നിങ്ങൾക്ക് എന്നെ എന്റെ പേര് വിളിക്കാം: ഇച്ചായൻ വിളി വേണ്ട

ആരാധകർ തന്നെ ഇച്ചായാ എന്നു വിളിക്കുന്നതിനോട് വിയോജിപ്പ് പ്രകടിപ്പിക്കുകയാണ് മലയാളത്തിലെ യുവതാരം. ഒരു ഓൺലൈൻ പോർട്ടലിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നുപറഞ്ഞത്.

നിങ്ങൾക്ക് എന്നെ എന്റെ പേര് വിളിക്കാം: ഇച്ചായൻ വിളി വേണ്ട

വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയ നടനാണ് ടൊവിനോ തോമസ്. വലിയൊരു ആരാധകവൃന്ദം തന്നെ ടൊവിനോയ്ക്കു ചുറ്റുമുണ്ട്. എന്നാൽ, തന്നെ ആരാധകർ ഇച്ചായാ എന്നു വിളിക്കുന്നതിനോട് വിയോജിപ്പ് പ്രകടിപ്പിക്കുകയാണ് മലയാളത്തിലെ യുവതാരം. ഒരു ഓൺലൈൻ പോർട്ടലിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നുപറഞ്ഞത്.

സ്നേഹത്തോടെ ഇച്ചായാ എന്നാണ് ആരാധകർ വിളിക്കുന്നത്. ഇച്ചായാ എന്ന് ആളുകൾ വിളിക്കുന്നത് തനിക്ക് താൽപ്പര്യമുള്ള കാര്യമല്ലെന്നും ആ വിളി തനിക്കത്ര പരിചയമില്ലെന്നും ടൊവിനോ എന്നാക്കണമെന്നുമാണ് ടൊവിനോ ആവശ്യപ്പെടുന്നത്. ഏതെങ്കിലും ഒരു മതത്തില്‍ തീവ്രമായി വിശ്വസിക്കുന്ന ആളല്ല ഞാൻ. ഞാനൊരു ക്രിസ്ത്യാനി ആയതുകൊണ്ടാണ് എന്നെ ഇച്ചായൻ എന്നു വിളിക്കുന്നതെങ്കിൽ അതു വേണോ എന്ന് ടൊവിനോ ചോദിക്കുന്നു. സിനിമയിൽ വരുന്നതിന് മുമ്പോ അല്ലെങ്കിൽ കുറച്ച് നാൾ മുൻപോ ഈ വിളികേട്ടിട്ടില്ല. സുഹൃത്തുക്കൾ പോലും ചേട്ടാ എന്നാണ് വിളിക്കുക. അതിനാൽ ആ ഒരു കണ്ണുകൊണ്ട് കാണുന്നതിനോട് വിയോജിപ്പുണ്ട്. ടൊവിനോ പറയുന്നു. ഇച്ചായൻ എന്നു എന്നെ വിളിക്കുമ്പോൾ അതൊരു പരിചയമില്ലാത്ത വിളിയാണ്. അത് ഇഷ്ടം കൊണ്ടാണെങ്കിൽ ഓക്കെയാണ്. പക്ഷേ മുസ്ലിമായാൽ ഇക്കയെന്നും ഹിന്ദുവായാൽ ഏട്ടനെന്നും ക്രിസ്ത്യാനിയായാൽ ഇച്ചായനെന്നും വിളിക്കുന്ന രീതിയോട് എനിക്കു താത്പര്യമില്ല. നിങ്ങൾക്ക് എന്നെ എന്റെ പേര് വിളിക്കാം. ടൊവിനോ എന്നു വിളിക്കാം. അല്ലെങ്കിൽ ടൊവി എന്നും വിളിക്കാമെന്ന് ടൊവിനോ പറയുന്നു. ചെറുപ്പത്തിൽ നമ്മൾ മമ്മൂക്ക, ലാലേട്ടൻ എന്നൊന്നുമല്ല, മോഹൻലാലിന്റെ പടം, മമ്മൂട്ടിയുടെ പടം എന്നുതന്നെയാണ് പറയാറുള്ളത്. അവർ വേറൊരു ലോകത്തുള്ളവരെ പോലെയാണ് കണക്കാക്കിയിരുന്നത്. അടുപ്പം തോന്നുമ്പോഴാണ് ഇക്ക, ഏട്ടൻ എന്നൊക്കെ വിളിക്കുന്നത്. പിന്നെ ഇച്ചായൻ എന്നുള്ള വിളി എനിക്കത്ര കേട്ടു പരിചയമില്ലാത്തതുകൊണ്ടാണ്.. ഇപ്പോൾ പരിചയിച്ചു വരുന്നേയുള്ളൂ. വർഗീയതയുമായി ബന്ധപ്പെടുത്തിയല്ല ആ വിളിയെങ്കിൽ സന്തോഷമേയുള്ളൂ'- ടൊവിനോ പറയുന്നു.

