സോഫ്റ്റ്‌വെയര്‍ പണിമുടക്കി: ആധാറില്‍ കുടുങ്ങി വിദ്യാര്‍ത്ഥികള്‍

ആധാർ കാർഡിൽ പേരു വിവരങ്ങൾ നൽകിയ സമയത്ത് പല വിവരങ്ങളിലും മറ്റു രേഖകളുമായി വ്യത്യാസമുള്ളവരാണ് ബുദ്ധിമുട്ടുന്നത്.

സോഫ്റ്റ്‌വെയര്‍ പണിമുടക്കി: ആധാറില്‍ കുടുങ്ങി വിദ്യാര്‍ത്ഥികള്‍

തപസ്യ ജയന്‍

കൊച്ചി: സോഫ്റ്റ് വെയർ പണിമുടക്കിയതോടെ ആധാർ സേവനങ്ങൾ ലഭിക്കാത്തതു മൂലം വിദ്യാര്‍ത്ഥികള്‍ ദുരിതത്തില്‍. ആധാർ കാർഡിൽ പേരു വിവരങ്ങൾ നൽകിയ സമയത്ത് പല വിവരങ്ങളിലും മറ്റു രേഖകളുമായി വ്യത്യാസമുള്ളവരാണ് ബുദ്ധിമുട്ടുന്നത്. ആധാർ കാർഡിലെ തെറ്റുകൾ തിരുത്താൻ നിലവിൽ മറ്റു മാർഗമില്ലാത്തതാണ് പ്രശ്‌നം. ഉപരിപഠനത്തിന് പ്രവേശനം നടക്കുന്ന കാലമായതിനാൽ ആധാർ കാർഡിന് ആവശ്യമേറെയാണ്.

ഒന്നാം ക്ലാസിലെ പ്രവേശനം മുതൽ കോളജ് തലം വരെയുള്ള പ്രവേശന പ്രക്രിയയിൽ ആധാർ വിവരങ്ങൾ കൂടി ചേർക്കേണ്ടതുണ്ട്. വിദ്യാഭ്യാസ വകുപ്പിന്റെ പ്രവേശന സോഫ്റ്റ് വെയറിൽ ആധാർ നമ്പർ നൽകിയാണ് വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകുന്നത്. മറ്റേതെങ്കിലും കോഴ്‌സിന് പ്രവേശനം നേടിയിട്ടില്ലെന്ന് ഇതിലൂടെ ഉറപ്പാക്കാൻ സാധിക്കും. കൂടാതെ പ്ലസ് വൺ മുതൽ ബിരുദാനന്തര ബിരുദ പ്രവേശനം വരെയും വിവിധ സ്‌കോളർഷിപ്പ് ലഭ്യമാക്കുന്നതിനും ആധാർ കാർഡ് നിർബന്ധമാണ്. ആധാർ സേവന കേന്ദ്രങ്ങളിൽ ഉപയോഗിക്കുന്ന സോഫ്റ്റ് വെയറായ എൻറോൾമെന്റ് ക്ലയന്റ് മൾട്ടി പ്ലാറ്റ്‌ഫോമാണ് തകരാറിലായത്. നിലവിൽ പുതുതായി ആധാർ എടുക്കൽ, ആധാറിലെ തെറ്റുകൾ തിരുത്തൽ, ബയോമെട്രിക് അപ്‌ഡേറ്റ് തുടങ്ങിയ സേവനങ്ങളാണ് നടപ്പിലാക്കാൻ സാധിക്കാത്തത്.

ആധാർ ഉടമയുടെ കൈവിരലിന്റെ അടയാളം നൽകിയാൽ ഞൊടിയിടയിൽ വിവരങ്ങൾ തിരുത്തി നൽകാനുള്ള സംവിധാനമാണ് എൻ റോൾമെന്റ് ക്ലയന്റ് മൾട്ടി പ്ലാറ്റ്‌ഫോം. എന്നാൽ കഴിഞ്ഞ മൂന്ന് ആഴ്ചയായി സർവർ തകരാറിലാണ്. കഴിഞ്ഞ മാസം 24 ന് സോഫ്റ്റ് വെയർ അപ്‌ഡേറ്റ് ചെയ്തത് മുതലാണ് തകരാർ തുടങ്ങിയത്.

അക്ഷയ സെന്ററുകൾ, പോസ്റ്റ് ഓഫീസുകൾ, എന്‍റോൾമെന്റ് സെന്ററുകൾ എന്നിവിടങ്ങളിൽ നിന്ന് കൂടാതെ ഓൺലൈനായും ആധാറിലെ തെറ്റുകൾ തിരുത്തി പുതിയ വിവരങ്ങൾ നൽകാം. 90 ദിവസത്തിന് ശേഷമാണ് വിവരങ്ങൾ സെർവറിൽ ചേർക്കപ്പെടുന്നത്.

അതിനാൽ സെർവർ തകരാർ പരിഹരിച്ചാൽ തന്നെ വിവരങ്ങൾ ലഭ്യമാകാനുള്ള കാലതാമസം വിദ്യാർത്ഥികളുടെ കോഴ്സ് പ്രവേശത്തെ ബാധിക്കും.

കൂടുതൽ വിദ്യാർത്ഥികളും ആപ്ലിക്കേഷനുകൾ അയക്കുന്നതിനായി അക്ഷയ കേന്ദ്രങ്ങളെയാണ് കൂടുതലായും ആശ്രയിക്കുന്നത്. എന്നാൽ സോഫ്റ്റ് വെയർ തകരാറിലായതോടെ കുട്ടികൾക്ക് മടങ്ങിപോകേണ്ട അവസ്ഥയാണ്.

അപേക്ഷ അയക്കേണ്ട അവസാന തിയ്യതിക്കുള്ളിൽ പ്രശ്‌നം പരിഹരിക്കാനായില്ലെങ്കിൽ തകരാറിലാകുന്നത് വിദ്യാർത്ഥികളുടെ ഭാവിയാണെന്ന് എറണാകുളം അക്ഷയ സെന്റർ സംരംഭകൻ സൽജിത്ത് പട്ടിത്താനം പറഞ്ഞു. അതേസമയം, സോഫ്റ്റ് വെയർ തകരാർ പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നാണ് അറിയാൻ കഴിഞ്ഞത്. പക്ഷേ എപ്പോഴേയ്ക്ക് പ്രശ്‌നം പരിഹരിക്കുമെന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Read More >>