തിങ്കളാഴ്ച ഡോക്ടര്‍മാര്‍ രാജ്യവ്യാപകമായി പണിമുടക്കും; ബംഗാളില്‍ നൂറോളം ഡോക്ടര്‍മാര്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് രാജിവച്ചു

ചൊവ്വാഴ്ച കൊല്‍ക്കത്ത എന്‍ആര്‍എസ് മെഡിക്കല്‍ കോളജില്‍ നടന്ന അക്രമസംഭവങ്ങളെ തുടര്‍ന്നാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം തുടങ്ങിയത്.

തിങ്കളാഴ്ച ഡോക്ടര്‍മാര്‍ രാജ്യവ്യാപകമായി പണിമുടക്കും; ബംഗാളില്‍ നൂറോളം ഡോക്ടര്‍മാര്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് രാജിവച്ചു

ബംഗാളില്‍ സമരം ചെയ്യുന്ന ജൂനിയര്‍ ഡോക്ടര്‍മാരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് തിങ്കളാഴ്ച രാജ്യത്തെ മുഴുവന്‍ ഡോക്ടര്‍മാരും പണിമുടക്കും. സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഇന്ന് വിവിധ സംസ്ഥാനങ്ങളില്‍ നടന്ന ജൂനിയര്‍ ഡോക്ടര്‍മാരുടെ പണിമുടക്ക് ആരോഗ്യമേഖല സ്്തംഭിപ്പിച്ചുവെന്ന് പിടിഐ റിപോര്‍ട്ട് ചെയ്തു.

ഡോക്ടര്‍മാരുടെ സമരത്തെ ഒരു അഭിമാനപ്രശ്‌നമായെടുക്കരുതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയോട് അഭ്യര്‍ത്ഥിച്ചു. ഡോക്ടര്‍മാരുടെ സുരക്ഷയുടെ കാര്യത്തില്‍ രാജ്യം പ്രതിജ്ഞാബദ്ധരാണെന്ന് കേന്ദ്രമന്ത്രി ഉറപ്പുനല്‍കി. മമതാ ബാനര്‍ജി മാപ്പുപറയണമെന്ന് സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ പ്രസ്താവനയില്‍ ആവര്‍ത്തിച്ചു.

ചൊവ്വാഴ്ച കൊല്‍ക്കത്ത എന്‍ആര്‍എസ് മെഡിക്കല്‍ കോളജില്‍ നടന്ന അക്രമസംഭവങ്ങളെ തുടര്‍ന്നാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം തുടങ്ങിയത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗിയുടെ മരണം ഡോക്ടര്‍മാരുടെ അനാസ്ഥയാണെന്ന് ആരോപിച്ച് ജനക്കൂട്ടം ഡോക്ടര്‍മാരെ ആക്രമിക്കുകയായിരുന്നു.

ഡ്യൂട്ടിയില്‍ തിരിച്ചെത്തിണമെന്ന് മുഖ്യമന്ത്രി അന്ത്യശാസനം നല്‍കിയെങ്കിലും സമരക്കാര്‍ അത് തള്ളിക്കളയുകയായിരുന്നു. സമരം രാഷ്ട്രീയപ്രേരിതവും ബിജെപിയാണ് പിന്നിലെന്നുമാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വാദം.

Read More >>