പ്ലസ് വണ്‍ പ്രവേശനം: തിയ്യതി മാറ്റത്തില്‍ ആശയക്കുഴപ്പം

സപ്ലിമെന്ററി അലോട്ട്‌മെന്റിനുള്ള അപേക്ഷ സ്വീകരിക്കുന്ന തിയ്യതി അടിക്കടി മാറ്റിയത് ആശയക്കുഴപ്പത്തിനിടയാക്കി. 20 ശതമാനം സീറ്റ് വർദ്ധിപ്പിക്കാൻ വൈകിയതും ഒട്ടേറെ വിദ്യാർത്ഥികൾക്കു മെറിറ്റിൽ പ്രവേശനം ലഭിക്കുന്നതിനു തടസ്സമായി.

പ്ലസ് വണ്‍ പ്രവേശനം: തിയ്യതി മാറ്റത്തില്‍ ആശയക്കുഴപ്പം

പ്ലസ് വൺ പ്രവേശനത്തിനു സപ്ലിമെന്ററി അലോട്ട്‌മെന്റിനുള്ള അപേക്ഷ സ്വീകരിക്കുന്ന തിയ്യതി അടിക്കടി മാറ്റിയത് ആശയക്കുഴപ്പത്തിനിടയാക്കി. 20 ശതമാനം സീറ്റ് വർദ്ധിപ്പിക്കാൻ വൈകിയതും ഒട്ടേറെ വിദ്യാർത്ഥികൾക്കു മെറിറ്റിൽ പ്രവേശനം ലഭിക്കുന്നതിനു തടസ്സമായി. അവസാനത്തേത് എന്ന നിലയിൽ രണ്ടാം അലോട്‌മെന്റ് പൂർത്തിയായ ശേഷമാണു സീറ്റ് വർദ്ധിപ്പിച്ചത്. ഈ സീറ്റിൽ സ്‌കൂൾ, കോംബിനേഷൻ മാറ്റത്തിന് അപേക്ഷ നൽകാമെങ്കിലും സ്‌പോർട്‌സ് മാനേജ്‌മെന്റ് ക്വാട്ടയിൽ പ്രവേശനം നേടിയവർക്കു അപേക്ഷിക്കാൻ അവസരമില്ല.

രണ്ടാം അലോട്ട്‌മെന്റിലും പ്രവേശനം ലഭിക്കാതായതോടെ ഒട്ടേറെ വിദ്യാർത്ഥികൾ വളരെ അകലെയുള്ള സ്‌കൂളുകളിൽ പോലും മാനേജ്‌മെന്റ് ക്വാട്ടയിൽ പ്രവേശനം നേടുകയുണ്ടായി. ഇതിനു ശേഷമാണു സീറ്റ് വർധന പ്രഖ്യാപിച്ചത്. ആദ്യ അലോട്ട്‌മെന്റിനു മുൻപേ സീറ്റ് വർധന നടപ്പാക്കിയിരുന്നെങ്കിൽ മാനേജ്‌മെന്റ് ക്വാട്ടയിൽ പ്രവേശനം നേടിയ ഒട്ടേറെ വിദ്യാർത്ഥികൾക്കു മെറിറ്റിൽ പ്രവേശനം ലഭിക്കുമായിരുന്നു.വർധിപ്പിച്ച സീറ്റുകളിലേക്കു സപ്ലിമെന്ററി അലോട്ട്‌മെന്റിന് ഇന്നുമുതൽ അപേക്ഷ സ്വീകരിക്കുമെന്നാണു സർക്കാർ ആദ്യം അറിയിച്ചിരുന്നത്. സ്‌കൂൾ അധികൃതർ ഇതു വിദ്യാർഥികളോടു പറയുകയും ചെയ്തിരുന്നു. എന്നാൽ, സപ്ലിമെന്ററി അലോട്ട്‌മെന്റിനുള്ള അപേക്ഷകൾ 10നും 11നും നൽകണമെന്നു ഞായറാഴ്ച അപ്രതീക്ഷിതമായി അറിയിപ്പുണ്ടായി. ഏകജാലക സംവിധാനത്തിലെ വിവിധ അലോട്ട്‌മെന്റുകളിൽ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷ നൽകാൻ കഴിയാതിരുന്നവർക്കും ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിന് ഇന്നു വൈകിട്ട് നാല് വരെ അപേക്ഷിക്കാനാണ് അവസരം.

അപേക്ഷ സ്‌കൂളിൽ സമർപ്പിച്ച് അലോട്ട്‌മെന്റ് ലഭിക്കാത്തവർ സപ്ലിമെന്ററി അലോട്ട്‌മെന്റിന് പരിഗണിക്കുന്നതിനായി റിന്യൂവല്‍ നേരത്തേ അപേക്ഷ സമർപ്പിച്ച സ്‌കൂളിൽ സമർപ്പിക്കണം. ഇതുവരെയും അപേക്ഷ നൽകാൻ കഴിയാത്തവർ വെബ്‌സൈറ്റിലെ APPLY ONLINE-SWS എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിച്ച് പ്രിന്റൗട്ട് അനുബന്ധ രേഖകൾ സഹിതം അടുത്തുള്ള ഏതെങ്കിലും ഒരു സർക്കാർ/ എയ്ഡഡ് ഹയർസെക്കൻഡറി സ്‌കൂളിൽ വെരിഫിക്കേഷനായി സമർപ്പിക്കണം. ഓൺലൈൻ പ്രിന്റൗട്ട് വെരിഫിക്കേഷന് സമർപ്പിക്കാത്തവർ പ്രിന്റൗട്ടിൽ പ്രസിദ്ധപ്പെടുത്തിയ വേക്കൻസിക്കനുസരിച്ച് പുതിയ ഓപ്ഷനുകൾ എഴുതി ചേർത്ത് ഏറ്റവും അടുത്ത സർക്കാർ/ എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളിൽ വെരിഫിക്കേഷനായി സമർപ്പിക്കണം. സപ്ലിമെന്ററി അലോട്ട്‌മെന്റിനായുള്ള വേക്കൻസിയും മറ്റു വിവരങ്ങളും അഡ്മിഷൻ വെബ്‌സൈറ്റിൽ (www.hscap.kerala.gov.in) ലഭ്യമാണ്.

Read More >>