ഉത്തരകൊറിയയില്‍ 318 വധശിക്ഷാകേന്ദ്രങ്ങള്‍

പശുവിനെ മോഷ്ടിച്ചത് മുതൽ ദക്ഷിണ കൊറിയൻ ടി.വി കണ്ടു എന്നതുൾപ്പെടെയുള്ള കുറ്റങ്ങൾക്കാണ് ഉത്തരകൊറിയയില്‍ വധശിക്ഷ നടപ്പിലാക്കിയത്.

ഉത്തരകൊറിയയില്‍ 318 വധശിക്ഷാകേന്ദ്രങ്ങള്‍

പരസ്യവധശിക്ഷ നടപ്പിലാക്കാൻ ഉത്തര കൊറിയൻ സർക്കാർ ഉപയോഗിച്ചു വരുന്ന 318 ശിക്ഷാ കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത്. ദക്ഷിണ കൊറിയയിലെ സന്നദ്ധ സംഘടനയായ 'ട്രാൻസിഷണൽ ജസ്റ്റിസ് വർക്ക് ഗ്രൂപ്പ്'ആണ് വിവരങ്ങൾ പുറത്തുവിട്ടത്. 610 ഉത്തര കൊറിയൻ വിമതരുമായി അഭിമുഖം നടത്തിയാണ് സംഘടന റിപ്പോർട്ട് തയ്യാറാക്കിയത്. നാലുവർഷം സമയമെടുത്താണ് 'മാപ്പിങ് ദ ഫേയ്റ്റ് ഓഫ് ഡെഡ്' എന്ന തലക്കെട്ടോടുകൂടിയ റിപ്പോർട്ട് സംഘടന പുറത്തിറക്കിയത്.

പശുവിനെ മോഷ്ടിച്ചത് മുതൽ ദക്ഷിണ കൊറിയൻ ടി.വി കണ്ടു എന്നതുൾപ്പെടെയുള്ള കുറ്റങ്ങൾക്കാണ് വധശിക്ഷ നടപ്പിലാക്കിയത്. പുഴയോരം, ചന്ത, സ്‌കൂൾ, കളിക്കളം എന്നിവിടങ്ങളിലാണ് പ്രധാനമായും പരസ്യവധശിക്ഷ നടത്താറുള്ളത്. ആയിരത്തിലധികം ആളുകൾ കണ്ടുനിൽക്കെയാണ് ശിക്ഷ നടപ്പിലാക്കുക. ലേബർ ക്യാമ്പ്, ജയിൽ എന്നിവിടങ്ങളിൽ വച്ചും പരസ്യവധശിക്ഷ നടത്താറുണ്ട്. രാഷ്ട്രീയകുറ്റകൃത്യങ്ങൾക്ക് ഖനനം, മരംമുറി തുടങ്ങിയ ജോലികൾ ചെയ്യുക എന്നതാണ് ശിക്ഷയെന്നും റിപ്പോർട്ടിൽ പറയുന്നു.

വധശിക്ഷയ്ക്ക് വിധേയരാകുന്നവരുടെ കുട്ടികള്‍ അടക്കമുള്ള ഉറ്റബന്ധുക്കളെ പോലും ശിക്ഷ നടപ്പാക്കുന്നത് കാണാൻ നിർബന്ധിക്കാറുണ്ട്. ശിക്ഷയ്ക്കിരയാകുന്നരുടെ മൃതദേഹം വിരളമായേ ബന്ധുക്കൾക്ക് വിട്ടുനൽകാറുള്ളൂ. സർക്കാരിനെതിരായ അട്ടിമറി ശ്രമം, കൊലപാതകം, രാജ്യദ്രോഹം, ബലാത്സംഗം, മയക്കുമരുന്ന് കടത്ത്, ചാരവൃത്തി തുടങ്ങിയ കുറ്റകൃത്യങ്ങൾക്കാണ് രാജ്യത്ത് വധശിക്ഷ നടപ്പിലാക്കുക.

കഴിഞ്ഞദിവസം ഉത്തര കൊറിയയിൽ സൈനിക ജനറലിനെ ഭരണാധികാരി കിം ജോങ് ഉൻ വധിച്ച വാർത്ത പുറത്തുവന്നിരുന്നു. ഭരണകൂടത്തെ അട്ടിമറിക്കാൻ ശ്രമിച്ച കുറ്റത്തിന് പിടിയിലായ ജനറലിനെ വിചിത്രമായ രീതിയിലാണ് വധിച്ചത്. സൈനിക ജനറലിനെ വെട്ടിനുറുക്കി ബ്രിസീലിൽ നിന്ന് കൊണ്ടുവന്ന പിരാന മൽസ്യങ്ങൾക്ക് ഇട്ട് കൊടുക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

Read More >>