ലോകകപ്പ് നിയമങ്ങളില്‍ സമഗ്ര മാറ്റം വേണം: ന്യൂസീലന്‍ഡ് പരിശീലകന്‍ ഗാരി സ്റ്റെഡ്

100 ഓവറുകൾ കളിച്ച് ഒരേ റൺ നേടിയിട്ടും തോറ്റുപോവുന്നത് ശൂന്യതയിലേക്ക് തള്ളപ്പെടുന്നതിന് തുല്യണെന്നും ഗാരി സ്റ്റെഡ്

ലോകകപ്പ് നിയമങ്ങളില്‍ സമഗ്ര മാറ്റം വേണം: ന്യൂസീലന്‍ഡ് പരിശീലകന്‍ ഗാരി സ്റ്റെഡ്

ലോകകപ്പ് നിയമങ്ങളിൽ സമഗ്ര മാറ്റം കൊണ്ടുവരണമെന്ന് ന്യൂസീലൻഡ് പരിശീലകൻ ഗാരി സ്റ്റെഡ്. ഫൈനലിൽ ഇംഗ്ലണ്ട് സാങ്കേതികമായി ന്യൂസീലൻഡിനെ പരാജയപ്പെടുത്തിയതിനെ പൊള്ളയായ മത്സര ഫലമെന്നാണ് സ്റ്റെഡ് വിശേഷിപ്പിച്ചത്. ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ 50 ഓവറിൽ ഇംഗ്ലണ്ടും ന്യൂസീലൻഡും 241 റൺസ് വീതം നേടി സമനിലയിലായിരുന്നു. പിന്നീട് സൂപ്പർ ഓവറിലേക്ക് പോയപ്പോഴും 15 റൺ വീതം നേടി സമനിലയിൽ. തുടർന്ന് ഐ.സി.സി ലോകകപ്പ് ടൈ ബ്രേക്കർ നിയമപ്രകാരം നിശ്ചിത ഓവറുകളിലെ ബൗണ്ടറികൾ എണ്ണി ഇംഗ്ലണ്ട് വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.

100 ഓവറുകൾ കളിച്ച് ഒരേ റൺ നേടിയിട്ടും തോറ്റുപോവുന്നത് ശൂന്യതയിലേക്ക് തള്ളപ്പെടുന്നതിന് തുല്യമാണ്. പക്ഷേ സ്‌പോർട്‌സിലെ സാങ്കേതികതകൾ അങ്ങനെയാണെന്ന് ഗാരി സ്റ്റഡ് പറഞ്ഞു. ലോകകപ്പ് ഫൈനലിൽ ഒരിക്കലെങ്കിലും ഉപയോഗിക്കേണ്ടിവരുമെന്ന് ഈ നിയമങ്ങൾ എഴുതിയവർ ചിന്തിച്ചുകാണില്ല. ഈ നിയമങ്ങൾ അവർ പുനഃപരിശോധിക്കുമെന്ന് കരുതുന്നു. ഇത്തരം സാഹചര്യങ്ങളിൽ ഉപയോഗിക്കാവുന്ന വ്യത്യസ്ത മാർഗ്ഗങ്ങൾ അവർക്ക് പരിശോധിക്കാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇംഗ്ലണ്ടിന് ഓവർത്രോയിൽ ആറ് റൺസ് ലഭിച്ചതുമായി ബന്ധപ്പെട്ട ചോദ്യത്തോട് തനിക്ക് അത് കൃത്യമായി അറിയില്ലെന്ന് സ്റ്റഡ് പറഞ്ഞു. കളി നിയമങ്ങൾ പാലിക്കാനാണ് അമ്പയർമാരെ നിർത്തിയിരിക്കുന്നത്. എന്നാൽ കളിക്കാരെപ്പോലെ അവരും മനുഷ്യരാണെന്നും തെറ്റുപറ്റാമെന്നും കിവീസ് പരിശീലകൻ പ്രതികരിച്ചു.


Read More >>