ബീമാപള്ളി വെടിവെയ്പ്പിന് ഇന്ന് പത്താണ്ട്: ചര്‍ച്ചചെയ്യാതെ അന്വേഷണ റിപ്പോര്‍ട്ട്

2009 മെയ് 17നായിരുന്നു കേരളം ചരിത്രത്തിലെ തന്നെ എക്കാലത്തെയും വലിയ വെടിവെപ്പിന് ബീമാപള്ളി സാക്ഷിയായത്.

ബീമാപള്ളി വെടിവെയ്പ്പിന് ഇന്ന് പത്താണ്ട്: ചര്‍ച്ചചെയ്യാതെ അന്വേഷണ റിപ്പോര്‍ട്ട്

സ്വന്തം ലേഖകന്‍

ബീമാപള്ളിയിൽ ആറുപേരുടെ മരണത്തിനിടയാക്കിയ വെടിവെയ്പ്പിന് ഇന്ന് പത്ത് വർഷം തികയുന്നു. 2009 മെയ് 17നായിരുന്നു കേരളം ചരിത്രത്തിലെ തന്നെ എക്കാലത്തെയും വലിയ വെടിവെപ്പിന് ബീമാപള്ളി സാക്ഷിയായത്. കൊമ്പ് ഷിബു എന്ന ഗുണ്ട ബീമാപള്ളി പ്രദേശത്തു നടത്തിയ അതിക്രമങ്ങൾക്ക് ഇരയാകേണ്ടി വന്നത് ഒരു കൂട്ടം മുസ്‌ലിംകൾ. ഷിബുവിനെതിരേ പൊലീസിൽ പരാതി നൽകിയിട്ടും നടപടികളൊന്നുമുണ്ടാവാതിരുന്ന സാഹചര്യത്തിൽ നാട്ടുകാർ സംഘടിച്ചതാണ് പൊലിസ് വെടിവയ്പ്പിലെത്തിയത്. കൊമ്പ് ഷിബുവിന്റെ ഗുണ്ടാപിരിവിനെതിരെ നിശബ്ദത പാലിച്ച പൊലീസ് ജനങ്ങൾ സംഘടിച്ചതോടെ പൊടുന്നനെ പ്രവർത്തന നിരതമാവുകയും പിന്തിരിഞ്ഞോടിയവർക്ക് നേരെ നിഷ്ഠൂരമായി വെടിയുതിർക്കുകയുമായിരുന്നുവെന്നാണ് ബീമാപള്ളി നിവാസികൾ ആരോപിക്കുന്നത്.

വെടിവെപ്പിനെക്കുറിച്ച് ആദ്യം ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയെങ്കിലും കൂട്ടക്കൊലയ്ക്ക് നേതൃത്വം കൊടുത്ത ഉന്നത പൊലിസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാനാണ് അവർ ശ്രമിച്ചത്. പിന്നീട് ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിടുകയും തിരുവനന്തപുരം ജില്ലാ ജഡ്ജിയായിരുന്ന കെ രാമകൃഷണൻ അന്വേഷണം നടത്തി 2012 ജനുവരി നാലിന് റിപോർട്ട് സർക്കാരിന് സമർപ്പിച്ചു. 2011 ഏപ്രിലിൽ നൽകിയ ഹരജി നിരാകരിച്ചതിനെ തുടർന്ന് 2012ലും ഇതേ ആവശ്യവുമായി വീണ്ടും കോടതിയിലേത്തുകയുണ്ടായി. ക്രൈംബ്രാഞ്ചിന്റെ ഈ നീക്കം സർക്കാർ പിന്തുണയോടെയായിരുന്നു. 2012 ജനുവരി നാലിന് അന്വഷണം പൂർത്തിയാക്കി സമർപ്പിച്ച റിപ്പോർട്ട്് 2014 ജനുവരി ഏഴിന് നിയമ സഭയിൽ വെച്ചിട്ടുണ്ടെന്നാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലുള്ളത്. എന്നാൽ നാളിതുവരെയായിട്ടും ഈ റിപ്പോർട്ട് നിയമസഭയിൽ ചർച്ച ചെയ്യുന്നതിനോ വെടിവെയ്പ്പിന് ഉത്തരാവാദികളായവർക്കെതിരേ നടപടി സ്വീകരിക്കുന്നതിനോ സർക്കാർ തയ്യാറായിട്ടില്ല.

