അദ്ധ്യാപനത്തിന്റെ മഹത്വം മറന്നവര്‍

അദ്ധ്യാപനത്തിന്റെ ലക്ഷ്യം വിജ്ഞാനവിനിമയം മാത്രമല്ല മൂല്യബോധം വിദ്യാർത്ഥികളിലേക്ക് പകർന്നു നൽകൽ കൂടിയാണെന്ന കാര്യം ഈ അദ്ധ്യാപകർ മറക്കുകയായിരുന്നു. അദ്ധ്യാപകർക്കിടയിൽ മൂല്യചോർച്ചയുണ്ടാവുന്നോ എന്ന ആശങ്ക ജനിപ്പിക്കുന്നതു കൂടിയാണത്‌

അദ്ധ്യാപനത്തിന്റെ മഹത്വം മറന്നവര്‍

മറ്റൊരാളുടെ സ്വഭാവവും കഴിവും ഒപ്പം ഭാവിയും രൂപപ്പെടുത്തുന്ന മഹനീയ തൊഴിലാണ് അദ്ധ്യാപനം. ഒരു നല്ല അദ്ധ്യാപകനായാണ് എന്നെ ജനങ്ങൾ ഓർക്കുന്നതെങ്കിൽ അത് എനിക്കുള്ള ഏറ്റവും വലിയ ബഹുമതിയായിരിക്കും-മുൻ രാഷ്ട്രപതി അന്തരിച്ച ഡോ. എ.പി.ജെ അബ്ദുൾകലാമിന്റെ പ്രശസ്തമായ ഈ വാക്കുകൾ അദ്ധ്യാപക തൊഴിലിന്റെ മഹത്വം ഊന്നിപറയുന്നതാണ്.

നാണക്കേടിന്റെ വിഴുപ്പ് ഭാണ്ഡം പേറിയവരെന്ന നിലയ്ക്കാണ് കോഴിക്കോട് നീലേശ്വരം മേഖലയിലെ മൂന്ന് അദ്ധ്യാപകരും അറിയപ്പെടുക. അവരുടെ പ്രവൃത്തി അദ്ധ്യാപക സമൂഹത്തിന് തന്നെ പേരുദോഷമുണ്ടാക്കുന്നതാണ്. നീലേശ്വരം ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപകനും കഴിഞ്ഞ ഹയർ സെക്കൻഡറി പരീക്ഷയിലെ അഡീഷനൽ ഡെപ്യൂട്ടി ചീഫുമായ നിഷാദ് വി മുഹമ്മദ് ആണ് മുഖ്യ ആരോപിതൻ. ആൾമാറാട്ടം നടത്തിയതിന് ഈ അദ്ധ്യാപകനും ഇയാളെ സഹായിച്ചതിന് മറ്റു രണ്ട് അദ്ധ്യാപകർക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുകയാണ്. മൂന്നുപേരെയും ഹയർ സെക്കൻഡറി എഡ്യൂക്കേഷൻ ഡയറക്ടറേറ്റ് സസ്‌പെന്റ് ചെയ്തിട്ടുമുണ്ട്.

