ബംഗാളില്‍ പരക്കെ ആക്രമണം: ബിജെപി നേതാവ് മുകുള്‍ റോയ്‌ക്കെതിരേ ആക്രമണം

സി.പി.എം നേതാക്കളുമായി രഹസ്യ ചർച്ചയ്‌ക്കെത്തിയെന്ന് തൃണമൂൽ ആരോപിക്കുന്ന മുകുൾ റോയ്ക്ക് നേരേ കടുത്ത ആക്രമണമാണുണ്ടായത്.

ബംഗാളില്‍ പരക്കെ ആക്രമണം: ബിജെപി നേതാവ് മുകുള്‍ റോയ്‌ക്കെതിരേ ആക്രമണം

ഞായറാഴ്ച വോട്ടെടുപ്പ് നടക്കാനിരിക്കെ പശ്ചിമ ബംഗാളിൽ ബി.ജെ.പി-തൃണമൂൽ പ്രവർത്തകർ തമ്മിൽ ആക്രമണം കൊടുമ്പിരികൊള്ളുന്നു. ബി.ജെ.പി സ്ഥാനാർത്ഥി സാമിക് ഭട്ടാചാര്യയ്ക്കും ബി.ജെ.പി നേതാവ് മുകുൾ റോയ്ക്കും നേരേ ആക്രമണമുണ്ടായത് സ്ഥിതിഗതികൾ രൂക്ഷമാക്കിയിരിക്കുകയാണ്. ഭട്ടാചാര്യ സഞ്ചരിച്ച കാർ അക്രമികൾ തകർത്തു. തൃണമൂൽ ഗുണ്ടകളാണ് അക്രമിച്ചതെന്ന് ബി.ജെ.പി ആരോപിച്ചു. എന്നാൽ ഭട്ടാചാര്യ കമ്മിഷൻ നിഷ്‌കർഷിച്ച സമയം കഴിഞ്ഞും പ്രചാരണത്തിനെത്തിയെന്ന് തൃണമൂൽ ആരോപിച്ചു.

സി.പി.എം നേതാക്കളുമായി രഹസ്യ ചർച്ചയ്‌ക്കെത്തിയെന്ന് തൃണമൂൽ ആരോപിക്കുന്ന മുകുൾ റോയ്ക്ക് നേരേ കടുത്ത ആക്രമണമാണുണ്ടായത്. കാറിനു നേരേ എത്തിയ ആൾക്കൂട്ടം കാർ തകർക്കുകയും ഇദ്ദേഹത്തിനു നേരേ കല്ലെറിയുകയും ചെയ്തു. പൊലീസ് എത്തിയാണ് മുകുൾ റോയിയെ സുരക്ഷിതമായി പുറത്തെത്തിച്ചത്. ഇന്നലെ രാത്രിയിലും സംസ്ഥാന വ്യാപകമായി ത്യണമുൾ ബി.ജെ.പി പ്രവർത്തകർ തമ്മിൽ വിവിധ ഇടങ്ങളിൽ സംഘർഷം ഉണ്ടായി.

സംസ്ഥാനത്ത് ഇന്ന് നിശബ്ദ പ്രചാരണത്തിന്റെ സമയമാണ്. തൃണമൂൽ-ബി.ജെ.പി സംഘർഷത്തെ തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രചാരണ സമയം കുറച്ചതിനാൽ ഇന്നലെ 10 മണിയോടെ പരസ്യ പ്രചാരണം അവസാനിച്ചിരുന്നു. പ്രചാരണ സമയം വെട്ടിച്ചുരുക്കിയ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം തുടരുകയാണ്. ശക്തമായ ആരോപണ പ്രത്യാരോപണങ്ങൾക്കിടയിലാണ് പശ്ചിമ ബംഗാളിൽ പരസ്യ പ്രചാരണം അവസാനിച്ചത്.

അവസാന മണിക്കൂറുകളിലെ പ്രചാരണത്തിന് നരേന്ദ്ര മോദിയും മമത ബാനർജിയും നേതൃത്വം നൽകി. തെരഞ്ഞെടുപ്പ് കമ്മീഷൻ ബി.ജെ.പിയുടെ സഹോദര സ്ഥാപനമാണെന്നും ബി.ജെ.പി ഉത്തരവുപ്രകാരം ആണ് കമ്മീഷൻ പ്രവർത്തിക്കുന്നതെന്നും മമത ബാനർജി വിമർശിച്ചു. സംസ്ഥാനത്ത് അക്രമം അഴിച്ചു വിടുന്നത് ത്രിണമൂൽ കോൺഗ്രസ്സും മമത ബാനർജിയുമാണെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

അതേസമയം പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി മമത ബാനർജിക്ക് പിന്തുണയുമായെത്തി. കോൺഗ്രസ്, ടി.ഡി.പി, ആം ആദ്മി പാർട്ടി പ്രതിനിധികൾ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകി. പ്രചാരണ സമയം വെട്ടിക്കുറച്ച നടപടി അനീതിയാണെന്നും തെറ്റ് ചെയ്തത് ബി.ജെ.പിയാണെന്ന് വ്യക്തമായിരിക്കെ എല്ലാ പാർട്ടികളെയും ശിക്ഷിച്ച നടപടിയെ പക്ഷപാതപരം ആണെന്നും പരാതിയിൽ പറയുന്നു. അധികാരത്തിലെത്തിയാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമന രീതി തന്നെ പരിഷ്‌കരിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കി.

