സൗദിയില്‍ 30 തൊഴിലുകള്‍ക്ക് രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കുന്നു

പുതുതായി 30 സാങ്കേതിക തൊഴിലുകളെ ജവാസാത്ത് ഡയറക്ടറേറ്റുമായി ബന്ധിപ്പിച്ചു കഴിഞ്ഞതായി സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സ് അറിയിച്ചു. .ഇതോടെ ഈ പ്രൊഫഷനുകളിൽ ജോലി ചെയ്യുന്നവർക്ക് ഇഖാമ പുതുക്കണമെങ്കിൽ സർട്ടിഫിക്കറ്റ് നിർബന്ധമാകും.

സൗദിയില്‍ 30 തൊഴിലുകള്‍ക്ക് രജിസ്ട്രേഷന്‍   നിര്‍ബന്ധമാക്കുന്നു

റിയാദ്: എൻജിനീയറിംഗ് മേഖലയുമായി ബന്ധപ്പെട്ട 30 സാങ്കേതിക തൊഴിലുകൾ നിർവ്വഹിക്കുന്നവർക്ക് സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സ് രജിസ്‌ട്രേഷൻ നിർബന്ധമാക്കുന്നു. പുതുതായി 30 സാങ്കേതിക തൊഴിലുകളെ ജവാസാത്ത് ഡയറക്ടറേറ്റുമായി ബന്ധിപ്പിച്ചു കഴിഞ്ഞതായി സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സ് അറിയിച്ചു.

ഇതോടെ ഈ പ്രൊഫഷനുകളിൽ ജോലി ചെയ്യുന്നവർക്ക് ഇഖാമ പുതുക്കണമെങ്കിൽ സർട്ടിഫിക്കറ്റ് നിർബന്ധമാകും.സൗകര്യത്തിനു വേണ്ടി സാങ്കേതിക പ്രൊഫഷനുകളിൽ ഇഖാമ എടുത്തവരെല്ലാം ഇതോടെ പ്രതിസന്ധിയിലാകും. അം​ഗീകൃത സർട്ടിഫിക്കറ്റ് ഹാജരാക്കുകയോ അല്ലെങ്കിൽ പ്രൊഫഷൻ മാറ്റുകയോ മാത്രമായിരിക്കും പരിഹാരം. തൊഴിലുകളെ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ നാഷണൽ ഇൻഫർമേഷൻ സെന്ററുമായും ബന്ധിപ്പിച്ചിട്ടുണ്ട്. എൻജിനീയർമാരും സാങ്കേതിക ജോലിക്കാരും അടക്കമുള്ള മുഴുവൻ അംഗങ്ങൾക്കും സേവനങ്ങൾ എളുപ്പമാക്കാൻ ശ്രമിച്ചാണ് ബന്ധപ്പെട്ട വകുപ്പുകളെയും സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സിനെയും ബന്ധിപ്പിച്ചിരിക്കുന്നതെന്ന് കൗൺസിൽ പറഞ്ഞു. എൻജിനീയറിംഗ് പ്രൊഫഷൻ പ്രാക്ടീസ് നിയമവും നിയമാവലിയും നടപ്പാക്കുന്നതിനും ഇതുവഴി എൻജിനീയറിംഗ് മേഖലയുടെ വികസനത്തിനും വ്യാജന്മാരിൽ നിന്ന് ഈ മേഖലക്ക് സംരക്ഷണം നൽകുന്നതിനും ഇത് സഹായകമാകും. വ്യാജ എൻജിനീയർമാക്കെതിരെ നടപടി കർശനമാക്കിയതിനു ശേഷമാണ് ഈ നീക്കം.

