ദുത്വ അജൻഡ മുൻനിർത്തിയാണ് കോൺഗ്രസ് സംസ്ഥാനത്ത് ബി.ജെ.പിയെ നേരിട്ടത്. എന്നാൽ, മലേഗാവ് സ്‌ഫോടന കേസിൽ പ്രതിയാണെന്ന് തീവ്രവാദ വിരുദ്ധ സേന (എ.ടി.എസ്) കണ്ടെത്തി ജയിലിൽ അടച്ച പ്രജ്ഞ സിങ് ഠാക്കൂറിനെ വരെ സ്ഥാനാർത്ഥിയാക്കി കോൺഗ്രസ്സിനെ കൂടുതൽ സമ്മർദ്ദത്തിലാക്കാനാണ് ബി.ജെ.പിയുടെ ശ്രമം.

മാലേഗാവ് അടക്കം രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ സ്ഫോടനം നടത്തിയ ഹിന്ദു ഭീകരവാദ ഗ്രൂപ്പിന്റെ ഭാഗമായ പ്രജ്ഞ സിങ് ഠാക്കൂറിനെ മഹാരാഷ്ട്ര എ.ടി.എസ്സാണ് അറസ്റ്റു ചെയ്തിരുന്നത്. കേസിലെ മുഖ്യ പ്രതിയാണ് പ്രജ്ഞ. സ്ഫോടക വസ്തുക്കൾ ഘടിപ്പിക്കാൻ അവരുടെ ബൈക്കായിരുന്നു ഉപയോഗിച്ചിരുന്നത്. കേസിൽ ജാമ്യത്തിൽ ഇറങ്ങി ബി.ജെ.പിയിൽ ചേർന്ന പ്രജ്ഞയെ പാർട്ടി ഭോപ്പാലിലെ സ്ഥാനാർത്ഥിയാക്കി. സ്ഥാനാർത്ഥിയായതിന് പിന്നാലെ ബി.ജെ.പിയെ കുരുക്കിലാക്കുന്ന, രാജ്യത്തെ ജനാധിപത്യ വാദികൾ നേരത്തെ ഉന്നയിച്ച സംശയങ്ങൾ ബലപ്പെടുത്തുന്ന വെളിപ്പെടുത്തലുകളാണ് പ്രജ്ഞ നടത്തിയത്.

2011ലെ മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് തലവൻ ഹേമന്ത് കർക്കറെയെ കൊലപ്പെടുത്തിയതിന് പിന്നിൽ സംഘപരിവാറിന്റെ കരങ്ങളാണെന്ന് സൂചന നൽകുന്ന തരത്തിലുള്ള പ്രജ്ഞയുടെ വെളിപ്പെടുത്തൽ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായിട്ടുണ്ട്. ഹേമന്ത് കർക്കറെയ്ക്ക് ജീവൻ നഷ്ടപ്പെട്ടത് തന്റെ 'ശാപം' കൊണ്ടാണെന്നായിരുന്നു അവർ പറഞ്ഞത്. കസ്റ്റഡിയിൽ താൻ നേരിട്ട പീഡനത്തിനും ഭീഷണിക്കുമാണ് കർക്കറെയെ ശപിച്ചത്. 'അയാൾ ഇല്ലാതാകട്ടെയെന്ന് ഞാൻ ശപിച്ചു' എന്നാണ് പ്രജ്ഞ വെളിപ്പെടുത്തിയത്. 2008ലെ മലേഗാവ്‌ സ്‌ഫോടനക്കേസിൽ അറസ്റ്റിലായ തനിക്ക് കസ്റ്റഡിയിൽ നേരിട്ട കടുത്ത പീഡനങ്ങളാണ് നേരിടേണ്ടി വന്നത്. ഇതിന്റെ പേരിലാണ് പ്രജ്ഞ, ഹേമന്ത് കർക്കറെയെ അധിക്ഷേപിച്ച് സംസാരിച്ചത്. മുംബൈ ഭീകരാക്രമണത്തെ നേരിട്ടതിന് ആരാണ് അദ്ദേഹത്തിന് അശോക ചക്രം സമ്മാനിച്ചതെന്നും പ്രജ്ഞ ചോദിച്ചു. എന്നാൽ, സംഭവം വിവാദമായതോടെ ബി.ജെ.പി അവരെ കയ്യൊഴിഞ്ഞ് പ്രസ്താവന ഇറക്കി. തുടർന്ന് പ്രജ്ഞ തന്റെ ശാപ പ്രസ്താവന തിരുത്തുകയും ചെയ്തു. ഭോപ്പാൽ മണ്ഡലത്തിൽ കോൺഗ്രസ്സിലെ ദ്വിഗ് വിജയ് സിങ്ങിനെതിരെയാണ് ബി.ജെ.പി, പ്രജ്ഞയെ ഇറക്കിയിരിക്കുന്നത്. ഇത് പാർട്ടിക്ക് ഏറെ നഷ്ടമുണ്ടാക്കുമെന്നാണ് സംസ്ഥാനത്തെ മുതിർന്ന ബി.ജെ.പി നേതാക്കൾ കരുതുന്നത്.

