വിദേശ സഞ്ചാരികള്‍ക്ക് റെഡ് കാര്‍പ്പറ്റ്; പരിവര്‍ത്തന പാതയില്‍ സൗദി

നിലവിൽ തീർഥാടകർക്ക് മക്ക, മദീന, ജിദ്ദ ഒഴികെ മറ്റൊരിടത്തും പോകുന്നതിന് കഴിയില്ല. സൗദി കാണാന്‍ ആഗ്രഹിക്കുന്ന തീര്‍ത്ഥാടകര്‍ക്ക് ഇത് ഏറെ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. എന്നാൽ ഇനി മുതൽ ഉംറ വിസ അടിച്ചാൽ സൗദിയിൽ എവിടെയും സഞ്ചരിക്കാം.

വിദേശ സഞ്ചാരികള്‍ക്ക് റെഡ് കാര്‍പ്പറ്റ്; പരിവര്‍ത്തന പാതയില്‍ സൗദി

വിദേശ സഞ്ചാരികളെ റെഡ് കാര്‍പ്പെറ്റ് വിരിച്ച് സ്വീകരിക്കാനൊരുങ്ങി സൗദിയുടെ പുതിയ നയങ്ങള്‍. സാമ്പത്തിക, വാണിജ്യ, വിനോദ സഞ്ചാര മേഖലക്ക് ശക്തി പകരാൻ ഉതകുന്നതാണ് കഴിഞ്ഞ ദിവസത്തെ മന്ത്രിസഭാ യോഗ തീരുമാനം. വിദേശത്തുനിന്നെത്തുന്ന ഉംറ തീർഥാടകർക്ക് രാജ്യത്ത് എവിടെ പോകുന്നതിനും വ്യാപാര സ്ഥാപനങ്ങൾക്കും റസ്റ്റോറന്റുകൾക്കും 24 മണിക്കൂർ പ്രവർത്തിക്കാനും അനുമതി നൽകിയുള്ള വിപ്ലവകരമായ തീരുമാനം സമൂല പരിവർത്തനത്തിനു തന്നെ നാന്ദികുറിക്കും. സ്വദേശികളും വിദേശികളും ഒരുപോലെ തീരുമാനം സ്വാഗതം ചെയ്തിട്ടുണ്ട്.

നിലവിൽ തീർഥാടകർക്ക് മക്ക, മദീന, ജിദ്ദ ഒഴികെ മറ്റൊരിടത്തും പോകുന്നതിന് കഴിയില്ല. സൗദി കാണാന്‍ ആഗ്രഹിക്കുന്ന തീര്‍ത്ഥാടകര്‍ക്ക് ഇത് ഏറെ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. എന്നാൽ ഇനി മുതൽ ഉംറ വിസ അടിച്ചാൽ സൗദിയിൽ എവിടെയും സഞ്ചരിക്കാം. ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇനിയും പുറത്തു വരാനിരിക്കുന്നതേയുള്ളൂവെങ്കിലും എങ്ങോട്ടു പോകുന്നതിനുമുള്ള യാത്രാനുമതി വിനോദ സഞ്ചാര മേഖലക്ക് ഉണർവേകുമെന്നതിൽ സംശയമില്ല. മറ്റൊന്ന് കച്ചവട സ്ഥാപനങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്നതിനുള്ള അനുമതിയാണ്.

