മലയാള സിനിമയിലെ നിത്യവിസ്മയം

മലയാളത്തിൽ ഷീല ഒരു ഇതിഹാസ നായികതന്നെയായിരുന്നു. ഷീലയോളം ഗ്ലാമറുള്ള ഒരു നടി മലയാളത്തിലുണ്ടായിട്ടില്ല. ഷീലയോളം കൊണ്ടാടപ്പെട്ട നടിയുമില്ല. 2018 ലെ കേരള സർക്കാറിന്റെ ജെ.സി ഡാനിയേൽ പുരസ്‌ക്കാരം നേടിയ ഷീലയെ കുറിച്ച്‌

മലയാള സിനിമയിലെ നിത്യവിസ്മയം

നടി ഷീലയെപ്പറ്റി അവർ സിനിമയിൽ അഭിനയിച്ചു തുടങ്ങിയ കാലത്തൊരു 'പരദൂഷണ'ക്കഥ പ്രചരിച്ചിരുന്നു. 'ഭാഗ്യജാതക'ത്തിലൂടെയായിരുന്നു ഷീലയുടെ മലയാള സിനിമയിലേക്കുള്ള വരവ്. ഈ സിനിമയുടെ ഷൂട്ടിംഗ് വേളയിൽ ഷീലയുടെ മുഖത്ത് പ്രണയഭാവം അങ്കൂരിപ്പിക്കാൻ എത്രതന്നെ ശ്രമിച്ചിട്ടും സംവിധായകൻ പി.ഭാസ്‌ക്കരനു സാധിക്കുന്നില്ല. ഒടുവിലദ്ദേഹം ഒരു കഷണം വാളൻ പുളി ഷീലയുടെ വായിലിട്ടുകൊടുത്തു എന്നാണ് കഥ. അതോടെ എല്ലാം ഓക്കേ. ഷീലയുടെ മുഖത്ത് പ്രണയ പാരവശ്യത്തിന്റെ മാസ്മരിക ചാരുത.

കഥ തികഞ്ഞ പുളുവാണെങ്കിലും 2018 ലെ കേരള സർക്കാറിന്റെ ജെ.സി ഡാനിയേൽ പുരസ്‌ക്കാരം നേടിയ ഷീല എന്ന അതുല്യനടിയുടെ വളർച്ചയിലേക്ക് വിരൽചൂണ്ടുന്ന ഒന്നാണ് ഈ കഥ. ആദ്യകാലത്ത് ഷീല സിനിമാരംഗത്ത് അംഗീകരിക്കപ്പെട്ടത് ഒരു പരിധിവരെ സ്വന്തം അംഗലാവണ്യത്തിന്റെ പേരിലായിരുന്നു. രാമുകാര്യാട്ടിന്റെ 'ചെമ്മീൻ' ആണ് അവർക്കൊരു 'ബ്രേക്ക്' ആയത്. മലയാള സിനിമയെ ലോകസിനിമയുടെ അതിർത്തി കടത്തിയ ഈ മഹാസിനിമയിലെ കറുത്തമ്മയിലൂടെ ഷീലയും മഹാവിസ്മയമായി മാറി. പിന്നീട് എത്രയെത്ര അവിസ്മരണീയ കഥാപാത്രങ്ങൾ. 'കള്ളിച്ചെല്ലമ്മ'യും 'ഒരു പെണ്ണിന്റെ കഥ'യും 'വാഴ്‌വേമായ'വുമെല്ലാം ഷീലയ്ക്ക് മാത്രം അത്യുജ്ജലമാക്കാൻ കഴിഞ്ഞ കഥാപാത്രങ്ങളുടെ പേരിൽ ഇന്നും മലയാളിയുടെ മനസ്സിൽ നിലനിൽക്കുന്ന ചലച്ചിത്രങ്ങളാണ്. 1983ൽ ഷീല ചലച്ചിത്രരംഗത്ത് നിന്ന് വിടവാങ്ങി.

20 വർഷങ്ങൾക്ക് ശേഷം സത്യൻ അന്തിക്കാടിന്റെ 'മനസ്സിനക്കരെ' എന്ന ചിത്രത്തിലൂടെ വീണ്ടും സിനിമാരംഗത്തെത്തിയ അവർ 2005 ൽ 'അകലെ' എന്ന ചിത്രത്തിലെ അഭിനയത്തിന് ഏറ്റവും നല്ല സഹനടിക്കുള്ള ദേശീയ അവാർഡ് കരസ്ഥമാക്കി. അതിനുമുമ്പ് 1969, 1971, 1976 എന്നീ വർഷങ്ങളിൽ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡുകളും നേടിയിട്ടുണ്ട് ഷീലാമ്മ. 'അകലെ'യിലെ അഭിനയത്തിന് രണ്ടാമത്തെ മികച്ച നടിക്കുള്ള പുരസ്‌കാരവും അവർ നേടുകയുണ്ടായി. ഒന്നോർത്താൽ, ഇനിയും അഭിനയിക്കാൻ ഈ നടി തയ്യാർ; പുരസ്ക്കാ രങ്ങൾ സ്വീകരിക്കാനും തയ്യാർ.

