റെക്കോഡ് തുകയ്ക്ക് എംബാപ്പെ റയലിലേക്ക്

ക്രിസ്റ്റിയാനോ റൊണാൾഡോ ടീം വിട്ടതോടെ ടീമിലുണ്ടായ വിടവ് നികത്താൻ എംബാപ്പെയ്ക്ക് സാധിക്കുമെന്നാണ് പരിശീലകൻ സിനദിൻ സിദാൻ പ്രതീക്ഷിക്കുന്നത്.

റെക്കോഡ് തുകയ്ക്ക് എംബാപ്പെ റയലിലേക്ക്

മാഡ്രിഡ്: കൈമാറ്റ ജാലകത്തിൽ പുത്തൻ റെക്കോഡ് കുറിക്കാൻ റയൽ മാഡ്രിഡ്. പി.എസ്.ജിയിൽ നിന്ന് ഫ്രഞ്ച് സ്‌ട്രൈക്കർ കെയ്‌ലിയൻ എംബാപ്പയെ റെക്കോഡ് തുകയ്ക്ക് ടീമിലെത്തിക്കാനാണ് റയലിന്റെ നീക്കം. ക്രിസ്റ്റിയാനോ റൊണാൾഡോ ടീം വിട്ടതോടെ ടീമിലുണ്ടായ വിടവ് നികത്താൻ എംബാപ്പെയ്ക്ക് സാധിക്കുമെന്നാണ് പരിശീലകൻ സിനദിൻ സിദാൻ പ്രതീക്ഷിക്കുന്നത്. ചെൽസിയിൽ നിന്ന് ഏദൻ ഹസാർഡിനെ ടീമിലെത്തിക്കാനുള്ള ശ്രമം പരാജയപ്പെട്ടതായാണ് വിവരം.

കൈമാറ്റ ജാലകത്തിൽ വിലക്ക് നേരിടുന്ന ചെൽസിയിൽ തുടരാനാണ് ഹസാർഡിന്റെ തീരുമാനം. ഫ്രഞ്ച് ലീഗിൽ തകർത്തു കളിക്കുന്ന എംബാപ്പെ റയലിലേക്ക് വരാൻ സന്നദ്ധത അറിയിച്ചതായാണ് റിപ്പോർട്ട്. അടുത്ത സീസണിൽ ഗാരത് ബെയ്‌ലിനെ റയൽ പുറത്താക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. സിദാന്റെ പദ്ധതികൾക്കനുസരിച്ച് കളിക്കാനുള്ള കായിക ക്ഷമത ബെയ്‌ലിനില്ല. മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് പോൾപോഗ്ബയെയും ടീമിലെത്തിക്കാനും റയൽ ആലോചിക്കുന്നു. ഈ സീസണിലെ ലാ ലിഗയിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട റയൽ ചാമ്പ്യൻസ് ലീഗിലും നിരാശപ്പെടുത്തി. ക്വാർട്ടറിൽ അയാക്സിനോടാണ് റയൽ പരാജയപ്പെട്ടത്. അടുത്ത സീസണിൽ റയൽ പ്രതാപത്തോടെ തിരിച്ചെത്തുമെന്ന് സിദാൻ വ്യക്തമാക്കിയിട്ടുണ്ട്.

Read More >>