മൂന്നാംഘട്ട വോട്ടെടുപ്പ്: ജനവിധി തേടുന്നവരില്‍; ക്രിമിനല്‍ കേസ് പ്രതികള്‍ 340

ഏറ്റവും കൂടുതല്‍ കേസ് കെ സുരേന്ദ്രന്റെ പേരില്‍, സമ്പന്നന്‍ ശശി തരൂര്‍

മൂന്നാംഘട്ട വോട്ടെടുപ്പ്: ജനവിധി തേടുന്നവരില്‍; ക്രിമിനല്‍ കേസ് പ്രതികള്‍ 340

സുധീര്‍ കെ ചന്ദനത്തോപ്പ്

തിരുവനന്തപുരം: കേരളം ഉൾപ്പടെ മൂന്നാംഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന 115 മണ്ഡലങ്ങളിലെ 1612 സ്ഥാനാർത്ഥികളിൽ 340 പേർ ക്രിമിനൽ കേസ് പ്രതികൾ. നാഷണൽ ഇലക്ഷൻ വാച്ചും അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസും സംയുക്തമായി നടത്തിയ പഠനത്തിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.

230 സ്ഥാനാർത്ഥികൾ ഗുരുതരമായ ക്രിമിനൽ കേസ്സുകളിൽ പ്രതികളാണ്. 13 പേർ കൊലപാത കേസിലും 30 പേർ കൊലപാതക ശ്രമ കേസിലും 14 പേർ തട്ടികൊണ്ടുപോകൽ കേസിലും 29 പേർ സ്ത്രീകൾക്കെതിരായ അതിക്രമ കേസിലും പ്രതികളാണ്.

വിദ്വേശ പ്രസംഗത്തിന്റെ പേരിൽ കേസ് നിലവിലുള്ള 26 പേരും ഈ ഘട്ടത്തിൽ ജനവിധി തേടുന്നുണ്ട്. കേരളത്തിലെ സ്ഥാനാർത്ഥികളിൽ 70 പേരാണ് ക്രിമിനൽ കേസ് പ്രതികൾ. ഈ ഘട്ടത്തിൽ ഏറ്റവും കൂടുതൽ ക്രിമിനൽ കേസുകൾ പത്തനംതിട്ടയിലെ ബി.ജെ.പി സ്ഥാനാർത്ഥി കെ. സുരേന്ദ്രന്റെ പേരിലാണ്. 240 കേസുകളാണ് ഇദ്ദേഹത്തിന്റെ പേരിൽ. രണ്ടാം സ്ഥാനത്ത് ഇടുക്കിയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ് ആണ്.

204 കേസുകൾ. ആറ്റിങ്ങലിലെ ബി.ജെ.പി സ്ഥാനാർഥി ശോഭ സുരേന്ദ്രൻ(40), കോഴിക്കോട്ടെ ബി.ജെ.പി സ്ഥാനാർത്ഥി പ്രകാശ് ബാബു(22), വടകരയിലെ സി.പി.എം സ്ഥാനാർത്ഥി പി ജയരാജൻ(10), പാലക്കാട്ടെ സി.പി.എം സ്ഥാനാർത്ഥി എം.ബി രാജേഷ്(10),പാലക്കാട്ടെ ബി.ജെ. പി സ്ഥാനാർത്ഥി കൃഷ്ണകുമാർ(10), കണ്ണൂരിലെ സി.പി.എം സ്ഥാനാർത്ഥി പി.കെ ശ്രീമതി(10) എന്നിവരാണ് പത്തിലധികം ക്രിമിനൽ കേസുകളുള്ള സ്ഥാനാർത്ഥികൾ.

മൂന്നാം ഘട്ടത്തിൽ ജനവിധി തേടുന്ന രാജ്യത്തെ 90 കോൺഗ്രസ് സ്ഥാനാർത്ഥികളിൽ 40 പേരും ക്രിമിനൽ കേസ് പ്രതികളാണ്. ബി.ജെ.പിയുടെ 97 സ്ഥാനാർഥികളിൽ 38 പേരും ബി.എസ്.പിയുടെ 92ൽ 16 പേരും സി.പി.എമ്മിന്റെ 19ൽ 11 പേരും ക്രിമിനൽ കേസ് പ്രതികളാണ്. ഏറ്റവും കൂടുതൽ ക്രിമിനൽ കേസ് പ്രതികളും വനിതകളും മൽസരിക്കുന്നത് ഈ ഘട്ടത്തിലാണ്. മഹാരാഷ്ട്ര കഴിഞ്ഞാൽ കേരളത്തിലാണ് കൂടുതൽ ക്രിമിനൽ കേസ് പ്രതികൾ മൽസരിക്കുന്നത്.

ഏപ്രിൽ 23ന് ജനവിധി തേടുന്നവരിൽ ബി.ജെ.പിയുടെ 97ൽ 81 പേരും കോൺഗ്രസിന്റെ 90ൽ 74 പേരും സി.പി.എമ്മിന്റെ 19ൽ 10 പേരും കോടിപതികളാണ്. സി.പി.ഐയുടെ ആറിൽ ഒരാളും എസ്.ഡി.പി.ഐയുടെ പത്തിൽ ഒരാളും ലീഗിന്റെ മൂന്നിൽ ഒരാളും ആർ.എസ്.പിയുടെ രണ്ടിൽ ഒരാളും കേരള കോൺഗ്രസ്(എം)ന്റെ ഒരാളും കോടിപതികളാണ്.

കേരളത്തിൽ 45 കോടിപതികളാണ് മൽസര രംഗത്ത്. 35 കോടിയുടെ ആസ്തിയുള്ള തിരുവനന്തപുരത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി ശശി തരൂരാണ് സംസ്ഥാനത്തെ ഏറ്റവും ആസ്തിയുള്ള സ്ഥാനാർത്ഥി.

മലപ്പുറത്തെ സ്വതന്ത്രൻ ഒ.എസ് നിസാർ മേത്തർ ആണ് രണ്ടാം സ്ഥാനത്ത്. 30 കോടിയുടെ ആസ്തി. മൂന്നാം സ്ഥാനത്ത് വയനാട്ടിൽ നിന്നും ജനവിധി തേടുന്ന യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധിയാണ്. 15 കോടി രൂപ. ഏറ്റവും ദരിദ്രന്‍ ആറ്റിങ്ങലിലെ സ്വതന്ത്ര സ്ഥാനാർത്ഥി സുരേഷ് കുമാറാണ്. ഇദ്ദേഹത്തിന്റെ പേരിൽ ഒരു രൂപയുടെ പോലും ആസ്തിയില്ല.

Read More >>