എയ്ഡ്‌സ് രോഗിയെന്ന് സ്വയം പ്രഖ്യാപിച്ച് മറ്റുള്ളവരെ ഭീഷണിപ്പെടുത്തി ഗുണ്ടാപിരിവ് നടത്തിവരുന്ന കൊമ്പ് ഷിബുവിനെ ചെറിയതുറ ഇടവക നേരത്തെ പുറത്താക്കിയിരുന്നു. എതിർക്കാൻ ശ്രമിക്കുന്നവരെ സ്വയം ശരീരം മുറിച്ചു രക്തം തെറിപ്പിച്ച് ഭയപ്പെടുത്തുക ഇയാളുടെ പതിവുരീതിയാണെന്ന് നാട്ടുകാർ പറയുന്നു. 2009 മെയ് 16ന് ശനിയാഴ്ച്ച വൈകീട്ട് ഇയാൾ ബീമാപള്ളിയിലെ ഒരു കടയിൽ ചായകുടിച്ച ശേഷം പണം നൽകാതിരുന്നത് ചെറിയ വാക് തർക്കത്തിനിടയാക്കിയിരുന്നു. നാട്ടുകാരുടെ മർദ്ദനമേറ്റ ഷിബു വൈകീട്ട് ഗുണ്ടാ സംഘവുമായെത്തി ബീമാപള്ളി പ്രദേശത്തെ ഏതാനും വള്ളങ്ങളും വലകളും തീയിട്ട് നശിപ്പിച്ചു. സംഘർഷാവസ്ഥയായതോടെ എ.ഡി.ജി.പി വി ആർ രാജീവൻ, കളക്ടർ സഞ്ജയ് കൗൾ തുടങ്ങിവർ സ്ഥലത്തെത്തി പ്രദേശത്തുള്ളവരുമായി ചർച്ച നടത്തി സ്ഥിതി നിയന്ത്രണ വിധേയമാക്കി. സംഭവത്തിന് ഉത്തരവാദിയായ കൊമ്പ് ഷിബുവിനെ രാത്രി തന്നെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് ഉദ്യോഗസ്ഥർ ഉറപ്പ് നൽകി. ഉറപ്പ് പാലിക്കാൻ പൊലീസ് തയ്യാറായില്ല. അടുത്ത ദിവസം രാവിലെയെത്തിയ സ്ത്രീകളടക്കമുള്ളവർ സഞ്ചരിച്ച വാഹനം കൊമ്പ് ഷിബുവിന്റെ നേതൃത്വത്തിൽ തടഞ്ഞ് ഭീഷണിപ്പെടുത്തിയതോടെ സ്ഥിതി വീണ്ടും രൂക്ഷമായി. പരസ്പരം പോർവിളികളുമായി ഇരുവിഭാഗങ്ങൾ കടപ്പുറത്ത് സംഘടിച്ചു.

ചെറിയതുറയിൽ നിന്ന് കല്ലേറുണ്ടായതോടെ ബീമാപള്ളിയിൽ നിന്ന് ഒരു സംഘം ചെറിയതുറ ഭാഗത്തേക്ക് പോയി. സംഘർഷം രൂക്ഷമായതോടെ പൊലീസ് സംഘം കടപ്പുറത്തേക്ക് കുതിച്ചെത്തി. പൊലീസിനെ കണ്ട് ഭയന്നോടിയവർക്ക് നേരെ പൊലീസ് വെടിവെയ്ക്കുകയായിരുന്നു. 70 റൗണ്ട് വെടിയുതിർത്ത പൊലിസ് 40 റൗണ്ട് ഗ്രനേഡും പ്രയോഗിച്ചു. പ്രദേശത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളടക്കം 52 പേർക്കാണ് വെടിയേറ്റും ഗ്രനേഡ് പ്രയോഗത്തിലും പരിക്കേറ്റത്. നാലുപേർ മാത്രമാണ് വെടിയേറ്റ് മരിച്ചതെന്ന് പൊലീസ് പറയുമ്പോൾ, കൊല്ലപ്പെട്ട നാല് പേരുടേയും വസ്ത്രങ്ങളിൽ വെടിയുണ്ട തുളഞ്ഞ അടയാളങ്ങൾ അവശേഷിക്കുന്നുണ്ട്.ഒരാൾക്ക് താടിയെല്ലിനും മറ്റൊരാൾക്ക് കണ്ണിനുമാണ് വെടിയേറ്റത്. കൊല്ലപ്പെട്ട സെയ്താലി(24)യുടെ നെഞ്ചിലേറ്റ ബുള്ളറ്റ് മുതുകിലൂടെ പുറത്തേക്ക് പോയായിരുന്നു മരണം. അഹ്മദി(45)ന് പിന്നിൽ തുടക്കാണ് വെടിയേറ്റത്. അബ്ദുൽ ഹമീദി(27)ന്റെ മുതുകിലും ബാദുഷ(34) കീഴ്ത്താടിയിലുമാണ് വെടിയേറ്റത്. ബാദുഷയുടെ കീഴ്ത്താടിയിലേറ്റ വെടിയുണ്ട് തലച്ചോർ തകർത്ത് പുറത്തേക്ക് പോയി.

അബ്ദുൽ ഖനി(55), ഫിറോസ്(16) എന്നിവരുടെ മരണം വെടിയേറ്റല്ല എന്നാണ് പൊലീസ് പറയുന്നത്. എന്നാൽ 55 കാരനായ അബ്ദുൽ ഖനിയുടെ കണ്ണിനാണ് വെടിയേറ്റിരിക്കുന്നത്. കടപ്പുറത്ത് കളിച്ചുകൊണ്ടിരിക്കെ വെടിയേറ്റ ഫിറോസിനെ പോലിസ് വലിച്ചിഴച്ച് പോകുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ അന്ന് തന്നെ പ്രചരിച്ചിരുന്നു. വെടിവെപ്പിനു മുമ്പ് പാലിക്കേണ്ട ലാത്തിച്ചാർജ്, റബ്ബർ ബുള്ളറ്റ് തുടങ്ങിയ നടപടികളൊന്നും പൊലീസ് പാലിച്ചിരുന്നില്ല. മരിച്ച ആറു പേർക്കു പുറമെ 52 പേർ അരക്കുമീതെയും മറ്റും വെടിയേറ്റ് പരിക്കുപറ്റിയും ജീവച്ഛവങ്ങളായി ജീവിക്കുന്നു.

Read More >>