29 ലോക്‌സഭ സീറ്റുകളുള്ള സംസ്ഥാനത്തെ 27 സീറ്റിലും കഴിഞ്ഞ തവണ ബി.ജെ.പിയാണ് വിജയിച്ചത്. ജനങ്ങളുടെ ഉപജീവന മാർഗ്ഗവും വികസനവും കാർഷിക പ്രതിസന്ധികളും വിഷയമാക്കുന്നതിന് പകരം മതവും തീവ്രദേശീയതയുമാണ് സംസ്ഥാനത്തെ പ്രധാന പ്രചാരണായുധം. ഏപ്രിൽ 29, മെയ് ആറ്, 12, 19 തിയ്യതികളിൽ നാലു ഘട്ടമായാണ് സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 12ന് ആറാം ഘട്ടത്തിലാണ് ഭോപ്പാൽ, ഗോളിയോർ അടക്കമുള്ള മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.

പഴയതലമുറ പുറത്ത്

ലോക്‌സഭ സ്പീക്കർ സുമിത്ര മഹാജന്റെ സിറ്റിങ് സീറ്റായ ഇൻഡോറിൽ അവസാന ഘട്ടത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇക്കുറി മഹാജന് സീറ്റ് ലഭിക്കില്ലെന്ന സൂചന അവർ തന്നെ വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ രണ്ടാം മണ്ഡലമായി ഇൻഡോറിൽ നിന്ന് ജനവിധി തേടുമെന്നാണ് ബി.ജെ.പി കേന്ദ്രങ്ങൾ നൽകുന്ന സൂചന. മഹാജനെ കൂടാതെ, രണ്ടു മുതിർന്ന നേതാക്കളെ കൂടി ഒഴിവാക്കിയാണ് മദ്ധ്യപ്രദേശിലെ പട്ടിക പുറത്തിറക്കിയിരിക്കുന്നത്. ഖജുരാഹോ മണ്ഡലത്തിലെ സിറ്റിങ് എം.പിയായ നാഗേന്ദ്ര സിങ്, ധാർ ലോക്‌സഭ മണ്ഡലത്തിൽ നിന്നുള്ള സാവിത്രി ഠാക്കൂർ എന്നിവരെയാണ് ഒഴിവാക്കിയിരിക്കുന്നത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം നടന്ന ഉപതെരഞ്ഞടുപ്പിൽ ബി.ജെ.പിക്ക് നഷ്ടമായ രത്‌ലം മണ്ഡലത്തിൽ ബി.ജെ.പി ഇക്കുറി രംഗത്തിറക്കിയിരിക്കുന്നത് ഝബുവ എം.എൽ.എ ജി.എസ് ദമോറിനെയാണ്.

