ക്രൈസ്റ്റ്ചർച്ച് ഭീകരാക്രമണം സിനിമയാകുന്നു: 'ഹെലോ ബ്രദര്‍'

മരണത്തെയും തകർച്ചയേയും നേരിട്ട ഒരു കുടുംബം തങ്ങളുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതുമാണ് പ്രമേയം

ക്രൈസ്റ്റ്ചർച്ച് ഭീകരാക്രമണം സിനിമയാകുന്നു:

വെല്ലിങ്ടൺ: ന്യൂസീലൻഡിലെ ക്രൈസ്റ്റ് ചർച്ചിലെ മുസ് ലിം പള്ളികൾക്കു നേരെയുണ്ടായ ഭീകരാക്രമണങ്ങളെ അടിസ്ഥാനമാക്കി സിനിമയൊരുങ്ങുന്നു. 'ഹെലോ ബ്രദർ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മോയസ് മസൂദാണെന്ന് വെറൈറ്റി റിപ്പോർട്ട് ചെയ്യുന്നു.

മാർച്ച് 15ന് വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടയിലാണ് ക്രൈസ്റ്റ് ചർച്ചിലെ പള്ളികൾക്ക് നേരെ വെടിവയ്പ് നടന്നത്. ആക്രമണത്തിൽ 51 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വെടിവയ്ക്കുന്ന ദൃശ്യങ്ങൾ അക്രമി സാമൂഹ്യമാദ്ധ്യമത്തിൽ ലൈവ് ആയി കാണിച്ചിരുന്നു.

മരണത്തെയും തകർച്ചയേയും നേരിട്ട ഒരു കുടുംബം തങ്ങളുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതായാണ് കഥ വികസിക്കുന്നത്. ഇതിന് ക്രൈസ്റ്റ് ചർച്ച് ആക്രമണവുമായി ബന്ധമുണ്ടെന്ന് വെറൈറ്റി റിപ്പോർട്ട് ചെയ്യുന്നു. 'മനുഷ്യത്വത്തിന് നേരെയുള്ള ആക്രമണമാണ് മാർച്ച് 15ന് ക്രൈസ്റ്റ് ചർച്ചിൽ ലോകം സാക്ഷ്യം വഹിച്ചത്.

മുറിവുകൾ ഉണങ്ങിവരുന്നതിനായുള്ള ആദ്യ പടി എന്ന നിലയിലാണ് ഹെലോ ബ്രദർ എത്തുന്നത്. വെറുപ്പിന്റേയും വർണവെറിയുടേയും തീവ്രവാദത്തിന്റേയുമെല്ലാം മൂലകാരണം എന്താണെന്ന് അറിയാനും പരസ്പരം നമുക്ക് മനസിലാക്കാനും ഇതുവഴി സാധിക്കും,' മോയസ് മസൂദ് പറയുന്നു.

ക്രൈസ്റ്റ് ചർച്ച് ആക്രമണത്തിന് ശേഷം ന്യൂസിലൻഡ് പ്രധാനമന്ത്രി ജെസീന്ത ആർഡേൺ വളരെ പക്വമായ പ്രതികരണമായിരുന്നു മുന്നോട്ട് വച്ചത്. കൊല്ലപ്പെട്ട മുസ് ലിം പൗരന്മാർക്കു വേണ്ടി ജസീന്ത ഹിജാബ് ധരിച്ചെത്തിയത് ശ്രദ്ധേയമായിരുന്നു.

മാദ്ധ്യമങ്ങളും ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ദിനപത്രമായ 'ദി പ്രസ്', അറബിയിൽ അവരുടെ ആദ്യ പേജിൽ സലാം, പീസ് (സമാധാനം) എന്നെഴുതി കൊല്ലപ്പെട്ടവരുടെ പേരും നൽകിയാണ് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.

ന്യൂസിലൻഡ് പള്ളിയിൽ നടന്ന വെടിവയ്പിൽ കൊല്ലപ്പെട്ട ഓരോ പൗരന്റെയും ബന്ധുക്കളെ ആശ്വസിപ്പിക്കാനായിരുന്നു ജസീന്തയെത്തിയത്. അവരെ ചേർത്തു പിടിച്ചു, ആശ്വസിപ്പിച്ചു. ഒപ്പം ഉണ്ടെന്നു പറഞ്ഞു. കൊല്ലപ്പെട്ടവരുടെ സംസ്‌കാര ചടങ്ങുകൾക്കുള്ള പണം അവർ നൽകി.

ലേബർ പാർട്ടിയുടെ പ്രവർത്തകയായ ഇവർ 2017 ഓഗസ്റ്റ് 1 മുതൽ പാർട്ടി നേതാവാണ്. 2008 ലെ പൊതുതെരഞ്ഞെടുപ്പിലാണ് ആദ്യമായി പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ക്രൈസ്റ്റ് ചർച്ചിലുണ്ടായ ആക്രമണത്തിന് ശേഷമുള്ള ആദ്യ പാർലമെന്റ് സെഷൻ ന്യൂസിലൻഡ് ആരംഭിച്ചത് ഖുർആൻ പാരായണത്തോടെയായിരുന്നു. മുസ് ലിം പള്ളികൾക്കു നേരെയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരസൂചകമായാണ് ഖുർആൻ പാരായണം നടത്തിയത്.

ഇമാം നിസാമുൽ ഹഖ് തൻവിയായിരുന്നു പ്രാർഥന ചൊല്ലിയത്. പാർലമെന്റിൽ 'അസലാമും അലൈക്കും' എന്ന മുസ് ലിം അഭിവാദ്യത്തോടെയായിരുന്നു പ്രധാനമന്ത്രി ജസീന്ത പ്രസംഗം ആരംഭിച്ചത്. കൊല്ലപ്പെട്ട മുസ് ലിങ്ങൾക്കും ബന്ധുക്കൾക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ടായിരുന്നു ജസീന്തയുടെ പ്രസംഗം.

'ആക്രമണത്തിലൂടെ ഒരുപാട് കാര്യങ്ങളാണ് അയാൾ ആഗ്രഹിച്ചത്. അതിൽ ഒന്ന് കുപ്രസിദ്ധിയാണ്. അതുകൊണ്ട് തന്നെ നിങ്ങൾ അയാളുടെ പേര് പരാമർശിക്കാൻ പാടില്ല.

അയാളൊരു ഭീകരവാദിയാണ്. അയാളൊരു കുറ്റവാളിയാണ്. അയാളൊരു തീവ്രവാദിയാണ്. അതുകൊണ്ട് അയാളുടെ പേര് ഞാൻ പരാമർശിക്കില്ല,' ജസീന്ത പറഞ്ഞു.

Read More >>