മഥുരാപുരിയില്‍ വോട്ട് മോദിക്ക്!

ഹേമമാലിനിയോ എന്ന ചോദ്യത്തിന് മഥുരക്കാർക്കിടയിൽ പ്രസക്തിയേ ഇല്ല. ബോളിവുഡിലെ താരപ്രഭയിൽ കണ്ണഞ്ചി കുത്തിയതല്ല അവരുടെ വോട്ട്. വോട്ട് മോദിക്കാണ്. ബി.ജെ.പി പോലും അതിനു പിന്നിലേ വരൂ- യു.പിയിലെ മഥുരയില്‍ നിന്ന് എം അബ്ബാസ്

മഥുരാപുരിയില്‍ വോട്ട് മോദിക്ക്!

എം അബ്ബാസ്

ചാണകവും പാൻതുപ്പലും പറ്റിയൊട്ടിയ നിരത്തിലേക്ക് ഒരിക്കൽക്കൂടി നീട്ടിത്തുപ്പി ഓട്ടോഡ്രൈവർ രാഹുൽ കശ്യപ് ആവർത്തിച്ചു പറഞ്ഞു. 'ഇത്തവണ മോദി ജയിക്കും'. പുലർച്ചെ മസാലച്ചായ മോന്തവെ ദേവിസിങ്ങും അതുതന്നെ പറഞ്ഞു. 'ഞാൻ വോട്ടു ചെയ്തത് ഗട്ബന്ധനാണ്. എങ്കിലും മോദി ജയിക്കും'. ഈ നഗരത്തിൽ എല്ലാവരും പറയുന്നത് ഒന്നാണ്, മോദിജി ജീതേഗാ(മോദി ജയിക്കും). അപ്പോൾ

ഹേമമാലിനിയോ എന്ന ചോദ്യത്തിന് മഥുരക്കാർക്കിടയിൽ പ്രസക്തിയേ ഇല്ല. ബോളിവുഡിലെ താരപ്രഭയിൽ കണ്ണഞ്ചി കുത്തിയതല്ല അവരുടെ വോട്ട്. വോട്ട് മോദിക്കാണ്. ബി.ജെ.പി പോലും അതിനു പിന്നിലേ വരൂ.

പാതിരാവ് പിന്നിട്ടിരുന്നു മഥുരയിലെത്തിയെപ്പോൾ. ആ നേരത്തും ഗോപിക്കുറിതൊട്ട പശുക്കൾ അലസമലസം തെരുവിലലയുന്നുണ്ട്. കൃഷ്ണന്റെ ജന്മഭൂമിയാണ് മഥുര. ക്ഷേത്രങ്ങളുടെ ഭൂമിക. ചുറ്റുവട്ടത്തു തന്നെയുണ്ട് നിരവധി അമ്പലങ്ങൾ. ശ്രീകൃഷ്ണ ജന്മസ്ഥാൻ, ശ്രീദ്വാരകാധീശ്, പ്രേംമന്ദിർ, ശ്രീസ്വാമി നാരായൺ, ഗോവർദ്ധൻ. അങ്ങനെയങ്ങനെ. മിക്ക കടകളിലും കാണാം കണ്ണന്റെ ലീലകൾ പതിച്ചുവച്ച ചിത്രങ്ങൾ. തെരുവിൽ നിന്നു കേൾക്കാം ഏയ് ഭഗ്‌വാൻ മന്ത്രങ്ങൾ.

വിശ്വാസവും രാഷ്ട്രീയവും കൂടിക്കുഴഞ്ഞ്

വിശ്വാസവും രാഷ്ട്രീയവും കൂടിക്കുഴഞ്ഞു കിടക്കുകയാണ് ഈ മണ്ണിൽ. മഥുരയിൽ നിന്ന് വൃന്ദാവനിലേക്കുള്ള യാത്രയിൽ ഇത്തവണ ആര് ജയിക്കുമെന്ന അഭിഭാഷകൻ കെ.കെ ഗുപ്തയോടുള്ള ചോദ്യത്തിന്, കണ്ണടച്ച നേരം കൊണ്ട് മറുപടി പറഞ്ഞത് ഭാര്യ ബീന ഗുപ്തയാണ്. 'ഇവിടെ ബി.ജെ.പി ജയിക്കും'. 'പട്ടേലിനു ശേഷം വന്ന ശക്തനായ നേതാവാണ് മോദി. രാജ്യത്തെ നിയന്ത്രിക്കാനുള്ള ശേഷിയുള്ള നേതാവാണ് അദ്ദേഹം. കോൺഗ്രസ് ഇപ്പോഴും പറയുന്നത് ഗരീബി ഹഠാവോ എന്നാണ്. ഇതു തന്നെയല്ലേ നേരത്തെയും പറഞ്ഞു കൊണ്ടിരുന്നത്. ഇവിടെ മോദിക്കു പുറമേ, ജാട്ട് വോട്ടുകൾ കൂടി നിർണ്ണായകമാണ്. അതു ബി.ജെ.പിക്കു കിട്ടും.പ്രിയങ്കയുടെ വരവ് ഒരു ചലനവുമുണ്ടാക്കില്ല. ഇന്ദിരയുടെ മുഖമുള്ളതു കൊണ്ട് എങ്ങനെ വോട്ടുകിട്ടാനാണ്' - ഗുപ്ത ചോദിച്ചു.