പരസ്യപ്രചാരണം അവസാനിച്ച പശ്ചിമ ബംഗാളിൽ ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്. സംസ്ഥാനത്തെ തകർക്കാൻ ശ്രമിച്ച ബി.ജെ.പിക്കും മോദിക്കും ജനം വോട്ടിലൂടെ മറുപടി തരും എന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞു. ദീദിയുടെ ദുർഭരണത്തിൽ നിന്ന് മോചനം തേടുന്ന ബംഗാൾ ജനത തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ സ്വാതന്ത്രം ആഘോഷിയ്ക്കുമെന്ന് നരേന്ദ്രമോദിയും തിരിച്ചടിച്ചു.

രാഷ്ട്രീയ നിരീക്ഷകരുടെ ജിജ്ഞാസ ഉച്ചസ്ഥായിയിലാക്കിയാണ് പശ്ചിമ ബംഗാൾ പരസ്യ പ്രചരണത്തോട് വിടപറഞ്ഞത്. അവസാന മണിക്കൂറുകളിൽ മമതാ ബാനർജി 2 റോഡ് ഷോയിലും മോദി 2 റാലികളിലും പങ്കെടുത്ത് വോട്ട് അഭ്യർത്ഥിച്ചു. പരസ്യ പ്രചരണം അവസാനിച്ചെങ്കിലും ബിജെപിയും ത്യണമുൾ കോൺഗ്രസ്സും തമ്മിലുള്ള വാക് പോര് തുടരുകയാണ്. സംസ്ഥാനത്തെ നശിപ്പിക്കാൻ ശ്രമിച്ച എതിർ പാർട്ടിക്ക് ജനം വോട്ടിലൂടെ മറുപടി നൽകുമെന്ന് ഇരുപാർട്ടികളും അവകാശപ്പെട്ടു.

അതേസമയം പരസ്യ പ്രചരണം അവസാനിച്ച സാഹചര്യത്തിൽ ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ എർപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ഇതുകൊണ്ടെന്നും സംസ്ഥാനത്ത് നിലനിൽക്കുന്ന സംഘർഷവസ്ഥയ്ക്ക് അയവ് വന്നിട്ടില്ല. അമിത് ഷാ നടത്തിയ റോഡ് ഷോയ്ക്കിടെയാണ് ബംഗാളിൽ ബി.ജെ.പി-തൃണമൂൽ ആക്രമണം ആരംഭിച്ചത്.

ഷോയ്ക്കിടെ തൃണമൂല്‍ വിദ്യാര്‍ത്ഥി പ്രവര്‍ത്തകര്‍ കല്ലെറിയുകയും തുടര്‍ന്ന് വിദ്യാസാഗര്‍ കോളജിലേക്ക് പ്രവര്‍ത്തകരെല്ലാം ഒാടിക്കയറുകയുമായിരുന്നു. ബി.ജെ.പി പ്രവർത്തകർ കോളജില്‍ സ്ഥാപിച്ചിട്ടുള്ള ബംഗാള്‍ നവേത്ഥാന നായകനായ ഈശ്വർ ചന്ദ്ര വിദ്യാസാറിന്റെ പ്രതിമ തകർത്തെന്നും തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. ഇതിന്റെ വീഡിയോ പുറത്തുവിടുകയും ചെയ്തിരുന്നു. ഇതിനെതിരേ ബി.ജെ.പിയ്ക്ക് ശക്തമായ ആക്രമണമാണുണ്ടായത്. എന്നാല്‍ പ്രതിമ തകര്‍ത്തത് തൃണമൂല്‍ പ്രവര്‍ത്തകര്‍ തന്നെയാണെന്നാണ് ബി.ജെ.പി മറുപടി പറഞ്ഞത്. നോർത്ത്, സൗത്ത് കൊൽക്കത്ത, ഡയമണ്ട് ഹാർബർ, ജാദവ്പൂർ, മഥുരാപൂർ, ജയ്നഗർ, ബസിർഹത് തുടങ്ങി 9 സീറ്റുകളിലേക്കാണ് അവസാന ഘട്ടമായ ഞായറാഴ്ച സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുക. തെരഞ്ഞെടുപ്പ് ഫലം മെയ് 23നാണ്.

Read More >>