മൂന്നാം ജയം തേടി ഇന്ത്യ കിവീസിനെതിരെ

ഇന്ത്യൻ സമയം ഉച്ചക്ക് മൂന്നുമണിക്ക് വെസ്റ്റ് ബ്രിഡ്ജ്‌ഫോർഡിലെ ട്രന്റ് ബ്രിഡ്ജ് സ്റ്റേഡിയത്തിലാണ് മത്സരം.

മൂന്നാം ജയം തേടി ഇന്ത്യ കിവീസിനെതിരെ

തുടർച്ചയായ മൂന്നാം ജയം തേടി ഇന്ത്യ ഇന്ന് ന്യൂസീലൻഡിനെതിരെ. ലോകകപ്പിൽ ഇതുവരെയുള്ള മത്സരങ്ങളിലെല്ലാം വിജയിച്ചാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്. ഇന്ത്യൻ സമയം ഉച്ചക്ക് മൂന്നുമണിക്ക് വെസ്റ്റ് ബ്രിഡ്ജ്‌ഫോർഡിലെ ട്രന്റ് ബ്രിഡ്ജ് സ്റ്റേഡിയത്തിലാണ് മത്സരം.

ലോകകപ്പിൽ മൂന്നു മൽസരങ്ങളിൽ മൂന്നും ജയിച്ചു പോയിന്റ് പട്ടികയിൽ ഒന്നാമതാണ് കിവീസ്. രണ്ടു മൽസരങ്ങളിൽ രണ്ട് വിജയം നേടി ഇന്ത്യ നാലാം സ്ഥാനത്തും.

സന്നാഹമത്സരത്തിൽ ന്യൂസീലൻഡിനോടേറ്റ പരാജയത്തിന് മറുപടി കൊടുക്കാനുള്ള അവസരം കൂടിയാണ് ഇന്ത്യക്ക് ഇന്നത്തെ മത്സരം. ഓവലിൽ നടന്ന സന്നാഹ മത്സരത്തിൽ മാറ്റ് ഹെന്റിയുടെയും ലൂക്കി ഫെർഗൂസണിന്റെയും നേതൃത്വത്തിലുള്ള കിവി പേസർമാർ ഇന്ത്യയെ 179 റൺസിലേക്ക് ഒതുക്കി.

ലോകകപ്പിൽ ദക്ഷിണാഫ്രിക്കയുമായുള്ള ആദ്യ മത്സരത്തിൽ പതിനഞ്ച് പന്തുകൾ ബാക്കിനിൽക്കേ ആറ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. നാല് വിക്കറ്റ് നഷ്ടത്തിൽ 230 റണ്ണുകൾ ഇന്ത്യ നേടിയിരുന്നു. രണ്ടാം മൽസരത്തിൽ ഓസ്‌ട്രേലിയയെ എതിരിട്ടപ്പോൾ 36റണ്ണുകൾക്ക് ഇന്ത്യ വിജയിച്ചു. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 352 റണ്ണുകളായിരുന്നു ടീം ഇന്ത്യ നേടിയത്.

സൗതാംപ്ടനിലെ ഹാംഷർ ബൗളിൽ നടന്ന ആദ്യ മത്സരത്തിൽ മാൻ ഓഫ് ദ മാച്ചായ ഓപ്പണർ രോഹിത് ശർമയുടെ സെഞ്ച്വറിയുടെ കരുത്തിലാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത്. 122 റൺസുമായി രോഹിത് പുറത്താകാതെ നിന്നു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക 50 ഓവർ പൂർത്തിയാക്കി ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 227 റൺസായിരുന്നു നേടിയത്. ബൗളിങ്ങിൽ ദക്ഷിണാഫ്രിക്കയുടെ നാലുവിക്കറ്റുകൾ നേടാൻ ഇന്ത്യയുടെ യുസ്‌വേന്ദ്ര ചാഹലിനു സാധിച്ചു.

ദക്ഷിണാഫ്രിക്കക്കെതിരേ നേടിയത് രോഹിതിന്റെ 23ാമത് ഏകദിന സെഞ്ച്വറിയായിരുന്നു. 144 പന്തിൽ 13 ബൗണ്ടറിയും രണ്ടു സിക്‌സും ഉൾപ്പെടുന്നതാണ് രോഹിത്തിന്റെ ഇന്നിങ്‌സ്. വിജയത്തിനു തൊട്ടുമുമ്പ് വരെ കൂട്ടുനിന്ന മഹേന്ദ്രസിങ് ധോണി അവസാന നിമിഷം പുറത്തായെങ്കിലും ഹാർദിക് പാണ്ഡ്യയെ കൂട്ടുപിടിച്ച് രോഹിത് ഇന്ത്യയുടെ വിജയറൺ കുറിക്കുകയായിരുന്നു. ധോണി 46 പന്തിൽ രണ്ടു ബൗണ്ടറി സഹിതം 34 റൺസെടുത്തപ്പോൾ പാണ്ഡ്യ 15 പന്തിൽ 15 റൺസുമായി പുറത്താകാതെ നിന്നു. സ്‌കോർ ബോർഡിൽ 13 റൺസ് മാത്രമുള്ളപ്പോൾ ശിഖർ ധവാൻ പുറത്തായിരുന്നു.