ഷീല സിനിമാരംഗത്തേക്ക് വന്നത് തമിഴിലൂടെയാണ്. എസ്.എസ് രാജേന്ദ്രന്റെ 'പാശ'മായിരുന്നു ആദ്യചിത്രം. സിനിമയിലെത്തിയപ്പോൾ ക്ലാര എന്ന ഷീലയുടെ യഥാർത്ഥ പേര് ചിത്രത്തിലെ നായകനായ സാക്ഷാൽ എം.ജി.ആർ ഷീലാദേവി എന്നാക്കി മാറ്റി. എന്നാൽ മലയാളത്തിലെത്തിയ പാടെ അവർ വാൽമുറിച്ചുകളഞ്ഞു. 'ഭാഗ്യജാതക'ത്തിലെ ഷീല തുടർന്നുള്ള രണ്ടുപതിറ്റാണ്ടുകാലം 475 ലധികം ചിത്രങ്ങളിലഭിനയിച്ചു. എല്ലാം ഷീലയെന്ന പേരിൽ. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലഭിനയിച്ച ഷീലക്ക് മറ്റൊരു റെക്കൊഡു കൂടിയുണ്ട്. ഒരേ നായകനൊപ്പം ഗിന്നസ് റിക്കാർഡ്. പ്രേംനസീർ, ഷീല എന്നീ താരജോഡികൾ അഭിനയിച്ചു തകർത്തത് 130 ചിത്രങ്ങളിലാണ്.

തൃശൂർ കണിമംഗലം സ്വദേശിയായ ഷീല പിറന്നത് ഒരു സിറിയൻ ക്രിസ്ത്യൻ കുടുംബത്തിലാണ്. പിതാവ് ആന്റണി, മാതാവ് ഗ്രേസി. റെയിൽവേയിൽ ടിക്കറ്റ് എക്‌സാമിനറായിരുന്ന ആന്റണിയുടെ സ്ഥലം മാറ്റങ്ങൾക്കൊപ്പം പലേടങ്ങളിലുമായിട്ടായിരുന്നു വിദ്യാഭ്യാസം. പത്താം ക്ലാസിൽ പഠനം മുടങ്ങിയ ഷീല നാടകാഭിനയം വഴിയാണ് ടി.ആർ രാമണ്ണയുടെ 'പാശ'ത്തിലെത്തുന്നത്. മലയാളത്തിൽ ഷീല ഒരു ഇതിഹാസ നായികതന്നെയായിരുന്നു. ഷീലയോളം ഗ്ലാമറുള്ള ഒരു നടി മലയാളത്തിലുണ്ടായിട്ടില്ല. ഷീലയോളം കൊണ്ടാടപ്പെട്ട നടിയുമില്ല.

വെറും നടി എന്ന നിലയിൽ മാത്രമല്ല ഷീലക്ക് സിനിമയിൽ സ്ഥാനം. യക്ഷഗാനം, ശിവരണ്ടൾ എന്നി ചിത്രങ്ങൾ അവർ സംവിധാനം ചെയ്തിട്ടുണ്ട്. രണ്ടിനും കഥയും തിരക്കഥയും എഴുതിയത് അവർ തന്നെ. മമ്മുട്ടി അഭിനയിച്ച 'ഒന്നുചിരിക്കൂ' എന്ന ചിത്രത്തിന് കഥയും തരിക്കഥയുമെഴുതിയതും അവർതന്നെ. 'നിനൈവുകളേ നീങ്കിവീടൂ' എന്ന തമിഴ് ടെലിഫിലിമും അവർ സംവിധാനം ചെയ്തു. 'പത്താമത്തെ ചെക്ക്' എന്ന പേരിൽ ഒരു നോവലും നിരവധി ചെറുകഥകളുമെഴുതിയ ഷീല നല്ലൊരു ചിത്രകാരികൂടിയാണ്.

അധികമാരുമറിയാത്ത മറ്റൊരു കഥകൂടി ഷീലയെപ്പറ്റി പറഞ്ഞുകേൾക്കാറുണ്ട്. ഷീലയുടെ കുടുംബവേരുകൾ തേടിപ്പോയാൽ അതു കുറിയേടത്ത് താത്രിയിൽ എത്തുമത്രേ. ഏതായാലും ഷീല മലയാളിയുടെ അഭിമാനമാണ്. 74 മത്തെ വയസ്സിലും ഇനിയും നിരവധി അങ്കങ്ങൾക്ക് അവർ സുസജ്ജം.

Read More >>