പ്രധാനമന്ത്രി പറയുന്നതും രാജ്യം കണ്ടുകൊണ്ടിരിക്കുന്നതും

ജനം ഈശ്വരരൂപം പ്രാപിച്ച് എഴുതിയ വിധിയാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിലേത് എന്നാണ് പ്രധാനമന്ത്രി മോദി ഗുരുവായൂരിൽ പറഞ്ഞത്. കേരളത്തിലെ ജനങ്ങൾ ഈശ്വരരൂപം പ്രാപിച്ച് ബി.ജെ.പി സ്ഥാനാർത്ഥികൾക്ക് വോട്ടുനൽകാതെ കോൺഗ്രസ്സിനും അതിന്റെ സഖ്യകക്ഷികൾക്കും നൽകിയത് എന്തുകൊണ്ടാണെന്ന് പ്രധാനമന്ത്രി വിശദീകരിക്കേണ്ടതുണ്ട്. കേരളത്തിലെ കമ്മ്യൂണിസ്റ്റുഭരണം വിശ്വാസത്തോടും സംസ്‌ക്കാരത്തോടും അവമതിപ്പു നടത്തുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു

പ്രധാനമന്ത്രി പറയുന്നതും രാജ്യം കണ്ടുകൊണ്ടിരിക്കുന്നതും

അപ്പുക്കുട്ടൻ വള്ളിക്കുന്ന്

രണ്ടാമതും അധികാരത്തിൽ വന്നശേഷം കേരളത്തിൽ ആദ്യമായി വന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ കാര്യങ്ങൾ ചില ചോദ്യങ്ങൾ ഉയർത്തുകയും ഉത്തരങ്ങൾ ആവശ്യപ്പെടുകയും ചെയ്യുന്നു. മോദിയുടെ ക്ഷേത്ര സന്ദർശനത്തോടനുബന്ധിച്ച് ഗുരുവായൂരിൽ ബി.ജെ.പി സംഘടിപ്പിച്ച അഭിനന്ദന സമ്മേളനത്തിൽ മോദിതന്നെ പറഞ്ഞു: പരാജയപ്പെട്ടിടത്ത് എന്തിനാണ് നന്ദിപറയാൻ മോദി വരുന്നതെന്ന് ചിലർ ചോദിക്കുന്നുണ്ടാവാം. അതിന് രണ്ടു കാരണങ്ങളാണ് പ്രധാനമന്ത്രി പറഞ്ഞത്: ഒന്ന്, 'കേരളത്തിൽനിന്ന് ബി.ജെ.പിയിലെ ആരും വിജയിച്ചില്ലെങ്കിലും വിജയിച്ചവരെപ്പോലെ എതിർത്തവരെയും കൂടെനിർത്തുന്ന സർക്കാറാണ് തന്റേത്.' രണ്ടാമത്, 'ഭൂമിയിലെ വൈകുണ്ഠമാണ് ഗുരുവായൂർ. ഗുജറാത്തിൽ ജനിച്ച് ദ്വാരകയിലെ മണ്ണിൽനിന്നുവരുന്ന ആർക്കും ഗുരുവായൂർ പ്രിയപ്പെട്ടതാകും.'

പ്രധാനമന്ത്രിയുടെ പ്രസ്താവനയിൽ വിശ്വാസപരമായി അദ്ദേഹം പറഞ്ഞ രണ്ടാമത്തെ കാര്യം വസ്തുതാപരമായി ആദ്യം പരിശോധിക്കാം.

തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി രാജ്യത്തിന്റെ പല ഭാഗങ്ങളിലും 122 കേന്ദ്രങ്ങളിൽ അനൗദ്യോഗിക തെരഞ്ഞെടുപ്പു റാലികൾ പ്രധാനമന്ത്രി നടത്തുകയുണ്ടായി. 2018 ഡിസംബർ - 2019 ജനുവരി മാസങ്ങളിൽ സർക്കാർ പദ്ധതി ഉൽഘാടനങ്ങളുമായി. കേരളത്തിൽ ജനുവരി 12ന് തൃശൂരിലായിരുന്നു പ്രധാനമന്ത്രിയുടെ പരിപാടി.