കോൺഗ്രസ് അറുപത് വർഷം കൊണ്ട് ചെയ്ത കാര്യങ്ങൾ മോദി അഞ്ചുവർഷം കൊണ്ടു ചെയ്തുവെന്ന് ബീന ഗുപ്ത മേനി പറഞ്ഞു. മഥുരയിൽ മുസ്‌ലിം വോട്ടു വരെ ബി.ജെ.പിക്കു കിട്ടുമെന്ന് പറഞ്ഞ അവർ സബ്കാ സാഥ്, സബ് കാ വികാസ് എന്ന മോദി മുദ്രാവാക്യം പലതവണ ആവർത്തിച്ചു. ഇടയിൽ ഓട്ടോയിൽ കയറിയ മുസ്‌ലിം യുവതി രവീണ കോൺഗ്രസിനാണ് വോട്ടു നൽകിയത് എന്ന് പറഞ്ഞെങ്കിലും കോൺഗ്രസ് ജയിക്കുമോ എന്ന ചോദ്യത്തിന് അവർക്കും മറുപടിയില്ല. വൃന്ദാവനിൽ ലസ്സിക്കട നടത്തുന്ന ദിനേശ് ശർമ്മയും തറപ്പിച്ചു പറയുന്നു. മോദി ജയിക്കും.

വൃന്ദാവനിൽ നിന്ന് ഇടുങ്ങിയ തെരുവിലൂടെ യമുനാ നദീതീരത്തെത്തി. പൂണൂൽ ധരിച്ച കുറ പേർ മെല്ലിച്ചു തളർന്ന യമുനയിൽ കുളിക്കുന്നുണ്ട്. വീർത്തവയറിൽ സോപ്പു തേയ്ക്കവേ ബിഹാറിയായ ഗഗൻദേവ് ജാദവ് പറഞ്ഞതിങ്ങനെ; 'മോദി ജയിക്കുമെന്നാണ് തോന്നുന്നത്. കടുത്ത മത്സരമാണ്. എനിക്ക് ബിഹാറിലാണ് വോട്ട്'. യമുനയിൽ മുങ്ങിനിവർന്ന ഇടവേളയിൽ മനോജ്കുമാർ മോദിയല്ലാതെ ഇത്തവണ ആരും ജയിക്കില്ല എന്ന് തറപ്പിച്ചു പറഞ്ഞു.

സംശയമില്ലാതെ ബി.ജെ.പി

കൃഷ്ണന്റെ ഭൂമിയിൽ ജയിക്കുമെന്നതിന് ബി.ജെ.പിക്ക് സംശയങ്ങളൊന്നുമില്ല. നഗരത്തിന്റെ മനസ്സ് ബി.ജെ.പിക്കൊപ്പം തന്നെ. ഹെലികോപ്ടറിൽ വന്ന് ഗോതമ്പു പാടത്ത് ഫോട്ടോഷൂട്ട് നടത്തിയതും വെയിലുകൊള്ളാതെ എസ്.യുവിൽ വന്ന് കൈവീശിക്കാണിച്ചുപോയതും ഈ നാട്ടുകാരെ ഏശിയ മട്ടില്ല. കാരണം ഇവർ വോട്ടു ചെയ്യുന്നത് ഹേമമമാലിനിക്കല്ല, മോദിക്കാണ്. 2104ൽ ജയന്ത് ചൗധരിയെ അട്ടിമറിച്ചാണ് മണ്ഡലത്തിൽ ബോളിവുഡിലെ സ്വപ്‌നസുന്ദരി വിജയം കണ്ടത്. അതും മൂന്നര ലക്ഷത്തോളം വോട്ടിന്. ഇത്തവണ കോൺഗ്രസിലെ മഹേഷ് പഥകും ഗട്ബന്ധന്റെ നരേന്ദർ സിങുമാണ് ഹേമയെ എതിരിടുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ രണ്ടാം ഘട്ടത്തിലാണ് മഥുരയിലെ വോട്ട്പെട്ടിയിലായത്. അത്ഭുതങ്ങൾ എന്തെങ്കിലും മഥുര ഒളിപ്പിച്ചു വച്ചിട്ടുണ്ടാകുമോ? അതിന് 23 വരെ കാത്തിരിക്കണം.

Next Story
Read More >>