അമേഠിയില്‍ എരിവുപകരാന്‍ സരിത, ചിഹ്നം പച്ചമുളക്‌

അഞ്ചാംഘട്ടത്തില്‍ കൂടുതല്‍ ക്രിമിനല്‍ കേസുള്ള സ്ഥാനാര്‍ത്ഥിയും സരിത

അമേഠിയില്‍ എരിവുപകരാന്‍ സരിത, ചിഹ്നം പച്ചമുളക്‌

എം.അബ്ബാസ്

അമേഠി: അമേഠി ലോക്‌സഭാ മണ്ഡലത്തിൽ രാഹുൽഗാന്ധിക്കെതിരേ മത്സരിക്കുന്ന മലയാളി സരിത എസ്. നായരുടെ ചിഹ്നം പച്ചമുളക്. സ്വതന്ത്രയായാണ് ഇവർ ജനവിധി തേടുന്നത്. തിരുവനന്തപുരം മലയിൻകീഴ് വിളവൂർക്കലിലെ വീട്ടുവിലാസത്തിലാണ് ഇവർ അമേഠിയിൽ പത്രിക സമർപ്പിച്ചിട്ടുള്ളത്. തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുന്ന അമേഠിയിൽ രാഹുൽ അടക്കം 27 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. അഞ്ചാംഘട്ടത്തിൽ യു.പിയിൽ ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ ഉള്ളതും അമേഠിയിൽ തന്നെ. രാജ്‌നാഥ് സിങ് മത്സരിക്കുന്ന ലഖ്‌നൗ, സോണിയാഗാന്ധി ജനവിധി തേടുന്ന റായ്ബറേലി, ഗോണ്ട എന്നീ മണ്ഡലങ്ങളിൽ 15 വീതം സ്ഥാനാർത്ഥികൾ ഉണ്ട്. മൊത്തം 14 മണ്ഡലങ്ങളാണ് യു.പിയിൽ ഈ ഘട്ടത്തിൽ ബൂത്തിലെത്തുക. സ്മൃതി ഇറാനി, മുൻ കേന്ദ്രമന്ത്രി ജിതിൻ പ്രസാദ, മുൻ യു.പി പി.സി.സി അദ്ധ്യക്ഷൻ നിർമൽ ഖത്രി എന്നിവരാണ് ഈ ഘട്ടത്തിൽ ജനവിധി തേടുന്ന മറ്റു പ്രമുഖർ.

സന്നദ്ധസംഘടനയായ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന്റെ പഠനപ്രകാരം അഞ്ചാം ഘട്ടത്തിൽ ഏറ്റവും കൂടുതൽ ക്രിമിനൽ കേസ് ഉള്ള സ്ഥാനാർത്ഥിയും സരിത നായരാണ്. വിശ്വാസവഞ്ചന, വഞ്ചന തുടങ്ങിയവയാണ് ഇവർക്കെതിരേ ചുമതപ്പെട്ട പ്രധാന വകുപ്പുകൾ. മൊത്തം 126 സ്ഥാനാർത്ഥികളാണ് ഈ ഘട്ടത്തിൽ ക്രിമിനൽ പശ്ചാത്തലമുള്ളവർ. 184 പേർ കോടിപതികളാണ്. ഏറ്റവും കൂടുതൽ ക്രിമിനൽ കേസുകളുള്ള സ്ഥാനാർത്ഥികൾ സമാജ് വാദി പാർട്ടിയിൽ നിന്നാണ്. 78 ശതമാനം സ്ഥാനാർത്ഥികളും ക്രിമിനലുകൾ. അഴിമതി, കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, സ്ത്രീകൾക്കെതിരേയുള്ള അതിക്രമം തുടങ്ങിയ ഗൗരവമായ കേസുകളാണ് മിക്കവർക്കുമെതിരേയുള്ളത്. ബി.ജെ.പിയുടെ 46 ഉം കോൺഗ്രസിന്റെ 31ഉം ശതമാനം സ്ഥാനാർത്ഥികൾക്കുമെതിരേ ക്രിമിനൽ കേസുണ്ട്.

രാഹുൽഗാന്ധിയും ബി.ജെ.പി നേതാവ് സ്മൃതി ഇറാനിയും നേർക്കുനേർ നിൽക്കുന്ന അമേഠിയിലെ പോരാട്ടത്തിൽ സരിത അടക്കമുള്ള സ്വതന്ത്ര സ്ഥാനാർത്ഥികൾക്ക് കാഴ്ചക്കാരുടെ റോളാണ്. ഏതു വിധേനയും അമേഠി പിടിച്ചടക്കാനാണ് ബി.ജെ.പി ശ്രമം. പരസ്യപ്രചാരണത്തിന്റെ അവസാന ദിനമായ ഇന്ന് മണ്ഡലത്തിൽ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ റോഡ് മണ്ഡലത്തിൽ റോഡ് ഷോ നടത്തുന്നുണ്ട്. രണ്ടു ദിവസമായി രാഹുലിനുവേണ്ടി പ്രിയങ്കഗാന്ധിയും മണ്ഡലത്തിൽ സജീവം.

നേരത്തെ രാഹുൽഗാന്ധി മത്സരിക്കുന്ന വയനാട്ടിലും സരിത പത്രിക സമർപ്പിച്ചിരുന്നു. എന്നാൽ ചില രേഖകൾ ഹാജരാക്കാനായില്ല എന്ന് ചൂണ്ടിക്കാട്ടി പത്രിക തള്ളുകയായിരുന്നു. ഇതേ കാരണത്താൽ എറണാകുളത്ത് സമർപ്പിച്ച പത്രികയും തള്ളിയിരുന്നു. 28 ക്രിമിനൽ കേസുകൾ ഉണ്ട് എന്നാണ് പത്രികയിൽ പറഞ്ഞിരുന്നത്.

Next Story
Read More >>