മന്ത്രിസഭ അംഗീകരിച്ച എൻജിനീയറിംഗ് പ്രൊഫഷൻ പ്രാക്ടീസ് നിയമം എൻജിനീയറിംഗ് മേഖലയിൽ പ്രവർത്തിക്കുന്ന മുഴുവൻ പേർക്കും സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സ് രജിസ്‌ട്രേഷൻ നിർബന്ധമാക്കുന്നു. സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സ് യോഗ്യതകൾ ഉറപ്പുവരുത്തി കൗൺസിൽ അംഗത്വം അനുവദിക്കുന്നതിലൂടെ പദ്ധതികൾ നടപ്പാക്കുന്നതിൽ പങ്കാളിത്തം വഹിക്കുന്ന എൻജിനീയർമാരിൽ വിശ്വാസം വർധിപ്പിക്കാൻ സാധിക്കും. പ്രൊഫഷനൽ അക്രഡിറ്റേഷൻ ഇല്ലാത്തവരെ ജോലിക്കു വെക്കുന്നത് നിയമം വിലക്കുന്നതായും സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സ് പറഞ്ഞു. ഇലക്ട്രിക്കൽ ഡ്രാഫ്റ്റ്‌സ്മാൻ, മെക്കാനിക്കൽ ഡ്രാഫ്റ്റ്‌സ്മാൻ, ഇലക്ട്രിക്കൽ ഡിസൈൻ ഡ്രാഫ്റ്റ്‌സ്മാൻ, പവർപ്ലാന്റ്-ഇൻസ്റ്റലേഷൻ ടെക്‌നീഷ്യൻ, പവർ‌സ്റ്റേഷൻ ഓപ്പറേഷൻസ്-മെയിന്റനൻസ് ടെക്‌നീഷ്യൻ, സബ്‌സ്റ്റേഷൻ (ട്രാൻസ്‌ഫോർമർ സ്റ്റേഷൻ) ഇൻസ്റ്റലേഷൻ ടെക്‌നീഷ്യൻ, സബ്‌സ്റ്റേഷൻ ഓപ്പറേഷൻസ്-മെയിന്റനൻസ് ടെക്‌നീഷ്യൻ, ഇലക്ട്രിക്കൽ ലൈൻ ടെക്‌നീഷ്യൻ, ഇലക്ട്രിക്കൽ ഗ്രൗണ്ട് കേബിൾ ടെക്‌നീഷ്യൻ, കസ്റ്റമർ സർവീസ് ഇലക്ട്രിക്കൽ ടെക്‌നീഷ്യൻ, ഇലക്ട്രിക്കൽ എക്സ്റ്റൻഷൻ ടെക്‌നീഷ്യൻ, ഇലക്ട്രിക്കൽ മെഷീൻ മെയിന്റനൻസ് ടെക്‌നീഷ്യൻ, ഇലക്ട്രിക്കൽ പ്രിസിഷ്യൻ എക്വിപ്‌മെന്റ് ടെക്‌നീഷ്യൻ, ജനറൽ ഇലക്ട്രിക്കൽ എൻജിനീയറിംഗ് ടെക്‌നീഷ്യൻ, ജനറൽ ടെലികോം ടെക്‌നീഷ്യൻ, സമുദ്രജല ശുദ്ധീകരണ ശാലകളിലെ ഫയർ അലാറം ടെക്‌നീഷ്യൻ, എയർ പ്ലെയിൻ ഇലക്ട്രിക്കൽ മോട്ടോർ-ജനറേറ്റർ ടെക്‌നീഷ്യൻ, കമ്യൂണിക്കേഷൻ ഇലക്‌ട്രോണിക്‌സ് ടെക്‌നീഷ്യൻ, മെഡിക്കൽ എക്വിപ്‌മെന്റ് ടെക്‌നീഷ്യൻ, ടി.വി ഇലക്‌ട്രോണിക്‌സ് മെയിന്റനൻസ് ടെക്‌നീഷ്യൻ, കൺട്രോൾ എക്വിപ്‌മെന്റ് ഇലക്‌ട്രോണിക്‌സ് ടെക്‌നീഷ്യൻ, ഇലക്ട്രിക്കൽ ടെക്‌നീഷ്യൻ, റേഡിയോ ബ്രോഡ്കാസ്റ്റിംഗ് ഇലക്‌ട്രോണിക്‌സ് ടെക്‌നീഷ്യൻ, ടി.വി ബ്രോഡ്കാസ്റ്റിംഗ് ഇലക്‌ട്രോണിക് ടെക്‌നീഷ്യൻ, കംപ്യൂട്ടർ ടെക്‌നീഷ്യൻ, ടെലികോം എൻജിനീയറിംഗ് ടെക്‌നീഷ്യൻ, ഇലക്‌ട്രോണിക്‌സ് ടെക്‌നീഷ്യൻ, ടെലിഫോൺ ടെക്‌നീഷ്യൻ, കാർ ഫോൺ ടെക്‌നീഷ്യൻ എന്നീ പ്രൊഫഷനുകൾക്കാണ് രജിസ്‌ട്രേഷൻ നിർബന്ധമാക്കുന്നത്.

എൻജിനീയറിങ് മേഖലയുമായി ബന്ധപ്പെട്ട 30 പുതിയ തൊഴിലുകൾ പ്രത്യേകം നിർണയിച്ച് കൗൺസിൽ രജിസ്‌ട്രേഷൻ ബാധകമാക്കുന്നതിന് ജവാസാത്തുമായും നാഷണൽ ഇൻഫർമേഷൻ സെന്ററുമായും ബന്ധിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. രണ്ടാം ഘട്ടമായാണ് ഇത്രയും പുതിയ തൊഴിലുകളിൽ കൗൺസിൽ രജിസ്‌ട്രേഷൻ നിർബന്ധമാക്കുന്നത്.