തന്റെ ഗവണ്മെന്റ് വികസിപ്പിക്കുന്ന ഊർജ്ജ പദ്ധതികളെക്കുറിച്ചാണ് മോദി തൃശൂരിൽ സംസാരിച്ചത്. അന്ന് അദ്ദേഹത്തിന്റെ പ്രസംഗത്തിൽ ത്രസിച്ചുനിന്നത് ഗുരുവായൂർ ക്ഷേത്രം ആയിരുന്നില്ല. ശബരിമലയായിരുന്നു. നൂറ്റാണ്ടുകളെ അതിജീവിച്ച കേരളീയ സംസ്ക്കാരത്തിന്റെ ഭാഗമായ ശബരിമലയെ തകർക്കാനുള്ള സംസ്ഥാനത്തെ കമ്മ്യൂണിസ്റ്റ് സർക്കാറിന്റെ നീക്കത്തെക്കുറിച്ചും അത് ദേശീയ തലത്തിൽ ഉയർത്തിയ ഉൽക്കണ്ഠയെ കുറിച്ചുമാണ് മോദി വാചാലനായത്. പ്രതിപക്ഷത്തിരിക്കുന്ന കോൺഗ്രസ് തന്നെ അപമാനിക്കുന്നതുതൊട്ട് തന്റെ സർക്കാർ ബഹിരാകാശ ശാസ്ത്രജ്ഞൻ നമ്പിനാരായണന് പത്മ അവാർഡ് നൽകിയതടക്കമുള്ള വിഷയങ്ങൾ മോദി പരാമർശിച്ചു. ഗുരുവായൂർ മാഹാത്മ്യം ഓർക്കാനോ പറയാനോ അദ്ദേഹം ശ്രമിക്കുകയുണ്ടായില്ല.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ശബരിമല വിശ്വാസത്തിന്റെ പേരിൽ പത്തനംതിട്ട, തിരുവനന്തപുരം, തൃശൂർ ലോകസഭാ മണ്ഡലങ്ങൾ പിടിച്ചെടുക്കാൻ സംഘടിതനീക്കമാണ് നടത്തിയത്. ആ ആസൂത്രണം ദയനീയമായി പരാജയപ്പെട്ടെങ്കിലും. നിങ്ങൾക്കൊരു മന്ത്രി എന്ന നിലയിൽ എറണാകുളത്ത് അവതരിപ്പിച്ച മോദിയുടെ മന്ത്രിസഭാംഗത്തിനുപോലും ജാമ്യസംഖ്യ ജനങ്ങൾ നഷ്ടപ്പെടുത്തി.

വിശ്വാസപരവും ആത്മീയവുമായ ഒരു തിരുത്താണോ അധികാരമേറ്റയുടനെ മോദി ഗുരുവായൂരെത്തി തുലാഭാരം നടത്തിയതെന്നുപോലും വിശ്വാസികളായവർ ചിന്തിച്ചുപോകും. പ്രത്യേകിച്ചും താമര വിരിയുമെന്നുറപ്പിച്ച, അതിനുവേണ്ടി പലവട്ടം കേരളത്തിൽ റാകിപ്പറന്ന മോദി കേരളത്തിലെ നൂറുശതമാനം തോൽവിക്കുശേഷം താമരപ്പൂക്കളുമായി ഗുരുവായൂരിൽ തുലാഭാരം നടത്തുമ്പോൾ. അധികാരത്തിലേറ്റിയാൽ അയോദ്ധ്യയിൽ രാമക്ഷേത്രമെന്ന് ഉറപ്പുനൽകിയതുപോലെ ശബരിമലക്കുവേണ്ടി കേന്ദ്രം പ്രത്യേക നിയമനിർമ്മാണം നടത്തുമെന്ന തെരഞ്ഞെടുപ്പിലെ ഉറപ്പും പ്രധാനമന്ത്രി മറന്നതായി തോന്നുന്നു.