കേമറയ്ക്ക് പിന്നിൽ നിന്നും തുടങ്ങി മുന്നിലേക്കെത്തിയ താരങ്ങളിലൊരാളാണ് ടൊവിനോ തോമസ്. സിനിമയിലെ തുടക്കകാലത്ത് അത്ര നല്ല അനുഭവങ്ങളിലൂടെയല്ല താരം കടന്നുപോയത്. തനിക്ക് നേരിടേണ്ടി വന്ന തിക്താനുഭവങ്ങളെക്കുറിച്ച് താരം തുറന്നുപറഞ്ഞിരുന്നു. ഭക്ഷണത്തിനായി ചോദിച്ചപ്പോൾ പോലും അത്ര നല്ല അനുഭവമായിരുന്നില്ലെന്നും താരം പറഞ്ഞിരുന്നു. അൻഡ് ദ ഓസ്‌കാർ ഗോസ് ടു എന്ന സിനിമയാണ് കഴിഞ്ഞ ദിവസം ടൊവിനോയുടെതായി ഇറങ്ങിയത്. ഇതിന്റെ പ്രചാരണാർത്ഥമായിരുന്നു ടൊവിനോയുടെ അഭിമുഖം.

ചിത്രത്തിൽ ഇസഹാക്ക് എന്ന കഥാപാത്രമായാണ് ടൊവിനോ എത്തിയത്. ഇസഹാക്ക് വന്ന വഴികളിലൂടെ തന്നെയാണ് ഞാൻ വന്നിട്ടുള്ളത്. കഷ്ടപ്പാടുകൾ സഹിച്ച് കഠിനാധ്വാനം ചെയ്ത് വന്നിട്ടുള്ളയാൾ തന്നെയാണ്. സിനിമയ്ക്കു വേണ്ടി എന്തും ചെയ്യാമെന്ന് ചിന്തിക്കുന്നത് താൻ സിനിമയെ അത്രയേറെ ഇഷ്ടപ്പെട്ടതുകൊണ്ടാണെന്നും ടൊവിനോ പറഞ്ഞു. 'എവിടെയാണോ ഞാൻ വരണമെന്നാഗ്രഹിച്ചത് അവിടെത്തന്നെയാണ് എത്തിനിൽക്കുന്നത്. എന്റെ സ്വപ്നമാണ് ഞാനിപ്പോൾ നിറവേറ്റിക്കൊണ്ടിരിക്കുന്നത്.' ടൊവിനോ പറഞ്ഞു.

തൊട്ടതെല്ലാം പൊന്നാക്കുകയെന്ന വിശേഷണം ടൊവിനോയും കാര്യത്തിൽ അന്വർത്ഥമാണ്. പോയവർഷം മാത്രമല്ല ഈ വർഷം ഇതുവരെ റിലീസ് ചെയ്ത സിനിമകൾക്കെല്ലാം ഗംഭീര സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം തിയേറ്ററുകളിലേക്കെത്തിയ ആൻഡ് ദി ഓസ്‌കാർ കിടുക്കിയെന്നും കുടുംബ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള സിനിമ തന്നെയാണിതെന്ന് പ്രേക്ഷകരും താരങ്ങളും ഒരുപോലെ വ്യക്തമാക്കിയിരുന്നു.

Read More >>