മദ്ധ്യപ്രദേശ് സർക്കാരിനെ താഴെയിറക്കാൻ 60 കോടിയും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്ത് ബി.ജെപി

സർക്കാരിനെ അട്ടിമറിക്കാൻ ബി.ജെ.പി പണവും അധികാരവും വാഗ്ദാനം ചെയ്‌തെന്ന വെളിപ്പെടുത്തലുമായി വന്നിരിക്കുന്നത് ബിഎസ്പി എം.എല്‍.എയാണ്.

മദ്ധ്യപ്രദേശ് സർക്കാരിനെ താഴെയിറക്കാൻ 60 കോടിയും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്ത് ബി.ജെപി

ഭോപ്പാൽ: മദ്ധ്യപ്രദേശിലെ കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ ബി.ജെ.പി വൻ തുകയും അധികാര സ്ഥാനങ്ങളും വാഗ്ദാനം ചെയ്തതായി ബി.എസ്.പി എം.എൽ.എയുടെ വെളിപ്പെടുത്തൽ. 50 കോടി മുതൽ 60 കോടി രൂപ വരെയാണ് ബി.ജെ.പി വാഗ്ദാനം ചെയ്യുന്നതെന്നും ഒപ്പം മന്ത്രിസ്ഥാനം നൽകാനും അവർ തയ്യാറായെന്നും ബി.എസ്.പി എം.എൽ.എ രമാഭായ് സിങ് ആരോപിച്ചു. ബി.ജെ.പി എല്ലാവർക്കും വലിയ വാഗ്ദാങ്ങൾ നൽകുന്നുണ്ട്. എന്നാൽ വിഡ്ഢികൾ മാത്രമാണ് അവരുടെ സ്വാധീനത്തിന് വഴങ്ങുക. മന്ത്രിസ്ഥാനവും പണവും വാഗ്ദാനം ചെയ്ത് അവർ തന്നെയും വിളിച്ചിരുന്നു. എന്നാൽ ആ വാഗ്ദാനം നിരസിച്ചെന്നു രമഭായ് സിങ് പറഞ്ഞു.

2018 ഡിസംബറിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റുകളാണ് ബി.എസ്.പി നേടിയത്. 230 ൽ 114 സീറ്റാണ് കോൺഗ്രസ്സിന് ലഭിച്ചത്. രണ്ട് ബി.എസ്.പി എം.എൽ.എമാരുടേയും സ്വതന്ത്രരുടേയും പിന്തുണയോടെയാണ് കോൺഗ്രസ് സർക്കാർ രൂപവൽക്കരിച്ചത്. 15 വർഷത്തെ ബി.ജെ.പി ഭരണത്തിന് അന്ത്യം കുറിച്ചാണ് കോൺഗ്രസ് അധികാരം നേടിയത്. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പ് വിജയത്തിന്റെ പശ്ചാത്തലത്തിൽ മദ്ധ്യപ്രദേശ് സർക്കാരിനെ താഴെയിറക്കാൻ ബി.ജെ.പി വലിയ ശ്രമങ്ങളാണ് നടത്തുന്നത്. കർണാടക, രാജസ്ഥാൻ സർക്കാരുകൾ വീഴ്ത്താനും ബി.ജെ.പി ശ്രമിക്കുന്നുണ്ട്. മെയ് 21 ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് ബി.ജെ.പി കുതിരക്കച്ചവടത്തിന് ശ്രമിക്കുന്നതായി ആരോപിച്ചിരുന്നു. 10 ഓളം എം.എൽ.എമാരെ ബി.ജെ.പി സമീപിച്ചതായി അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

എം.എൽ.എമാരെ ശ്രദ്ധിക്കാൻ മന്ത്രിമാർക്ക് നിർദ്ദേശം നൽകി കമൽനാഥ്

മദ്ധ്യപ്രദേശ് സർക്കാരിനെ അട്ടിമറിക്കാൻ ബി.ജെ.പി ശ്രമിക്കുന്നതിനിടെ എം.എൽ.എമാരെ നിരീക്ഷിക്കാൻ മന്ത്രിമാർക്ക് നിർദ്ദേശം നൽകി മുഖ്യമന്ത്രി കമൽനാഥ്. എം.എൽ.എമാരെ ബി.ജെ.പി നേതാക്കളോ അവരുമായി ബന്ധമുള്ളവരോ ബന്ധപ്പെടുന്നുണ്ടോയെന്ന് നിരീക്ഷിക്കുകയാണ് മന്ത്രിമാരുടെ ദൗത്യം. അഞ്ച് എം.എൽ.എമാരെ വീതമാണ് ഒരോ മന്ത്രിമാരും നിരീക്ഷിക്കേണ്ടത്. എം.എൽ.എമാരുടെ രക്ഷകർത്താവിന്റെ റോളാകും ഇനി മന്ത്രിമാർക്കെന്ന് സംസ്ഥാനത്തെ ഒരു കോൺഗ്രസ് നേതാവ് വാർത്താ ഏജൻസിയോട് പറഞ്ഞു. എം.എൽ.എമാർ കൊഴിഞ്ഞുപോകുന്നത് തടയുന്നതിനോടപ്പം അവരുടെ മണ്ഡലങ്ങളിലെ വികസന പ്രവൃത്തികളിലെ പുരോഗതിയും മന്ത്രിമാർ വിലയിരുത്തണം. 27 പേരാണ് കാബിനറ്റിലുള്ളത്. മന്ത്രിമാരുടെ യോഗവും എം.എൽ.എമാരുടെ യോഗവും കമൽനാഥ് കഴിഞ്ഞ ദിവസം വിളിച്ചുചേർത്തിരുന്നു

Read More >>