രാജരാജ ചോളന്‍ ദലിത് വിരുദ്ധന്‍; പാ രഞ്ജിത്തിന്റെ അഭിപ്രായം രാജ്യത്തിന്റെ അഖണ്ഡതയെ തകര്‍ക്കുന്നതെന്ന് ആരോപിച്ച് കേസ്

ഹിന്ദു മക്കള്‍ കക്ഷിയുടെ തഞ്ചാവൂര്‍ ജില്ലാ സെക്രട്ടറി കാ ബാലയാണ് രഞ്ജിത്തിനെതിരേ പരാതി നല്‍കിയത്.

രാജരാജ ചോളന്‍ ദലിത് വിരുദ്ധന്‍; പാ രഞ്ജിത്തിന്റെ അഭിപ്രായം രാജ്യത്തിന്റെ അഖണ്ഡതയെ തകര്‍ക്കുന്നതെന്ന് ആരോപിച്ച് കേസ്

പ്രശസ്ത സിനിമാ സംവിധായകന്‍ പാ രഞ്ജിത്തിനെതിരേ കുംഭകോണം പോലിസ് കേസെടുത്തു. ജനങ്ങള്‍ക്കിടയില്‍ ജാതിസ്പര്‍ദ്ധ വളര്‍ത്തുന്നുവെന്നും രാജ്യത്തിന്റെ അഖണ്ഡതയെ തുരങ്കം വയ്ക്കുന്നുവെന്നും ആരോപിച്ചാണ് കേസ് എടുത്തിട്ടുള്ളത്. ഹിന്ദു മക്കള്‍ കക്ഷി പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയിലാണ് നടപടി.

ജൂണ്‍ 5 ന് കുംഭകോണത്ത് നടന്ന ബ്ലൂ പാന്തേഴ്‌സ് കക്ഷിയുടെ പൊതുയോഗത്തില്‍ പാ രഞ്ജിത്തും ഒരു പ്രഭാഷകനായിരുന്നു. സംസാരത്തിനിടയില്‍ രാജരാജ ചോളന്‍ ഒന്നാമനെ അപമാനിച്ചുവെന്നാണ് ഹിന്ദു കക്ഷി ആരോപിക്കുന്നത്.

പുറത്തുവന്ന റിപോര്‍ട്ടനുസരിച്ച് രാജ രാജ ചോളന്‍ ഒന്നാമന്റെ കാലഘട്ടത്തെ പാ രഞ്ജിത്ത് ചരിത്രത്തിലെ ഇരുണ്ട യുഗമെന്നാണ് വശേഷിപ്പിച്ചത്. ദലിതരുടെ ഭൂമി ഇക്കാലത്താണ് ഉപജാപങ്ങളിലൂടെ തട്ടിയെടുത്ത് അവരെ ഭൂരഹിതരാക്കിയത്. ദേവദാസികളെ ക്ഷേത്രങ്ങളിലേക്ക് സമര്‍പ്പിക്കുന്ന രീതി തുടങ്ങിയതും രാജ രാജ ചോളനാണ്. ഇങ്ങനെയുള്ള ഒരാളുടെ പിന്തുടര്‍ച്ചക്കാരാണെന്ന് അവകാശപ്പെടുന്ന ചിലര്‍ ഇപ്പോഴും നാട്ടിലുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഹിന്ദു മക്കള്‍ കക്ഷിയുടെ തഞ്ചാവൂര്‍ ജില്ലാ സെക്രട്ടറി കാ ബാലയാണ് രഞ്ജിത്തിനെതിരേ പരാതി നല്‍കിയത്. ഇത്തരം പരാമര്‍ശങ്ങള്‍ ജാതിസ്പര്‍ദ്ധയ്ക്ക് കാരണമാവുന്നുവെന്നും രാജ്യത്തിന്റെ അഖണ്ഡതയെ തകര്‍ക്കുന്നുവെന്നും പരാതിക്കാര്‍ ആരോപിക്കുന്നു. കാ ബാലയുടെ പരാതിയില്‍ ഐപിസി 153, 153(എ) തുടങ്ങിയ വകുപ്പുകളനുസരിച്ച് പോലീസ് കേസെടുത്തു.

Read More >>