മാർച്ചിൽ നടന്ന പരീക്ഷയിൽ രണ്ട് വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് പേപ്പർ പൂർണമായി എഴുതുകയും 32 വിദ്യാർത്ഥികളുടെ ഉത്തരപേപ്പർ തിരുത്തുകയും ചെയ്തതായാണ് കണ്ടെത്തിയത്. ഹയർ സെക്കൻഡറി ഡയറക്ടറേറ്റിന്റെ അന്വേഷണത്തിൽ കുട്ടികൾക്ക് വേണ്ടി പരീക്ഷയെഴുതുകയും തിരുത്തുകയും ചെയ്തത് നിഷാദ് വി മുഹമ്മദാണെന്ന് ബോദ്ധ്യപ്പെടുകയായിരുന്നു. മൂല്യ നിർണയക്യാമ്പിൽ ഇംഗ്ലീഷ് ഉത്തരക്കടലാസ് നോക്കിയ അദ്ധ്യാപകന് രണ്ടു കുട്ടികളുടെയും കൈയക്ഷരത്തിൽ സംശയം തോന്നിയതാണ് അന്വേഷണത്തിലേക്ക് നയിച്ചത്. മുതിർന്നവരും കൂടുതൽ പഠിപ്പുള്ളവരുമായ ആരോ ആണ് കുട്ടികൾക്ക് വേണ്ടി ഉത്തരക്കടലാസുകൾ എഴുതിയതെന്നായിരുന്നു സംശയം. ഹയർസെക്കൻഡറി പരീക്ഷാബോർഡ് നടത്തിയ തെളിവെടുപ്പിൽ നിഷാദ് വി മുഹമ്മദിനെതിരെ ശക്തമായ സൂചന ലഭിക്കുകയായിരുന്നു. തങ്ങൾക്ക് വേണ്ടി അദ്ധ്യാപകൻ ഉത്തരക്കടലാസ് തിരുത്തിയതിനെക്കുറിച്ച് യാതൊന്നുമറിയില്ലെന്നും തങ്ങൾക്ക് അക്കാര്യത്തിൽ ഒരു ബന്ധവുമില്ലെന്നുമാണ് വിദ്യാർത്ഥികൾ പറയുന്നത്. പിന്നെ ആരുടെ പ്രേരണപ്രകാരമാണ് അദ്ധ്യാപകൻ ഉത്തരക്കടലാസ് പൂർണമായി മാറ്റിയെഴുതിയത്. എന്തായിരുന്നു അതിനുള്ള പ്രത്യുപകാരം?

അദ്ധ്യാപകൻ കുട്ടികളെ സഹായിച്ചതിന് പിന്നിൽ സാമ്പത്തിക ലക്ഷ്യമുണ്ടോ? ഇക്കാര്യത്തിൽ സമഗ്ര അന്വേഷണം അനിവാര്യമാണ്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്ന് ഹയർസെക്കൻഡറി ഡയറക്ടർ ഡി.ജി.പിയോട് ആവശ്യപ്പെട്ടത് സ്വാഗതാർഹമാണ്. നിഷാദ് വി മുഹമ്മദ് മുൻ വർഷങ്ങളിലും വിദ്യാർത്ഥികളുടെ ഉത്തരക്കടലാസ് തിരുത്തി എഴുതിയതായി സൂചനയുണ്ടത്രെ. പഠനത്തിൽ പിന്നാക്കം നില്ക്കുന്ന കുട്ടികൾക്ക് അവരുടെ സമ്മതത്തോടെ സഹായങ്ങൾ ചെയ്തുവെന്നാണ് അദ്ധ്യാപകന്റെ പ്രതികരണം. ഇത് എത്രത്തോളം വിശ്വാസയോഗ്യമാണെന്ന് അന്വേഷണത്തിലാണ് മനസ്സിലാവേണ്ടത്.

