മാഞ്ചസ്റ്റര്‍ യുണൈറ്റഡിലും പൊട്ടിത്തെറി: സോൾഷെയറിന്റെ സീറ്റ് തെറിച്ചേക്കും

ജോസ് മൗറീഞ്ഞോയുടെ പകരക്കാരനായി രാജകീയമായാണ് മുൻ യുണൈറ്റഡ് താരം കൂടിയായ സോൾഷെയർ ടീമിന്റെ പരിശീലകനായത്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിലും പൊട്ടിത്തെറി: സോൾഷെയറിന്റെ സീറ്റ് തെറിച്ചേക്കും

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിന് കൊടിയിറങ്ങിയതോടെ വിവാദങ്ങളും തലപൊക്കുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകസ്ഥാനത്ത് നിന്ന് സോൾഷെയറിന് പുറത്താക്കാനൊരുങ്ങുന്നതായാണ് പുതിയ വിവരം. സോൾഷെയറിന്റെ തന്ത്രങ്ങൾ യുണൈറ്റഡിന് അനുയോജ്യമല്ലെന്ന തരത്തിൽ ഇതിനോടകം വലിയ ആക്ഷേപമാണ് ഉയരുന്നത്. ജോസ് മൗറീഞ്ഞോയുടെ പകരക്കാരനായി രാജകീയമായാണ് മുൻ യുണൈറ്റഡ് താരം കൂടിയായ സോൾഷെയർ ടീമിന്റെ പരിശീലകനായത്. താൽക്കാലികമായി ചുമതലയേറ്റ അദ്ദേഹത്തിന് കീഴിൽ മികച്ച തുടക്കമായിരുന്നു ടീമിന്റേത്. ഭിന്നിച്ചുനിന്ന ടീമിനെ ഒത്തൊരുമയോടെ കൊണ്ടുപോകാൻ സോൾഷെയറിനായി. ആദ്യ 19 മത്സരത്തിൽ 14 മത്സരങ്ങളിലും ടീമിനെ വിജയത്തിലെത്തിക്കാൻ സോൾഷെയറിനായി. രണ്ട് മത്സരം സമനില വഴങ്ങിയപ്പോൾ മൂന്ന് മത്സരം തോറ്റു.ഇടഞ്ഞുനിന്ന പോഗ്ബയ്ക്ക് കൂടുതൽ ഉത്തരവാദിത്തം നൽകി അദ്ദേഹം കൈയടി നേടി. 40 ഗോളാണ് ഈ സമയത്ത് യുണൈറ്റഡ് അടിച്ചെടുത്തത്. വഴങ്ങിയത് 17 ഗോളും. ഏഴ് ക്ലീൻ ഷീറ്റും ലഭിച്ചു. ടീമിന്റെ മികച്ച പ്രകടനം വിലയിരുത്തി മാർച്ച് 28ന് സോൾഷെയറിനെ സ്ഥിര പരിശീലകനായി യുണൈറ്റഡ് നിയമിച്ചു.ഇതോടെ ടീമിന്റെ പ്രതിസന്ധിയും തുടങ്ങി. സ്ഥിര പരിശീലകനായ ശേഷം 10 മത്സരത്തിൽ രണ്ട് തവണ മാത്രമാണ് യുണൈറ്റഡിന് വിജയം നേടാനായത്. രണ്ട് മത്സരം സമനിലയായപ്പോൽ ആറ് മത്സരങ്ങളിൽ തോറ്റു. അടിച്ചെടുത്തത് വെറും ഏഴ് ഗോളുകൾ.വഴങ്ങിയത് 18 ഗോളും. ഒരു ക്ലീൻഷീറ്റ്‌പോലുമില്ല.

പോൾ പോഗ്ബയുടെ റയൽ മാഡ്രിഡിലേക്കുള്ള കൂടുമാറ്റമാണ് ടീമിനെ പ്രതിസന്ധിയിലാക്കുന്നത്. പോഗ്ബയുമായുള്ള അഭിപ്രായ ഭിന്നതയാണ് യുണൈറ്റഡിൽ നിന്ന് മൗറീഞ്ഞോയുടെ സീറ്റുതെറിപ്പിച്ചത്. ടീമിലെ മുഖ്യസ്ഥാനം പോഗ്ബയ്ക്ക് നൽകിയിരുന്നെങ്കിലും അദ്ദേഹം ടീം വിടാൻ തീരുമാനിച്ചത് ടീമിനെ ആശങ്കപ്പെടുത്തുന്നു. ടീമിൽ തുടരാൻ വലിയ പ്രതിഫലമാണ് പോഗ്ബ ആവശ്യപ്പെട്ടത്. ഇത് നൽകാതെ കരാർ പുതുക്കില്ലെന്നാണ് പോഗ്ബയുടെ നിലപാട്. റയൽ മാഡ്രിഡിലേക്ക് പോകാൻ താൽപ്പര്യം പ്രകടിപ്പിച്ച പോഗ്ബയുടെ കൂടുമാറ്റം ഉടൻ തന്നെ നടക്കാനാണ് സാധ്യത.അവസാന മത്സരത്തിൽ കാർഡിഫിനോട് തോറ്റശേഷം കൈ കൂപ്പി ആരാധകരോട് മാപ്പുപറഞ്ഞ് പോഗ്ബ മടങ്ങിയത് ടീം വിടുന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. ഈ സീസണിൽ ആറാം സ്ഥാനക്കാരായ യുണൈറ്റഡിന് ചാമ്പ്യൻസ് ലീഗ് യോഗ്യതയും ലഭിച്ചില്ല.

Read More >>