ശബരിമല ഒരു 'സുവർണ്ണാവസര'മായി ബി.ജെ.പിക്കും മോദി ഗവണ്മെന്റിനും ഉള്ളംകൈയിൽ ലഭിച്ചിട്ടും ലോകസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥികളിൽ 13 പേർക്കും കേരളത്തിൽ കെട്ടിവെച്ച പണം നഷ്ടമായി. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ രാമനും ശാസ്താവിനും പകരം ഗുരുവായൂരപ്പനായ സാക്ഷാൽ കൃഷ്ണനെയാണോ മോദി ആശ്രയിക്കുക എന്ന സൂചനയാണോ ഈ മാറ്റമെന്നും പറയാനാകില്ല. ഗുരുവായൂർ സന്ദർശനം കഴിഞ്ഞ് നേരെ മാലിദ്വീപിലേക്കും അവിടെനിന്ന് ശ്രീലങ്കയിലേക്കും പോയ പ്രധാനമന്ത്രി മടക്കയാത്രയിൽ ആന്ധ്രയിലെ തിരുപ്പതി വെങ്കടേശ്വരനെ സന്ദർശിക്കാനാണ് പോയത്. വാരാണസി തന്റെ മണ്ഡലമാക്കി കേദാർനാഥ്, ഋഷികേശ് തുടങ്ങി ഉത്തരേന്ത്യയിലെ എല്ലാ ഹിന്ദു പുണ്യക്ഷേത്രങ്ങളും സന്ദർശിച്ച് വോട്ടു രാഷ്ട്രീയത്തിന് പുതിയൊരു മാനം സൃഷ്ടിച്ച ആദ്യ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. ബി.ജെ.പിയിൽ നിന്ന് അകന്നു നിൽക്കുന്ന ദക്ഷിണേന്ത്യയെ ആരാധനയും ഭക്തിമാർഗ്ഗവും ഉപയോഗിച്ച് രാഷ്ട്രീയായുധമാക്കാൻ പാടവമുളള മോദി തമിഴകത്ത് പഴനി സുബ്രഹ്മണ്യനെ ദർശിക്കാനും ഏറെ വൈകുമെന്നു തോന്നുന്നില്ല.

ജനം ഈശ്വരരൂപം പ്രാപിച്ച് എഴുതിയ വിധിയാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിലേത് എന്നാണ് പ്രധാനമന്ത്രി മോദി ഗുരുവായൂരിൽ പറഞ്ഞത്. കേരളത്തിലെ ജനങ്ങൾ ഈശ്വരരൂപം പ്രാപിച്ച് ബി.ജെ.പി സ്ഥാനാർത്ഥികൾക്ക് വോട്ടുനൽകാതെ കോൺഗ്രസ്സിനും അതിന്റെ സഖ്യകക്ഷികൾക്കും നൽകിയത് എന്തുകൊണ്ടാണെന്ന് പ്രധാനമന്ത്രി വിശദീകരിക്കേണ്ടതുണ്ട്. കേരളത്തിലെ കമ്മ്യൂണിസ്റ്റുഭരണം വിശ്വാസത്തോടും സംസ്ക്കാരത്തോടും അവമതിപ്പു നടത്തുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. എന്നിട്ടും ഹിന്ദു വിശ്വാസ സംരക്ഷകരെന്ന് സ്വയം പ്രഖ്യാപിച്ച് മതത്തേയും ദൈവങ്ങളേയും രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുന്ന ബി.ജെ.പിയെ സംസ്ഥാനത്തെ ജനങ്ങൾ എന്തേ അനുഗ്രഹിക്കാതിരുന്നത്.

ഇത് കേരളത്തിന്റെമാത്രം പ്രശ്നവുമല്ല. തമിഴ്നാട്ടിലും ആന്ധ്രയിലും തെലങ്കാനയിലും സിക്കിമിലും ജമ്മു-കശ്മീരിലും ബി.ജെ.പിക്ക് മറ്റിടങ്ങളിലേതുപോലെ വിജയം തൂത്തുവാരാനായില്ല. 'ജയ് ശ്രീറാ'മിനെ ഇറക്കി ഏറ്റുമുട്ടിയ പശ്ചിമബംഗാളിൽപോലും ബി.ജെ.പിയേക്കാൾ സീറ്റും വോട്ടും തൃണമൂൽ കോൺഗ്രസാണ് നേടിയത്. അവിടങ്ങളിലൊന്നും ജനങ്ങൾ ഈശ്വരരൂപം പ്രാപിച്ച് ബി.ജെ.പിക്ക് വോട്ടുചെയ്യാതിരുന്നത് ഇനിയും പ്രധാനമന്ത്രി വിശദീകരിക്കേണ്ടതായുണ്ട്. പ്രധാനമന്ത്രിയേപോലുള്ള ഒരാളുടെ ന്യായവാദം ഒരിടത്തൊന്നും മറ്റൊരിടത്ത് വേറൊന്നും ആകാൻ പാടില്ലല്ലോ.

