അച്ഛേദിന്‍! മോദി സര്‍ക്കാറിന്റെ ആദ്യ നൂറു ദിനത്തില്‍ നിക്ഷേപകര്‍ക്ക് നഷ്ടപ്പെട്ടത് 12.5 ലക്ഷം കോടി

മെയ് മുപ്പത് മുതല്‍ സെന്‍സെക്‌സ് 5.96 ശതമാനവും (2357 പോയിന്റ്) നാഷണല്‍ സ്‌റ്റോക് എക്‌സ്‌ചേഞ്ചായ നിഫ്റ്റി 7.23 ശതമാനവും (858 പോയിന്റ്) താഴോട്ടു പോയി.

അച്ഛേദിന്‍! മോദി സര്‍ക്കാറിന്റെ ആദ്യ നൂറു ദിനത്തില്‍ നിക്ഷേപകര്‍ക്ക് നഷ്ടപ്പെട്ടത് 12.5 ലക്ഷം കോടി

മുംബൈ: മെയ് 30ന് രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം നിക്ഷേപകര്‍ക്ക് വിപണിയില്‍ നിന്ന് നഷ്ടപ്പെട്ടത് 12.5 ലക്ഷം കോടി രൂപ. ഇന്നലെ ബോംബെ ഓഹരി വിപണി സൂചിക ക്ലോസ് ചെയ്യുമ്പോള്‍ മൊത്തം കമ്പനികളുടെ വിപണി മൂല്യം 1,41,15,316.39 കോടിയായിരുന്നു. സര്‍ക്കാര്‍ അധികാരത്തിലേറുന്ന വേളയില്‍ ഈ മൂല്യം 1,53,62,936.40 കോടി രൂപയും. ഇത്രയും ചുരുങ്ങിയ കാലയളവില്‍ പന്ത്രണ്ടര ലക്ഷം കോടി നഷ്ടമായെന്ന് ചുരുക്കം.

മെയ് മുപ്പത് മുതല്‍ സെന്‍സെക്‌സ് 5.96 ശതമാനവും (2357 പോയിന്റ്) നാഷണല്‍ സ്‌റ്റോക് എക്‌സ്‌ചേഞ്ചായ നിഫ്റ്റി 7.23 ശതമാനവും (858 പോയിന്റ്) താഴോട്ടു പോയി.

സാമ്പത്തിക മാന്ദ്യം, വിദേശ നിക്ഷേപത്തിലെ കുറവ്, കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ ദുര്‍ബല വരുമാനം തുടങ്ങിയവയാണ് വിപണിയിടിവിന്റെ പ്രധാന കാരണങ്ങളെന്ന് വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.

നിലവില്‍ വിദേശ കമ്പനികള്‍ അവരുടെ ഓഹരികള്‍ വിറ്റഴിക്കുന്ന സ്ഥിതിയാണുള്ളത്. വിദേശ നിക്ഷേപകര്‍ക്ക് സൂപ്പര്‍ റിച്ച് നികുതി ഏര്‍പ്പെടുത്തിയത് നിക്ഷേപം വില്‍ക്കാന്‍ കമ്പനികള്‍ക്കു സമ്മര്‍ദ്ദമേറി. സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് കഴിഞ്ഞ മാസമാണ് സര്‍ക്കാര്‍ ഇത് എടുത്തു കളഞ്ഞത്.

ഈ സര്‍ക്കാര്‍ അധികാരമേറിയ ശേഷം വിദേശ നിക്ഷേപകര്‍ (എഫ്.പി.ഐ) 28,260.50 കോടി മൂല്യം വരുന്ന ഓഹരികളാണ് വിറ്റഴിച്ചതെന്ന് നാഷണല്‍ സെക്യൂരിറ്റീസ് ഡെപോസിറ്ററി ലിമിറ്റഡ് (എന്‍.എസ്.ഡി.എല്‍) തയാറാക്കിയ കണക്കുകള്‍ പറയുന്നു.

നാഷണല്‍ സ്റ്റോക് എക്‌സ്‌ചേഞ്ച് ശേഖരിച്ച എല്ലാ മേഖലയിലെ വളര്‍ച്ചാ സൂചികയും ഈ നൂറുദിനത്തില്‍ താഴോട്ടാണ്. ഇതിന് അപവാദമായി നില്‍ക്കുന്നത് നിഫ്റ്റി ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സൂചിക മാത്രമാണ്. നിഫ്റ്റി പൊതുമേഖലാ ബാങ്ക് സൂചിക ഇടിഞ്ഞത് 26 ശതമാനമാണ്. ഇതിനു പിന്നാലെയാണ് കഴിഞ്ഞ മാസം സര്‍ക്കാര്‍ 27 ദേശസാല്‍കൃത ബാങ്കുകള്‍ ലയിപ്പിച്ച് 12 ലേക്ക് ചുരുക്കിയത്.

യു.എസ്-ചൈന വ്യാപാരത്തര്‍ക്കത്തില്‍ മന്ദഗതിയിലായ ലോഹ വിപണിയുടെ സൂകിച 20 ശതമാനമാണ് താഴോട്ടു പോയത്. വില കുറഞ്ഞ സ്റ്റീല്‍ ചൈന വില്‍ക്കുന്നതും ആഭ്യന്തര ലോഹവിപണിക്ക് തിരിച്ചടിയായി.

നിഫ്റ്റി ഓട്ടോ സൂചിക 13.48 ശതമാനമാണ് താഴ്ന്നത്. 22 വര്‍ഷത്തെ ഏറ്റവും മോശം വളര്‍ച്ചാ നിരക്കാണ് ഇപ്പോള്‍ വാഹനമേഖലയിലേത്. നിഫ്റ്റി ബാങ്ക്, പ്രൈവറ്റ് ബാങ്ക്, മീഡിയ, റിയാലിറ്റി സെക്ടര്‍ സൂചികകളും 10-14 ശതമാനം താഴ്ന്നിട്ടുണ്ട്.

Next Story
Read More >>