ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം ബംഗാളില്‍ ഹിന്ദുത്വശക്തികളുടെ അഴിഞ്ഞാട്ടം

വിഷലിപ്തമായ പ്രചരണങ്ങള്‍കൊണ്ട് ബംഗാളിന്റെ അന്തരീക്ഷത്തെ മലീമസമാക്കുന്നു. മതസ്പര്‍ദ്ധ വര്‍ദ്ധിപ്പിച്ച് വംശീയപ്രചരണങ്ങള്‍ വഴി ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം ബംഗാളില്‍ ഹിന്ദുത്വശക്തികളുടെ അഴിഞ്ഞാട്ടം

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയത്തിനു ശേഷം ബംഗാളിന്റെ രാഷ്ട്രീയ അന്തരീക്ഷത്തില്‍ ഭയാനകമായ മാറ്റങ്ങളുണ്ടാവുന്നതായി റിപോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുന്നു. ബിജെപിയുമായി നേരിട്ട് ബന്ധപ്പെട്ടവര്‍ക്കു പുറമേ സംഘപരിവാര്‍, ഹിന്ദുത്വ ആശയങ്ങളാല്‍ പ്രചോദിതരായ വിവിധ സംഘങ്ങള്‍ സംസ്ഥാനത്ത് സജീവമായിക്കൊണ്ടിക്കുകയാണ്. രാഷ്ട്രീയാന്തരീക്ഷത്തില്‍ കഴിയുന്നത്ര അസ്വസ്ഥതകള്‍ സൃഷ്ടിച്ച് സ്ഥിതിഗതികള്‍ തങ്ങള്‍ക്കനുകൂലമാക്കുകയാണ് അജണ്ട.

ഉദാഹരണത്തിന് അത്തരം ആക്റ്റിവിസ്റ്റുകളിലൊരാളാണ് ദീപക് ശര്‍മ്മ. രാഷ്ട്രീയ സ്വാഭിമാന്‍ ദള്‍ എന്ന സംഘടനയ്ക്ക് രൂപം കൊടുത്ത ഇയാള്‍ സോഷ്യല്‍ മീഡിയയെയാണ് തന്റെ തട്ടകമാക്കി എടുത്തിരിക്കുന്നത്. ഹിന്ദുധര്‍മ്മ പ്രചാരകനും രാഷ്ട്രസേവകനുമെണെന്ന് സ്വയം വിശേഷിപ്പിക്കുന്നത്. ഇവരുടെ അനുഭാവികള്‍ വിഷലിപ്തമായ പ്രചരണങ്ങള്‍കൊണ്ട് ബംഗാളിന്റെ അന്തരീക്ഷത്തെ മലീമസമാക്കുന്നു. മതസ്പര്‍ദ്ധ വര്‍ദ്ധിപ്പിച്ച് വംശീയപ്രചരണങ്ങള്‍ വഴി ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.


ഇക്കഴിഞ്ഞ ജനുവരിയില്‍ സംഘടനയെ കുറിച്ച് മനുഷ്യാവകാശകമ്മീഷന് പരാതി ലഭിച്ചിരുന്നു. ഇതിനെതിരേ ഇപ്പോഴും നടപടിയൊന്നുമായില്ല. ഫെയ്‌സ്ബുക്കിനും പരാതി പോയിരുന്നു. അതേതുടര്‍ന്ന് ദീപക് ശര്‍മയുടെ പേജ് ഫെയ്‌സ്ബുക്ക് വിലക്കി. എങ്കിലും വ്യാജനാമങ്ങളിലും മറ്റും ഇപ്പോഴും ഇവര്‍ സജീവമാണ്. മൂന്ന് പേജുകളാണ് ഇയാള്‍ക്കുള്ളത്. ഭഗ്വ ഹിന്ദ്, ദീപക് ശര്‍മ്മ, ദീപക് ശര്‍മ്മ-എക് വിചാരധാര. ഓരോ പേജിലും പതിനായിരത്തോളം ഫോളോവേഴ്‌സും.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിപിമ്മിനെതിരേയും ത്രിണമൂലിനെതിരേയും കടുത്ത ഭാഷയിലായിരുന്നു ഇയാള്‍ കുപ്രചരണങ്ങള്‍ അഴിച്ചുവിട്ടത്. നാല്‍പ്പതുകൊല്ലത്തെ സിപിഎം ഭരണത്തിലും 15 കൊല്ലത്തെ ത്രിണമൂല്‍ ഭരണത്തിലും ബംഗാളിനെ സിറിയയാക്കി മാറ്റാനുള്ള ശ്രമം നടന്നു. ബംഗ്ലാദേശി ഭീകരവാദികള്‍ക്ക് മമത ഒളിയിടങ്ങള്‍ ഒരുക്കിക്കൊടുത്തു. ബംഗാളില്‍ ജയ് ശ്രീരാം എന്ന് പറയുന്നത് കുറ്റകൃത്യമായി മാറി- ഇങ്ങനെ പോകുന്നു ആരോപണങ്ങള്‍.