ജനാധിപത്യത്തിൽ ഭരണാധികാരിയുടെ ശബ്ദം സത്യത്തിന്റേതായിരിക്കണം. വോട്ടിനും സീറ്റിനും അധികാരത്തിനും വേണ്ടി സത്യത്തെ ബലികൊടുക്കുന്നത് ജനാധിപത്യത്തിന്റെ തന്നെ ശവക്കുഴി തോണ്ടും. എതിർത്തവരേയും കൂടെനിർത്തുന്ന സർക്കാറാണ് തന്റേതെന്ന് പ്രധാനമന്ത്രി മോദി അവകാശപ്പെടുമ്പോൾ തെരഞ്ഞെടുപ്പിനു മുമ്പും തെരഞ്ഞെടുപ്പുവേളയിലും അതുകഴിഞ്ഞും പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ രാഷ്ട്രീയ എതിരാളികളോട് ബി.ജെ.പി എടുക്കുന്ന സമീപനം മറിച്ചാണ്. ജമ്മു-കശ്മീരിൽ മെഹബൂബ മുഫ്തിയുടെ പി.ഡി.പിയുമായി ചേർന്ന് ബി.ജെ.പി കൂട്ടുകക്ഷിഭരണം നടത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ബി.ജെ.പി ഗവണ്മെന്റിൽനിന്നു പിന്മാറി. രാഷ്ട്രപതിഭരണം ഏർപ്പെടുത്തി. തുടർന്ന് വിഭാഗീയമായി മതത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിച്ച് തമ്മിലടിപ്പിക്കുന്നു. ലോക്‌സഭായ്‌ക്കൊപ്പം അവിടെ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തിയില്ല. കർഫ്യൂവും സൈനിക തേർവാഴ്ചയും ഭീകരാക്രമണങ്ങളും ചെകുത്താന്റെ രൂപത്തിൽ ജമ്മു-കശ്മീർ ജനതയെ ആക്രമിച്ചുകൊണ്ടിരിക്കുന്നു.

തെരഞ്ഞെടുപ്പു വേളയിൽ പശ്ചിമ ബംഗാളിൽ പ്രധാനമന്ത്രി പ്രസംഗിച്ചത് 'ഇതാ 40 എം.എൽ.എമാർ പാർട്ടിവിട്ട് ബി.ജെ.പിയിലേക്കു വരാൻ സമീപിച്ചിരിക്കുന്നു' എന്നാണ്. കുതിരക്കച്ചവടം നടത്തുന്നതാണ് ഏറ്റവും മഹത്തായ ജനാധിപത്യ പ്രക്രിയ എന്ന് വിളിച്ചുകൂവുന്നത് പ്രധാനമന്ത്രിയായ ഒരാളാണ്. അധികാരമേറ്റ ദിവസംപോലും മോദി പറഞ്ഞത് പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ്സിന്റെ ഭരണം വീഴാൻപോകുന്നു എന്നാണ്. അതിനുള്ള എല്ലാ ശ്രമങ്ങളും കേന്ദ്ര ആഭ്യന്തരമന്ത്രാലയം നേരിൽ നടത്തിവരികയാണ്.

കർണാടകയിലും രാജസ്ഥാനിലും മദ്ധ്യപ്രദേശിലും കോടിക്കണക്കിനു രൂപ എറിഞ്ഞ് കോൺഗ്രസ്സിൽ നിന്ന് എം.എൽ.എമാരെ കുതിരകച്ചവടം നടത്തുന്ന തിരക്കിലാണ് പ്രധാനമന്ത്രിയും പാർട്ടിയും. ആഭ്യന്തരമന്ത്രിയുടെ കസേരയിലിരുന്നാണ് ബി.ജെ.പി അദ്ധ്യക്ഷൻ നിർലജ്ജം അതിന്റെ കരുക്കൾ നീക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ തെരുവീഥികളിൽ ഇടപെടാൻ അമിത് ഷായുടെ ഔദ്യോഗിക ഓഫീസിലാണ് സംസ്ഥാന ബി.ജെ.പി നേതാക്കൾ എത്തിക്കൊണ്ടിരിക്കുന്നത്.

തങ്ങളെ എതിർത്തവരെ കൂടെനിർത്തുന്ന തന്റെ സർക്കാർ 120 കോടി ജനങ്ങളുടെയും ക്ഷേമത്തിനുള്ളതാണെന്ന് പ്രധാനമന്ത്രി പ്രസംഗിക്കുന്നു. രാജ്യത്താകെ നടത്തുന്നത് ഭിന്നിപ്പിക്കലിന്റെയും കീഴ്പ്പെടുത്തലിന്റെയും വിലയ്ക്കെടുക്കലിന്റെയും രാഷ്ട്രീയമാണെന്ന് ജനങ്ങളും നേരിൽ മനസിലാക്കുന്നു.

