പഴയ കാറില്‍ വിസ്മയങ്ങള്‍ തീര്‍ത്ത് അര്‍ജുന്‍

അർജുനും കുടുംബാംഗങ്ങളും പണ്ട് സഞ്ചരിച്ചിരുന്ന മാരുതി കാറാണ് ഇപ്പോൾ വീട്ടിനുള്ളിൽ അലങ്കാര മത്സ്യവാഹനമായത്

പഴയ കാറില്‍ വിസ്മയങ്ങള്‍ തീര്‍ത്ത് അര്‍ജുന്‍

തൊടുപുഴ: കാറ് കേടായി ഉപയോഗശൂന്യമായാൽ സാധാരണക്കാർ ഒന്നുങ്കിൽ പൊളിച്ചു വിൽക്കും. അതുമല്ലെങ്കിൽ ആക്രിക്കാർക്ക് കൊടുക്കും. എന്നാൽ മണക്കാട് സ്വദേശി അർജുൻ ഇതിൽ നിന്നെല്ലാം വ്യത്യസ്തനാണ്.

പഴയ കാറുകൾ മനോഹരമായ അക്വേറിയമോ, ക്യാഷ് കൗണ്ടറുകളോ സെറ്റിയോ അങ്ങനെ പലതുമായി അർജുനന്റെ കരവിരുതിലൂടെ മാറും. ഇവയെല്ലാം നിർമ്മിച്ച് സ്ഥാപിക്കുന്നതോ, വീടിന്റെ ഹാളിനകത്തും മുറിയിലും ഹോട്ടൽ മുറിയിലുമൊക്കെ.

ബി.എസ്.സി ഇലക്ട്രോണിക്സ് ബിരുദധാരിയായ അർജുൻ പഴയ കാറിൽ അക്വേറിയം നിർമ്മിച്ചാണ് ഇപ്പോൾ വിസ്മയം തീർത്തിരിക്കുന്നത്. അർജുനും കുടുംബാംഗങ്ങളും പണ്ട് സഞ്ചരിച്ചിരുന്ന മാരുതി കാറാണ് ഇപ്പോൾ വീട്ടിനുള്ളിൽ അലങ്കാര മത്സ്യവാഹനമായത്. അർജുന്റെ സ്വീകരണമുറി കണ്ടാൽ ഭിത്തിയിലേയ്ക്ക് ചുവന്ന മാരുതികാർ ഇടിച്ചുകയറി നിൽക്കുന്നതാണെന്നേ തോന്നൂ.

മാരുതി കാർ ഉപയോഗിച്ച് രൂപകൽപന ചെയ്ത മനോഹര അക്വേറിയമാണെന്ന് പിന്നീടേ മനസിലാവൂ. പഴയ മാരുതി 800 കാറിന്റെ പിൻഭാഗം ഛേദിച്ചെടുത്ത് ഭിത്തിയോട് ചേർത്താണ് അതിനുള്ളിൽ അക്വേറിയം ഒരുക്കിയിരിക്കുന്നത്. പിൻഭാഗത്തെ ചില്ലിലൂടെ നോക്കിയാൽ അതിനുള്ളിൽ നീന്തിത്തുടിക്കുന്ന സ്വർണ്ണമത്സ്യങ്ങളെ കാണാം.

കാഴ്ച ആനന്ദകരമാക്കി അക്വേറിയത്തിനുള്ളിലും കാറിന്റെ പിൻഭാഗത്തും ഇൻഡിക്കേറ്ററും ബ്രേക്ക്ലൈറ്റും മിന്നിത്തെളിയുന്നു. വൈദ്യുതിയുമായി ബന്ധിപ്പിച്ചാണ് ഇത് സാധ്യമാക്കിയത്. ബി.എസ്.സി ഇലക്ട്രോണിക്സ് ബിരുദധാരിയായ അർജുൻ കെ. വേണു റിട്ടയേഡ് ബി.എസ.്എൻ.എൽ ജീവനക്കാരൻ മണക്കാട് കുന്നത്ത് വേണുവിന്റെയും ജയയുടെയും മകനാണ്.

