ഇനി വാട്ടര്‍ എ.ടി.എമ്മുകളും

കൊല്ലം ജില്ലയിലെ ആദ്യ വാട്ടർ എ.ടി.എം നിലമേൽ പഞ്ചായത്തിൽ ഉടൻ പ്രവർത്തന സജ്ജമാകും. പഞ്ചായത്ത് ഓഫിസിനോടു ചേർന്നാണു വാട്ടർ എ.ടി.എമ്മുകൾ സജ്ജീകരിക്കുക. ആറുതവണ ശുദ്ധീകരിച്ച വെള്ളമാണ് ഇതുവഴി ലഭിക്കുന്നത്.

ഇനി വാട്ടര്‍ എ.ടി.എമ്മുകളും

സുധീര്‍‌ കെ. ചന്ദനത്തോപ്പ്

ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പണം പിൻവലിച്ചിരുന്ന മലയാളികൾക്ക് ഇനി നാണയം ഉപയോഗിച്ച് ജലവും ലഭ്യമാക്കുന്നു. മുതുകുളം, കുറുവിലങ്ങാട്, അങ്കമാലി എന്നിവിടങ്ങളിൽ പരീക്ഷിച്ച് വിജയിച്ച പദ്ധതി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അതിവേഗം വ്യാപിക്കുകയാണ്.

കൊല്ലം ജില്ലയിലെ ആദ്യ വാട്ടർ എ.ടി.എം നിലമേൽ പഞ്ചായത്തിൽ ഉടൻ പ്രവർത്തന സജ്ജമാകും. പഞ്ചായത്ത് ഓഫിസിനോടു ചേർന്നാണു വാട്ടർ എ.ടി.എമ്മുകൾ സജ്ജീകരിക്കുക. ആറുതവണ ശുദ്ധീകരിച്ച വെള്ളമാണ് ഇതുവഴി ലഭിക്കുന്നത്.

പൂർണമായും ശുദ്ധീകരിച്ച കുടിവെള്ളം ആധുനിക രീതിയിൽ ആവശ്യക്കാർക്ക് ലഭ്യമാക്കുകയാണു പഞ്ചായത്തിന്റെ ലക്ഷ്യം. ഒരു ലിറ്റർ ശുദ്ധീകരിച്ച കുടിവെള്ളത്തിന് 5 രൂപയാണു വില. വെള്ളം ശേഖരിക്കാനുള്ള പാത്രം കൊണ്ടുവരണം എന്നു മാത്രം. 10 രൂപയ്ക്ക് അഞ്ച് ലിറ്റർ വെള്ളവും 20 രൂപയ്ക്ക് 10 ലീറ്റർ വെള്ളവും 40 രൂപയ്ക്ക് 20 ലീറ്റർ വെള്ളവും ലഭിക്കും. വ്യത്യസ്ത അളവുകൾക്കു വ്യത്യസ്ത ടാപ്പുകളാകും ഉണ്ടാകുക.

800 ലീറ്റർ സംഭരണശേഷിയുള്ള ടാങ്കാണ് എ.ടി.എമ്മിനായി സജ്ജീകരിക്കുന്നത്. 24 മണിക്കൂറും ഇതിലൂടെ കുടിവെള്ള വിതരണം ഉണ്ടാവും. സി.സി.ടി.വി കേമറകളും വാട്ടർ എ.ടി.എമ്മിന്റെ സുരക്ഷയ്ക്കായി ക്രമീകരിക്കും. നാണയങ്ങൾക്കു പുറമെ പഞ്ചായത്തിൽനിന്നു ലഭിക്കുന്ന സ്മാർട് കാർഡും ഉപയോഗിക്കാം. ഇവ മൊബൈൽ വഴി റീച്ചാർജ് ചെയ്യാനുള്ള സൗകര്യവുമുണ്ടാവും. വ്യാപാരികൾക്കും വീടുകൾക്കും ആയിരിക്കും സ്മാർട് കാർഡുകൾ ഏറെ പ്രയോജനം ചെയ്യുക. ഇതിനായുള്ള ജലം ലഭ്യമാക്കുന്നത് പഞ്ചായത്ത് നേരിട്ടാണ്.

കൊല്ലം കേന്ദ്രമായി പ്രവർത്തിക്കുന്ന അക്കോഡ് അക്വാ എൻജിനീയേർസാണ് പിന്നിൽ പ്രവർത്തിക്കുന്നത്. എ.ടി.എം നിർമാണത്തിനുള്ള മൂലധനം പൂർണമായും കമ്പനി തന്നെയാണു ചെലവഴിക്കുന്നത്. സ്ഥാപനവുമായി അഞ്ച് വർഷത്തേക്കാണു പഞ്ചായത്തിന്റെ ധാരണ.

പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കുന്ന സംരംഭം വിജയകരമായാൽ പഞ്ചായത്തിലെ മറ്റു പൊതുഇടങ്ങളിലേക്കും വാട്ടർ എ.ടി.എമ്മുകൾ വ്യാപിപ്പിക്കുമെന്നു നിലമേൽ പഞ്ചായത്ത് പ്രസിഡന്റ് എ.എം റാഫി പറഞ്ഞു.

അതേസമയം, ശുദ്ധീകരിച്ച കുടിവെള്ളം വെറും ഒരു രൂപയ്ക്കാണ് കോട്ടയം കുറവിലങ്ങാട് ബസ് സ്റ്റാൻഡിലെ സ്മാർട്ട് വാട്ടർ എ.ടി.എമ്മിൽനിന്ന് ലഭിക്കുന്നത്. കുറവിലങ്ങാട് പഞ്ചായത്തും ഉഴവൂർ ബ്ലോക്ക് പഞ്ചായത്തും ചേർന്നാണ് ഇവിടെ വാട്ടർ എ.ടി.എം. പദ്ധതിക്ക് രൂപം നൽകിയത്. മൂന്നു മാസം മുമ്പ് സ്ഥാപിച്ച ഈ എ.ടി.എം വഴി ഇതുവരെ എണ്ണായിരത്തിലേറെ രൂപയാണ് വരുമാനം ഉണ്ടായത്.

Read More >>