കഴിഞ്ഞദിവസം ഗുഹാവത്തി ഹൈക്കോടതി ഇടപെട്ട് തടങ്കൽ പാളയത്തിൽനിന്ന് ജാമ്യത്തിൽ പുറത്തുവിട്ട കാർഗിൽ യുദ്ധവീരൻ മുഹമ്മദ് സനാനുള്ളയുടെ കാര്യംതന്നെ ബി.ജെ.പി വാഴ്ചയിലെ വിവേചനത്തിന്റെയും വിദ്വേഷത്തിന്റെയും ഏറ്റവും വലിയ ദേശീയ ഉദാഹരണമാണ്. മുപ്പതു വർഷക്കാലം കരസേനയിൽ മാതൃരാജ്യത്തിന്റെ സുരക്ഷയ്ക്കുവേണ്ടി പ്രവർത്തിച്ച സനാനുള്ളയെ വിദേശിയായി പ്രഖ്യാപിക്കാനും തടങ്കലിലാക്കാനും നിമിഷങ്ങളേ വേണ്ടിവന്നുള്ളൂ. മനുഷ്യാവകാശ പ്രവർത്തകരും സുപ്രിം കോടതിയിലെ മുതിർന്ന ഏതാനും അഭിഭാഷകരും ഗുഹാവത്തി ഹൈക്കോടതിയെ സമീപിച്ചാണ് ഇന്ത്യൻ പൗരനല്ലെന്ന് മുദ്രയടിച്ച് തടവിലാക്കിയ സനാനുള്ളയെ ജാമ്യത്തിൽ ഇറക്കിയത്. സംസ്ഥാനത്തേയും കേന്ദ്രത്തിലേയും ഭരണാധികാരികൾ സുപ്രിം കോടതിയടക്കം ഉൽക്കണ്ഠ രേഖപ്പെടുത്തിയ ഈ പ്രശ്നത്തിൽ അനങ്ങാപ്പാറ നിലപാടാണെടുത്തത്. ഇങ്ങനെ അന്യായമായി തടങ്കലിൽ കഴിയുന്ന നിരവധിപേർ അസം അതിർത്തി സൈനിക തടങ്കൽ താവളങ്ങളിലുണ്ടെന്നാണ് സനാനുള്ള വെളിപ്പെടുത്തുന്നത്.

തെരഞ്ഞെടുപ്പുകാലത്ത് ആശങ്കപ്പെട്ടതുപോലെ ഭയപ്പെടുത്തലിന്റെയും വെറുപ്പിന്റെയും ആക്രമണത്തിൽ വിവിധവിഭാഗം ജനങ്ങൾ കഴിഞ്ഞുകൂടുകയാണ്; പ്രധാനമന്ത്രി മോദി എന്തൊക്കെ പറഞ്ഞാലും.

വികസനത്തെപ്പറ്റി ഏറെ വാചാലനാകുന്ന പ്രധാനമന്ത്രി മോദി ജവഹർലാൽ നെഹ്റുവിന്റെ ഈ മുന്നറിയിപ്പ് ഓർമ്മിക്കാൻ വൈകി: 'മതത്തിന്റേയോ പ്രവിശ്യയുടേയോ തൊഴിലിന്റേയോ വ്യത്യാസമില്ലാതെ എല്ലാ ഇന്ത്യാക്കാരും സൗഹാർദ്ദത്തോടെ കഴിയുകയും ഒറ്റക്കെട്ടായി മുന്നേറുകയും ചെയ്താൽ മാത്രമേ ഇന്ത്യയ്ക്കു പുരോഗതി പ്രാപിക്കാൻ സാധിക്കൂ. അവർക്ക് വ്യത്യസ്ത വീക്ഷണങ്ങളും അഭിപ്രായങ്ങളുമുണ്ടാകാം. പക്ഷെ രാഷ്ട്രീയത്തിന്റെ പേരിലോ മറ്റെന്തെങ്കിലും പേരിലോ പ്രത്യേകം അറകളിലായി അവർ ജീവിക്കരുത്.' നെഹ്റുമുക്തഭാരതം പ്രഖ്യാപിച്ചിട്ടുള്ള മോദിക്ക് ഈ സന്ദേശം ഉൾക്കൊള്ളാൻ പക്ഷെ എങ്ങനെ കഴിയും.

കടപ്പാട്: വള്ളിക്കുന്ന് ഓൺലൈൻ

Read More >>