കുട്ടികളുടെ ജീവിതത്തിൽ തന്നെ ഏറെ സ്വാധീനം അദ്ധ്യാപകർക്കുണ്ടാവും. മികച്ച രീതിയിൽ പഠിച്ച് ഭാവി ശോഭനമാക്കാൻ അദ്ധ്യാപകൻ കുട്ടികളെ പ്രേരിപ്പിച്ചുകൊണ്ടിരിക്കും. വിദ്യാർത്ഥികൾക്ക് മാതൃകയായി തീരാറുണ്ട് പല അദ്ധ്യാപകരും. നീലേശ്വരത്തെ ഈ അദ്ധ്യാപകർ ഏത് തരം മാതൃകയാണ് കുട്ടികളുടെ മനസ്സിൽ ജനിപ്പിക്കുക! അദ്ധ്യാപനത്തിന്റെ ലക്ഷ്യം വിജ്ഞാനവിനിമയം മാത്രമല്ല മൂല്യബോധം വിദ്യാർത്ഥികളിലേക്ക് പകർന്നു നൽകൽ കൂടിയാണെന്ന കാര്യം ഈ അദ്ധ്യാപകർ മറക്കുകയായിരുന്നു. തങ്ങൾക്ക് പേരുദോഷം ഉണ്ടാക്കുന്ന ഇത്തരം ഹീന വൃത്തികൾ സഹപ്രവർത്തകരിൽ നിന്നുണ്ടാവാതിരിക്കാൻ അദ്ധ്യാപകസമൂഹം തന്നെ രംഗത്തുവരികയും ജാഗ്രത പുലർത്തുകയും വേണം. അടുത്തിരിക്കുന്നയാളുടെ ഉത്തരക്കടലാസ് നോക്കിയെഴുതുകയും തുണ്ടുകടലാസിൽ എഴുതിക്കൊണ്ടുവന്ന് ഉത്തരക്കടലാസിലേക്ക് പകർത്തുകയുമൊക്കെയായിരുന്നു മുമ്പ് വിദ്യാർത്ഥികൾക്കിടയിലുണ്ടായിരുന്ന കോപ്പിയടി വേലകൾ. അതിൽ പിടിക്കപ്പെടുന്നവർ ഡീ ബാർ ചെയ്യപ്പെടാറുമുണ്ട്. എന്നാൽ അദ്ധ്യാപകൻ തന്നെ വിദ്യാർത്ഥിക്കു വേണ്ടി ഉത്തരക്കടലാസ് എഴുതുന്ന സംഭവം അത്യപൂർവമാണ്. അതുകൊണ്ട് തന്നെ ഗൗരവത്തോടെ അത് കൈകാര്യം ചെയ്യപ്പെടണം.

വിജയശതമാനം ഉയർത്തിക്കാണിക്കാൻ പരീക്ഷാഹാളിൽ ഒന്നും കണ്ടില്ലെന്ന് നടിക്കുന്ന ഏർപ്പാട് ചില സ്വകാര്യ സ്‌കൂളുകളിലുണ്ടെന്ന് ആരോപണമുയരാറുണ്ടായിരുന്നു. അദ്ധ്യാപകന്റെ ആൾമാറാട്ടം നടന്നതു സർക്കാർ സ്‌കൂളിലാണ്. അവിടെ അത്തരമൊരു സാദ്ധ്യതയുണ്ടാവാനിടയില്ല. ഇതാണ് അദ്ധ്യാപകന്റെ പ്രവൃത്തിക്ക് പിന്നിൽ സാമ്പത്തിക ലക്ഷ്യമായിരുന്നു എന്ന സംശയമുയർത്തുന്നത്.

ബിഹാറിൽ പരിക്ഷാഹാളിൽ കോപ്പിയടിക്ക് രക്ഷിതാക്കൾ തുണയായി നിന്നത് ദേശീയ മാദ്ധ്യമങ്ങളിൽ മുമ്പ് പ്രാമുഖ്യം നേടിയ വാർത്തയായിരുന്നു. ഏറെ ചർച്ചാവിഷയമായ മറ്റൊന്നായിരുന്നു വ്യാപം അഴിമതി. മദ്ധ്യപ്രദേശ് വ്യവസായിക് പരീക്ഷാ മണ്ഡൽ വിവിധ കോഴ്‌സുകൾക്കും ജോലികൾക്കുമായി നടത്തിയ പരീക്ഷയിൽ ക്രമക്കേട് നടത്തിയെന്നതാണ് വ്യാപം കേസ്. 2007 മുതൽ അഴിമതി തുടങ്ങിയെങ്കിലും 2013ൽ മാത്രമാണ് വിശദാംശങ്ങൾ പുറത്തുവന്നത്. 2000 കോടി രൂപയോളം കൈക്കൂലിയായി വാങ്ങി എന്ന് കണ്ടെത്തിയിരുന്നു. എന്നാൽ അസാധാരണത്വത്തിൽ നീലേശ്വരം അദ്ധ്യാപകന്റെ നികൃഷ്ട വൃത്തി മുന്നിട്ടുനില്ക്കുന്നു. അദ്ധ്യാപകർക്കിടയിൽ മൂല്യചോർച്ചയുണ്ടാവുന്നോ എന്ന ആശങ്ക ജനിപ്പിക്കുന്നതു കൂടിയാണത്.

Read More >>