സാമ്പത്തിക മാന്ദ്യം മറികടക്കാനുള്ള ആശയം കോണ്‍ഗ്രസ് പ്രകടനപത്രികയിലുണ്ട്; അതു കോപ്പിയടിച്ചോളൂ- രാഹുല്‍

ഗ്രാമീണ ഉപഭോഗം ഏഴു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണെന്ന വിപണി ഗവേഷണ കമ്പനി നീല്‍സണിന്റെ പഠന റിപ്പോര്‍ട്ടിനോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍

സാമ്പത്തിക മാന്ദ്യം മറികടക്കാനുള്ള ആശയം കോണ്‍ഗ്രസ് പ്രകടനപത്രികയിലുണ്ട്; അതു കോപ്പിയടിച്ചോളൂ- രാഹുല്‍

ന്യൂഡല്‍ഹി: സാമ്പത്തിക മാന്ദ്യത്തില്‍ ബി.ജെ.പി സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി. പ്രതിസന്ധി എന്ത് എന്നതിനെ കുറിച്ചു പോലും സര്‍ക്കാര്‍ അഞ്ജാതമാണെന്നും മാന്ദ്യത്തെ മറികടക്കാനുള്ള വഴികള്‍ വേണമെങ്കില്‍ കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ നോക്കി കണ്ടെത്താമെന്നും അദ്ദേഹം പറഞ്ഞു.

ഗ്രാമീണ ഉപഭോഗം ഏഴു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണെന്ന വിപണി ഗവേഷണ കമ്പനി നീല്‍സണിന്റെ പഠന റിപ്പോര്‍ട്ടിനോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍.

ഇതേക്കുറിച്ച് ദ വയര്‍ ട്വീറ്റ് ചെയ്ത വാര്‍ത്ത റിട്വീറ്റ് ചെയ്താണ് രാഹുല്‍ കേന്ദ്രത്തെ പരിഹസിച്ചത്.

'പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും ഐഎന്‍സി ഡോ ഇന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച പാര്‍ട്ടി പ്രകടന പത്രികയില്‍ നിന്ന് വേണമെങ്കില്‍ ആശയങ്ങള്‍ മോഷ്ടിക്കാം. മാന്ദ്യമുണ്ടായാല്‍ എങ്ങനെ മറികടക്കണമെന്ന് അതില്‍ വിശദമായി പറഞ്ഞിട്ടുണ്ട്' - എന്നായിരുന്നു രാഹുലിന്റെ കമന്റ്.

സാമ്പത്തിക വര്‍ഷത്തിന്റെ സെപ്തംബര്‍ പാദത്തിലെ ഗ്രാമീണ ഉപഭോഗം വന്‍തോതില്‍ കുറഞ്ഞു എന്നാണ് നീല്‍സണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.

അതിവേഗ ഉപഭോക്തൃ ഉല്‍പ്പന്നങ്ങളുടെ (എഫ്.എം.സി.ജി) ഗ്രാമീണ ഉപഭോഗം സെപ്തംബറില്‍ അവസാനിച്ച പാദത്തില്‍ 3.9 ശതമാനമാണഅ വളര്‍ന്നത്. മുന്‍ വര്‍ഷത്തില്‍ ഇത് 13.2 ശതമാനമായിരുന്നു. ഗ്രാമീണ ഇന്ത്യയുടെ മൂല്യവളര്‍ച്ചയില്‍ പ്രതിവര്‍ഷം അഞ്ചു ശതമാനം ഇടിവുണ്ടാകുന്നു എന്നും റിപ്പോര്‍ട്ട് പറയുന്നു.

സാധാരണഗതിയില്‍ നഗര ഉപഭോഗത്തേക്കാള്‍ ഗ്രാമീണ ഉപഭോഗമാണ് കൂടാറുള്ളത്. ഈ പാദത്തില്‍ അത് നേരെ തിരിച്ചാണ്. നഗര ഇന്ത്യയിലെ എഫ്.എം.സി.ജി ഉപഭോഗം 14ല്‍ നിന്ന് എട്ടു ശതമാനമായാണ് കുറഞ്ഞത്. വടക്കേ ഇന്ത്യയിലാണ് പ്രതിസന്ധി കൂടുതല്‍ എന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഉപഭോഗമാന്ദ്യത്തിന്റെ 48 ശതമാനവും ഇവിടെയാണ്. ഇവിടത്തെ ഭക്ഷണ ഡിമാന്‍ഡിലും വലിയ കുറവുണ്ടായിട്ടുണ്ട്. 21ല്‍ നിന്ന് ഏഴു ശതമാനമായാണ് ഉപഭോഗം കുറഞ്ഞത്.

Read More >>