എലികൾക്കു സ്വാഗതം! എലികൾക്കായി മനോഹര വീടുകൾ പണിത് ഫോട്ടോഗ്രാഫർ

വീടിന്റെ പിന്നിൽ പൂച്ചയെപ്പേടിച്ച് ഓടിവന്ന എലിയെ കണ്ടതോടെയാണ് ഇവരുടെ സംരക്ഷണത്തിനായി എന്തെങ്കിലും ചെയ്യണമെന്ന് സൈമണിന് തോന്നിയത്.

എലികൾക്കു സ്വാഗതം! എലികൾക്കായി മനോഹര   വീടുകൾ പണിത് ഫോട്ടോഗ്രാഫർ

മൃഗങ്ങളോടുള്ള സ്‌നേഹം കാരണം പലരും വീടുകളിൽ നായ, പൂച്ച തുടങ്ങിയവയെ വളർത്താറുണ്ട്. എന്നാൽ, യു.കെയിലെ ഷെഫീൽഡിലുള്ള വന്യമൃഗ ഫോട്ടോഗ്രാഫറായ സൈമൺ ഡെൽ സംരക്ഷിക്കുന്നത് ഇവയെ ഒന്നുമല്ല. എലികളാണ് ഇദ്ദേഹത്തിന്റെ 'പെറ്റ്'.

എലികൾക്കായി തന്റെ വീടിന്റെ പിറകിൽ സുന്ദരമായ കൊച്ചു വീടുകൾ പണിതിരിക്കുകയാണ് ഇദ്ദേഹം. 2018ലാണ് ഇത്തരമൊരു ആശയത്തിന്റെ തുടക്കം. വീടിന്റെ പിന്നിൽ പൂച്ചയെപ്പേടിച്ച് ഓടിവന്ന എലിയെ കണ്ടതോടെയാണ് ഇവരുടെ സംരക്ഷണത്തിനായി എന്തെങ്കിലും ചെയ്യണമെന്ന് സൈമണിന് തോന്നിയത്.

പിന്നെ ഒന്നും ആലോചിച്ചില്ല. അവയ്ക്കായി വീടുകൾ തന്നെ അങ്ങ് പണിതേക്കാം എന്നുതോന്നി. മരത്തടി ഉപയോഗിച്ച് കൊച്ചു വീടുകൾ പണിതു. വാതിലും ജനലും പോസ്റ്റ് ബോക്‌സും ഡൈനിങ് ടേബിളുമെല്ലാമുള്ള വീടാണ് എലികൾക്കായി ഇദ്ദേഹം പണിതത്. എലികൾക്കു മാത്രം കയറാൻ സാധിക്കുന്ന ചെറിയ വാതിലും ജനലുമാണ് ഇവയക്ക് വച്ചിരിക്കുന്നത്. വീടിന് മുന്നിൽ പൂച്ചെടികളും പഴങ്ങളും മറ്റും വച്ച് അലങ്കരിച്ചിട്ടുണ്ട്. ആദ്യം ഒരു വീടാണ് നിർമ്മിച്ചത്. എന്നാൽ, പിന്നീട് എലികളുടെ എണ്ണം കൂടി വന്നതോടെ കുറേ വീടുകൾ നിർമ്മിക്കേണ്ടി വന്നു.

ബൈക്കും സൈക്കിളുമെല്ലാം എലികളുടെ വീടിനുമുമ്പിലുമുണ്ട്. ആദ്യം ഒരു അമ്പരപ്പൊക്കെ ഉണ്ടായെങ്കിലും പിന്നീട് എലികൾ പുതിയ വീടുമായി ഇണങ്ങിയെന്ന് സൈമൺ പറഞ്ഞു. ഇടവേളകളിൽ എലികളുടെ വീടിന് സമീപം ചെന്ന് അവയുടെ ചലനങ്ങള്‍ നിരീക്ഷിക്കുകയും ചിത്രങ്ങൾ പകർത്തുകയും ചെയ്യാറുണ്ട്.

ഇവയ്ക്കുള്ള ഭക്ഷണങ്ങൾ സമയാസമയം അദ്ദേഹം വീടുകൾക്കു മുമ്പിൽ കൊണ്ടുവയ്ക്കും. അവ എടുക്കാൻ വരുമ്പോഴും കഴിക്കുമ്പോഴും മനോഹര നിമിഷങ്ങൾ തന്റെ ക്യാമറയിൽ പകർത്തുകയും ചെയ്യും.

ഒമ്പത് എലികളാണ് ഇപ്പോൾ സൈമണിന്റെ വീടിനു പിറകിലുള്ള കൊട്ടാരങ്ങളിൽ താമസിക്കുന്നത്. അതിൽ ഒരു പെൺ എലി ഗർഭിണിയാണ്. അതുകൊണ്ട് കൂടുതൽ വീടുകൾ പണിയേണ്ടിവരുമെന്നതാണ് കരുതുന്നതെന്ന് സൈമൺ പറഞ്ഞു.

Read More >>