സുഡാനില്‍ പ്രതിപക്ഷവും സൈന്യവും കരാറുണ്ടാക്കി ജനകീയ ഭരണകൂടം സ്ഥാപിക്കുന്നു

ഒമർ അൽ ബഷീറിനെ പുറത്താക്കി കഴിഞ്ഞ മാസമാണ് സൈന്യം ഭരണം കയ്യാളിയത്.

സുഡാനില്‍ പ്രതിപക്ഷവും സൈന്യവും കരാറുണ്ടാക്കി ജനകീയ ഭരണകൂടം സ്ഥാപിക്കുന്നു

ഖാർത്തൂം: ഒമർ അൽ ബഷീറിനെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്താക്കി അധികാരം പിടിച്ചെടുത്ത സൈന്യം ജനകീയ ഭരണകൂടത്തിന് അനുമതി നൽകി. പ്രതിപക്ഷ നേതാക്കളും സൈനിക ഉദ്യോഗസ്ഥരും തമ്മിൽ നടത്തിയ ഉടമ്പടിയുടെ അടിസ്ഥാനത്തിലാണ് ഭരണ കൈമാറ്റം.

മൂന്നു വർഷത്തേക്ക് ജനകീയ ഭരണകൂടത്തിന് അനുമതി നൽകുന്നതാണ് കരാർ. സഖ്യ കക്ഷികൾക്ക് ഭരണകൂടത്തിൽ മൂന്നിൽ രണ്ട് സീറ്റ് ഉണ്ടാകുമെന്ന് ട്രാൻസിഷണൽ മിലിറ്ററി കൗൺസിൽ (ടി.എം.സി) പറഞ്ഞു.

ഒമർ അൽ ബഷീറിനെ പുറത്താക്കി കഴിഞ്ഞ മാസമാണ് സൈന്യം ഭരണം കയ്യാളിയത്. ജനകീയ പ്രക്ഷോഭത്തെ തുടർന്നായിരുന്നു 30 വർഷത്തെ ഭരണത്തിന് ശേഷം ഒമർ അൽ ബഷീറിന് സ്ഥാനം നഷ്ടമായത്. എന്നാൽ, അദ്ദേഹത്തിന് ശേഷം ഭരണം സൈന്യത്തിന്റെ കയ്യിലെത്തിയപ്പോഴും ജനങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തി.

ജനാധിപത്യ ഭരണമാണ് വേണ്ടതെന്നും സൈനിക ഭരണമല്ലെന്നും ആവശ്യപ്പെട്ടായിരുന്നു ജനം തെരുവിലിറങ്ങിയത്. ഇതിനുശേഷമാണ് ഇത്തരമൊരു കരാറിലെത്താൻ സൈന്യം തയ്യാറായത്. പ്രതിപക്ഷ നേതാക്കളും ലഫ്റ്റനന്റ് ജനറൽ യാസർ അൽ അട്ടയും സംയുക്തമായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് സിവിൽ ഭരണകൂടത്തിന് അനുമതി നൽകിയ കാര്യം വെളിപ്പെടുത്തിയത്.

പ്രതിപക്ഷ സഖ്യമായ ഡിക്ലറേഷൻ ഓഫ് ഫ്രീഡം ആൻഡ് ചെയ്ഞ്ച് ഫോൺസ് (ഡി.എഫ്.സി.എഫ്) മായി അടുത്ത 24 മണിക്കൂറിനുള്ളിൽ കരാർ ഒപ്പിടുമെന്ന് ലഫ്. ജന. യാസർ പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പ് നടക്കുന്നതുവരെ ആ ജനകീയ ഭരണകൂടത്തിനായിരിക്കും ചുമതലയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 300 അംഗ ജനകീയ ഭരണകൂടത്തിൽ മൂന്നിൽ രണ്ട് സീറ്റ് ഡി.എഫ്.സി.എഫ് സഖ്യത്തിനും മറ്റുള്ളവ സഖ്യ ഇതര പാർട്ടികൾക്കുമായിരിക്കും. കഴിഞ്ഞദിവസം ഖാർത്തൂമിൽ നടന്ന വെടിവയ്പിൽ ഒരു സൈനിക ഉദ്യോഗസ്ഥനും അഞ്ച് പ്രതിഷേധക്കാരും കൊല്ലപ്പെട്ടിരുന്നു. തിങ്കളാഴ്ച ഖാർത്തൂമിലെ സൈനിക ആസ്ഥാനത്തിനു മുമ്പിലായിരുന്നു സംഭവം. നിരവധി സൈനികർക്കും പ്രക്ഷോഭകർക്കും പരിക്കേറ്റിട്ടുണ്ട്.

പ്രക്ഷോഭകർക്കു നേരെ വെടിവച്ചിട്ടില്ലെന്നാണ് രാത്രി വൈകി പുറത്തിറക്കിയ വാർത്താകുറിപ്പിൽ സൈന്യം പ്രതികരിച്ചത്. എന്നാൽ മനഃപൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കാൻ പ്രതിഷേധക്കാർക്കിടയിൽ ചിലർ ശ്രമിക്കുകയാണെന്നും സൈന്യം ആരോപിച്ചിരുന്നു.

Read More >>