സംസ്ഥാനത്തെ 29 സീറ്റിലും കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇൻഡോറിന് പുറമെ, ഗുണ, സാഗർ, വിദിഷ മണ്ഡലത്തിലും ബി.ജെ.പി ഇതു വരെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. വിദിഷ മണ്ഡലത്തിൽ കേന്ദ്ര വിദേശ കാര്യമന്ത്രി സുഷമ സ്വരാജിന്റെ പേരാണ് പരിഗണിക്കുന്നത്. ഗുണ മണ്ഡലത്തിൽ നിന്ന് ജനവിധി തേടുന്ന എ.ഐ.സി.സി ജനറൽ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യക്കെതിരെയും ബി.ജെ.പിക്ക് സ്ഥാനാർത്ഥിയായിട്ടില്ല. മുതിർന്ന നേതാക്കൾക്ക് സ്ഥാനാർത്ഥിത്വം നിഷേധിച്ചതും പ്രജ്ഞ സിങ് ഠാക്കൂറിനെ പോലുള്ളവരെ പരിഗണിച്ചതും ബി.ജെ.പിക്ക് സംസ്ഥാനത്ത് തിരിച്ചടിയാവുമെന്നാണ് റിപ്പോർട്ടുകൾ. എൽ.കെ അദ്വാനി, മുരളി മനോഹർ ജോഷി, ഉമാഭാരതി തുടങ്ങിയ ബി.ജെ.പിയുടെ സ്ഥാപക നേതാക്കളെ അവഗണിക്കുന് മോദി-അമിത് ഷാ വിഭാഗത്തിന്റെ ഏകാധിപത്യ നടപടിയിലും സംസ്ഥാനത്തെ പാർട്ടി അണികൾക്കുള്ള അമർഷമുണ്ട്. അതുകൊണ്ടു തന്നെ ഇക്കുറി ബി.ജെ.പിക്ക് കാര്യങ്ങൾ അത്ര എളുപ്പമാവില്ലെന്നാണ് സൂചന.

ബി.ജെ.പിയുടെ തീവ്ര ഹിന്ദുത്വ വർഗ്ഗീയതയെ നേരിടാൻ പശുവിനും പശു മൂത്രത്തിനും മുൻഗണന നൽകിയായിരുന്നു കോൺഗ്രസ്സിന്റെ സംസ്ഥാന പ്രകടനപത്രിക. പശു മൂത്രം വാണിജ്യാടിസ്ഥാനത്തിൽ ഉൽപാദിപ്പിക്കുന്നതിന് പശു തൊഴുത്തുകൾ നിർമ്മിക്കും. പശുവിനെ കശാപ്പ് ചെയ്യുന്നതിനെതിരെയുള്ള നിയമത്തിൽ ഭേദഗതി വരുത്തും തുടങ്ങിയ വാഗ്ദാനമാണ് കോൺഗ്രസ്സിന്റ പ്രകടനപത്രികയിലുണ്ടായിരുന്നത്. മദ്ധ്യപ്രദേശിൽ കമൽ നാഥിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തിയതിനു ശേഷം പശുവിനെ കശാപ്പ് ചെയ്തുവെന്ന് ആരോപിച്ച് ദേശീയ സുരക്ഷ നിയമ (എൻ.എസ്.എ) പ്രകാരം മൂന്നു പേരെ അറസ്റ്റ് ചെയ്ത നടപടി ഏറെ വിമർശനത്തിന് ഇടയാക്കിയിരുന്നു. മദ്ധ്യപ്രദേശിലെ കോൺഗ്രസ് സർക്കാരിന്റെ നടപടി തെറ്റാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം അടക്കമുള്ളവർ പരസ്യമായി പറയുകയും ചെയ്തു. ബി.ജെ.പിയെ തെരഞ്ഞെടുപ്പിൽ നേരിടാനായി സംഘപരിവാർ തന്ത്രങ്ങൾ തന്നെ കടമെടുക്കുന്ന കോൺഗ്രസ് രീതി, ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന് എത്രത്തോളം ഗുണം ചെയ്യുമെന്ന് കാണേണ്ടതാണ്.

സംസ്ഥാന ജനസംഖ്യയുടെ ഗണ്യമായ ദലിത് വിഭാഗങ്ങളെയും മുസ്ലിം ജനവിഭാഗങ്ങളെയും പരിഗണിക്കാതെയാണ് കോൺഗ്രസ് ഇക്കുറി സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കിയിരിക്കുന്നത്. ഉയർന്ന ജാതി ഹിന്ദുക്കളുടെ വോട്ട് പൂർണ്ണമായും കോൺഗ്രസ്സിനെ പിന്തുണക്കില്ലെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തിൽ ദലിത്, മുസ്ലിം വോട്ടുകൾ കൂടി കോൺഗ്രസ്സിനെ കയ്യൊഴിഞ്ഞാൽ കോൺഗ്രസ്സിന്റെ പശു രാഷ്ട്രീയം ബി.ജെ.പിക്ക് മേൽ ആധിപത്യം നേടാതെ വരുമെന്ന ഭയം കോൺഗ്രസ്സിലെ ഒരു വിഭാഗത്തിനുണ്ട്.

Read More >>