വിനോദ സഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ഒട്ടേറെ പദ്ധതികളാണ് സർക്കാർ നടപ്പാക്കി വരുന്നത്. ഇതിന്റെ ഫലമായി സൗദിയിലെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണം കൂടിയിട്ടുണ്ട്. പുതിയ തീരുമാനം കൂടിയാവുമ്പോൾ അത് സൗദി സന്ദർശിക്കാൻ എത്തുന്നവരുടെ എണ്ണം വർധിപ്പിക്കും. സൗദി അറേബ്യയിലെ ചരിത്ര, പൈതൃക, വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിനും രാജ്യത്തിന്റെ മറ്റു പ്രവിശ്യകളിലും നഗരങ്ങളിലും കഴിയുന്ന ബന്ധുക്കളെ കാണുതിനും ദശലക്ഷക്കണക്കിന് തീർഥാടകർക്ക് പുതിയ തീരുമാനം അവസരമൊരുക്കും. വിനോദ സഞ്ചാര മേഖലയുണർന്നാൽ ഹോട്ടൽ മേഖലയും ഗതാഗത, വാണിജ്യ രംഗവും സജീവമാകും. 2030 ഓടെ മൂന്നു കോടി തീർഥാടകരെയാണ് രാജ്യത്തേക്ക് ആകർഷിക്കാൻ ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യം പൂർത്തീകരിക്കണമെങ്കിൽ ഈ രംഗത്ത് കാതലായ മാറ്റം അനിവാര്യമാണ്. അതിന്റെ ഭാഗമായിട്ടു കൂടി വേണം ഈ തീരുമാനത്തെ വിലയിരുത്താൻ. ജിദ്ദ, മക്ക, മദീന മാത്രമല്ല, രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ഹോട്ടൽ വ്യവസായം പുരോഗതിയുടെ പാതയിലാണ്. നഗരങ്ങളെ കേന്ദ്രീകരിച്ച് ലോക പ്രശ്സ്ത ബ്രാന്റുകളുടെ ഹോട്ടൽ സമുച്ചയങ്ങൾ ഉയർന്നു വന്നുകൊണ്ടിരിക്കുകയാണ്. പുതിയ വിമാനത്താവളങ്ങൾ തുറന്നും നിലവിലുള്ളവയുടെ ശേഷി വർധിപ്പിച്ചും വ്യോമയാന രംഗത്തും മെട്രോ, ഹറമൈൻ റെയിൽ തുടങ്ങി പൊതു ഗതാഗത രംഗത്തെ സൗദി റെയിൽവേയുടെ ഇടപെടലുകളിലൂടെ ഗതാഗത രംഗത്തും വൻ മാറ്റങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ലോക പ്രശസ്ത കാലാകാരന്മാരെയും കായിക താരങ്ങളെയും സൗദിയിലേക്ക് കൊണ്ടുവന്നും കൂടുതൽ തിയേറ്ററുകൾ തുറന്നും സാംസ്‌കാരിക, വിനോദ, കായിക രംഗത്തും വൻ മാറ്റമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.

സൗദിയിൽ ജോലി ചെയ്യുന്ന വിദേശികളെ സംബന്ധിച്ചിടത്തോളം ഇരട്ടി മധുരം നൽകുന്നതാണ് ഈ തീരുമാനം. നിലവിൽ ബന്ധുക്കളും കുടുംബാംഗങ്ങളും ഉംറക്കെത്തുമ്പോൾ ഏറെ ക്ലേശം സഹിച്ചാണ് ഇവിടെ ജോലി ചെയ്യുന്നവർ മക്കത്തോ മദീനയിലോ വന്ന് അവരെ കാണുന്നത്. പലർക്കും അവധി ലഭിക്കാത്തതിനാൽ ബന്ധുക്കളെ കാണാനും കഴിയാറില്ല. ഇനി മുതൽ ഉംറ നിർവഹിക്കാനെത്തുന്നവർക്ക് മറ്റിടത്തേക്കു കൂടി പോകാനാവുമെന്നതിനാൽ ഉംറക്കു ശേഷം ബന്ധുക്കളെ കാണാൻ അവർ നിൽക്കുന്നിടങ്ങളിലേക്ക് പോകാൻ സാധിക്കും. പ്രവാസികളെ സംബന്ധിച്ചിടത്തോളം ഇത് ആശ്വാസം പകരുന്നതാണ്. അതോടൊപ്പം തീർഥാടകരായെത്തുന്നവർക്ക് സൗദിയുടെ വിവിധ പ്രദേശങ്ങൾ കാണുന്നതിനും ഇതുവഴി സാധിക്കും.

Read More >>