മറ്റൊരു വീഡിയോയില്‍ രാമരാജ്യം വരണമെന്ന് ആഹ്വാനം ചെയ്യുന്നു. മോദിയുടെ ചിത്രത്തോടെയാണ് ഈ ആരോപണം എഫ്ബിയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്, കൂടെ മലാഗോവ് സ്‌ഫോടനത്തിലെ പ്രതി സ്വാധ്വി പ്രഗ്യാ സിങ് ടാക്കൂറും. ബിജെപിയിലെ ഏറ്റവും കുപ്രസിദ്ധരായവരുടെ ചിത്രങ്ങളാണ് ദീപകിന്റെ എഫ്ബി വാളിനെ അലങ്കരിക്കുന്നത്. അവിശ്വാസികളുടെ തലയറുക്കണമെന്ന് ആവശ്യപ്പെടുന്ന ഒരു വീഡിയോയില്‍ ഗോദ്രയെ പോലുള്ള ആക്രമണങ്ങള്‍ ഇനിയും ഉണ്ടാവണമെന്ന ആഗ്രഹം പ്രകടിപ്പിക്കുന്നു.

ഭാരതീയ ജനത യുവ മോര്‍ച്ച സെക്രട്ടറി പ്രീതി സെതിയ സെക്രട്ടറി തലയില്‍ ഷാളിട്ട മമതയുടെ ചിത്രമാണ് പങ്കുവക്കുന്നത്. ഇത്തരം വ്യക്തികള്‍ ബംഗാളില്‍ ഇപ്പോള്‍ പൊതുസമ്മതരായി മാറിക്കൊണ്ടിരിക്കയാണ്. ഓണ്‍ലൈനില്‍ മാത്രമല്ല, താഴെ തലത്തിലും ഇത്തരക്കാരുടെ സാന്നിദ്ധ്യമുണ്ട്. ബിജെപിയുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നാണ് സംഘങ്ങളുടെ നിലപാടെങ്കിലും താഴെ തലത്തില്‍ ഒരേ ആശയങ്ങളാണ് ഇവര്‍ പങ്കുവയ്ക്കുന്നത്.

തെരഞ്ഞെടുപ്പിന് ശേഷം ത്രിണമൂല്‍ ബിജെപി സംഘര്‍ഷം ഏറെ വര്‍ധിച്ചിട്ടുണ്ട്. രണ്ട് ത്രിണമൂല്‍ പ്രവര്‍ത്തകരും ഒരു ബിജെപി പ്രവര്‍ത്തകനും സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടു. സംഘര്‍ഷങ്ങളില്‍ പോലിസിന് കടുത്ത രീതിയിലാണ് ഇടപെടേണ്ടി വന്നത്. സംസ്ഥാനത്തിനു പുറത്തുനിന്നുള്ള ശക്തികള്‍ ഭീതി പരത്തുകയാണെന്നാണ് ഇതേ കുറിച്ചുള്ള മമതയുടെ നിലപാട്. മെയ് 30 ന് മമതയുടെ കാറിനു മുന്നില്‍ വന്ന് തെറിവിളിക്കുകയും ജയ് ശ്രീരാം മുഴക്കുകയു ചെയ്തവരെ അറസ്റ്റ് ചെയ്തത് ഒരു അവസരമായാണ് ഹിന്ദുത്വര്‍ കരുതുന്നത്. പുറത്തുനിന്നുള്ളവരെന്ന അഭിപ്രായത്തിനെതിരേ ധാരാളം പ്രതിഷേധങ്ങള്‍ അരങ്ങേറി. മമതയോടുള്ള എതിര്‍പ്പിനേക്കാള്‍ അവരതൊരു അവസരമായി കാണുകയായിരുന്നു, ഹിന്ദുത്വര്‍.സംഘര്‍ഷങ്ങള്‍ റിപോര്‍ട്ട് ചെയ്ത് മമത സര്‍ക്കാരിനെ പിരിച്ചുവിടാനുള്ള പദ്ധതിയാണ് ഹിന്ദുത്വരുടെ ഒരു അജണ്ട. കേന്ദ്ര സര്‍ക്കാരിലെ ചിലരെങ്കിലും രഹസ്യമായി ഈ അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. വര്‍ഗീയധ്രുവീകരണം വര്‍ധിപ്പിക്കാനുള്ള അവസരമായും ഇത് കാണുന്നു. ചുരുക്കത്തില്‍ ബംഗാള്‍ ഹിന്ദുത്വത്തിന്റെ പരീക്ഷണശാലയായി മാറുകയാണ്.

Read More >>