ഈ 28 വയസ്സുകാരന്റെ ബുദ്ധിയിൽ വിരിഞ്ഞ വേറിട്ട ഈ അക്വേറിയം വൈറലായിക്കഴിഞ്ഞു. അർജുന്റെ പരീക്ഷണങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങൾ പങ്കുവെച്ചതോടെ സന്ദർശകർ ഏറിയിട്ടുണ്ട്. മാത്രമല്ല, റിസോർട്ടുകളിൽ നിന്നടക്കം ഓഫറുകളും എത്തുന്നു.

വിന്റേജ് മോഡൽ കാറുകളാണ് ഇത്തരം വർക്കുകൾക്ക് അനുയോജ്യമെന്ന് അർജുൻ പറയുന്നു. പ്രീമിയർ പത്മിനി കാറൊരെണ്ണം വീട്ടുമുറ്റത്തെ പണിപ്പുരയിലാണ്. അധികം വൈകാതെ ഇത് സ്വീകരണമുറിയിലെ സെറ്റിയാവും. പഴയ വാഹനങ്ങൾ ഉപയോഗിച്ച് അലങ്കാരവസ്തുക്കൾ തയ്യാറാക്കി മികച്ച വരുമാനം കണ്ടെത്താമെന്ന് മുൻപേ അർജുൻ മനസ്സിലാക്കിയിരുന്നു.

നഗരത്തിലെ ഒരു റസ്റ്റോറന്റിലായിരുന്നു ആദ്യപരീക്ഷണം. റസ്റ്റോറന്റിലെ ക്യാഷ് കൗണ്ടറായി പ്രവർത്തിക്കുന്നത് പ്രീമിയർ പത്മിനി കാറാണ്. ഇതും സാമൂഹ്യമാദ്ധ്യമങ്ങളിൽ ചർച്ചയായിരുന്നു. ഒരുമാസം കൊണ്ടാണ് കാർ അക്വേറിയം പൂർത്തിയാക്കിയത്.

കാറിന്റെ പിൻഭാഗത്തെ ഗ്ലാസ് നീക്കം ചെയ്ത് പകരം അക്വേറിയത്തിന് ഉപയോഗിക്കുന്ന കട്ടികൂടിയ ഗ്ലാസ് സ്ഥാപിച്ചു. എല്ലാം കഴിഞ്ഞപ്പോൾ ചെലവ് 70,000 രൂപ. അർജുൻ മുൻപും വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്.

യമഹ ബൈക്കിന്റെ എഞ്ചിൻ ഉപയോഗിച്ച് സ്വന്തമായി ബോട്ട് നിർമ്മിച്ച് യാത്രക്കാരെ ഇരുത്തി തൊടുപുഴയാറ്റിലൂടെ ഓടിച്ചത് നാലുവർഷം മുമ്പാണ്. അർജുന്റെ ബെഡ്റൂമും വിസ്മയ ലോകമാണ്. മുറിയുടെ ജനാലകൾ തുറക്കുന്നതും അടയ്ക്കുന്നതും ലൈറ്റും ഫാനും പ്രവർത്തിപ്പിക്കുന്നതുമെല്ലാം റിമോട്ട് കൺട്രോൾ മുഖേന. കബോർഡുകളിലും മുറിയുടെ ഭിത്തിയിലുമെല്ലാം വിവിധതരം പരീക്ഷണങ്ങൾ കാണാം. തൊടുപുഴയിൽ സ്വന്തമായൊരു എൻജിനീയറിങ് വർക് ഷോപ്പും ഉടൻ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്. അനുജൻ അച്യുത് കെ. വേണുവും പിന്തുണയുമായുണ്ട്.

Read More >>