ഓവൽ സ്‌റ്റേഡിയത്തിലെ രണ്ടാം മൽസരത്തിൽ ആദ്യം ബാറ്റു ചെയ്ത ഇന്ത്യയ്ക്ക് ശിഖർ ധവാന്റെ സെഞ്ച്വറി മികവിൽ 352 റൺസ് നേടാൻ സാധിച്ചപ്പോൾ മറുപടി ബാറ്റിങിനിറങ്ങിയ ഓസീസിന് 316 റൺസേ എടുക്കാനായുള്ളൂ. ശിഖർ ധവാൻ മാത്രമാണ് സെഞ്ച്വറി കണ്ടതെങ്കിലും ഇന്ത്യയുടെ ടോപ് ഓർഡർ ബാറ്റ്സ്മാന്മാർ എല്ലാം നല്ല ഫോമിലായിരുന്നു. തുടർച്ചയായ രണ്ടാം മത്സരത്തിലും രോഹിത് മികവു തുടർന്നു. അമ്പത്തിയേഴ് റൺസെടുത്ത രോഹിതിനെ കൗണ്ടർനൈലിന്റെ പന്തിൽ കാരി പുറത്താക്കി. റൺമെഷീൻ ക്യാപ്റ്റൻ വിരാട് കോലി 82 ഉം നാലാമനായി ബാറ്റിങിനിറങ്ങിയ ഹർദിക് പാണ്ഡ്യ 48 ഉം റൺസെടുത്തു. 27 പന്തിൽ മൂന്ന് സിക്സറും നാല് ബൗണ്ടറിയും അടങ്ങുന്നതാണ് പാണ്ഡ്യയുടെ ഇന്നിങ്സ്. കോലി രണ്ടു സിക്സും നാല് ബൗണ്ടറിയും നേടി. ഇതിൽ അതിവേഗക്കാരൻ മിച്ചൽ സ്റ്റാർകിനെതിരെ നേടിയ സിക്സർ അതിമനോഹരമായിരുന്നു. 14 പന്തിൽ നിന്ന് 27 റൺസ് നേടിയ ധോണിയും മൂന്നു പന്തിൽ നിന്ന് 11 റൺസ് നേടിയ കെ.എൽ രാഹുലും മികച്ച പ്രകടനം നടത്തിയിരുന്നു.

ഉൽഘാടന മത്സരത്തിൽ പത്ത് വിക്കറ്റിന് മുൻ ചാമ്പ്യന്മാരായ ശ്രീലങ്കയെ കെട്ടുകെട്ടിച്ചായിരുന്നു ന്യൂസീലൻഡിന്റെ അരങ്ങേറ്റം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ലങ്കയെ കിവി പേസർമാർ 29.2 ഓവറിൽ 136 റൺസിന് കൂടാരം കയറ്റി. കിവീസിനുവേണ്ടി ഓപണർമാരായ മാർട്ടിൻ ഗപ്റ്റിലും (73) കോളിൻ മന്റോയും (58) ട്വന്റി ക്രിക്കറ്റ് മാതൃകയിൽ 16.1 ഓവറിൽ കളി തീർത്തു. ഏഴ് ഓവറിൽ 29 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ മാറ്റ് ഹെന്റിയാണ് ലങ്കയെ തകർത്തത്. ആദ്യ മത്സരത്തിൽ ശ്രീലങ്കയെ പരാജയപ്പെടുത്തിയ ന്യൂസീലൻഡ് രണ്ടാം മൽസരത്തിൽ രണ്ട് വിക്കറ്റിന് ബംഗ്ലാദേശിനെയും മൂന്നാം മൽസരത്തിൽ എഴ് വിക്കറ്റിന് അഫ്ഗാനിസ്ഥാനെയും പരാജയപ്പെടുത്തി. തുടർച്ചയായി മൂന്ന് ഏഷ്യൻ രാജ്യങ്ങളെ പരാജയപ്പെടുത്തിയ ശേഷമാണ് ന്യൂസീലൻഡ് ഇന്ന് ഇന്ത്യയെ നേരിടുന്നത്.

ഓസീസിനെതിരെ സെഞ്ച്വറി നേടിയ ഓപണർ ശിഖർധവാൻ കൈവിരലിന് പരിക്കേറ്റു പുറത്തു പോയത് ഇന്ന് ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. ശിഖറിന് പകരം കെ.എൽ രാഹുലായിരിക്കും രോഹിതിനൊപ്പം ഓപൺ ചെയ്യുക. നാലാം നമ്പറിൽ ദിനേശ് കാർത്തിക്കോ വിജയ് ശങ്കറോ വരും. ബൗളർ കം ബാറ്റ്സ്മാനെ പരിഗണിക്കുകയാണെങ്കിൽ രവീന്ദ്ര ജഡേജയ്ക്ക് നറുക്കു വീഴും.

ലോകകപ്പിൽ ഇതുവരെ ഏറ്റുമുട്ടിയത് പരിഗണിക്കുമ്പോൾ ഇന്ത്യയ്ക്കാണ് മുൻതൂക്കം. ഏഴു മത്സരങ്ങളിൽ നാലു ജയം ഇന്ത്യക്കും മൂന്നു ജയം കിവികൾക്കും. മഴപെയ്യുമോ എന്ന ആശങ്കയുണ്ട്.

Read More >>