ഖഷോഗി തിരോധാനത്തിന്റെ തെളിവുകള്‍ കൈമാറി

ജമാല്‍ ഖഷോഗി വധത്തിന്റെ തെളിവുകള്‍, യു എസ്സ്, ബ്രിട്ടണ്‍, സൌദി അറേബ്യ തുടങ്ങിയ രാജ്യങ്ങള്‍ക്ക് നല്‍കിയതായി തുര്‍ക്കി.

ഖഷോഗി  തിരോധാനത്തിന്റെ തെളിവുകള്‍ കൈമാറി

ജമാല്‍ ഖഷോഗി വധവുമായി ബന്ധപ്പെട്ട രേഖകള്‍ യു എസ്സും ബ്രിട്ടനും ഉള്‍പ്പെട്ട അന്താരാഷ്ട്ര സമൂഹത്തിനു കൈമാറിയതായി തുര്‍ക്കി.ഖഷോഗി വധത്തില്‍ പങ്കുണ്ടെന്ന് തുര്‍ക്കി ആരോപിക്കുന്ന സൌദി അറേബ്യക്കും രേഖകള്‍ കൈമാറിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഖഷോഗിയുടെ കൊലയാളികളെ സൌദി അറേബ്യക്ക് വ്യക്തമായി അറിയാമെന്ന പ്രസ്താവന തുര്‍ക്കി പ്രസിഡന്റ് രജപ് തയ്യിപ് എര്‍ദോഗന്‍ ആവര്‍ത്തിച്ചു.

തുര്‍ക്കിയുടെ തലസ്ഥാനമായ ഇസ്താംബൂളിലെ സൌദി എംബസിയില്‍ വച്ചാണു ഒക്ടോബര്‍ 2 നു ജമാല്‍ ഖഷോഗി അപ്രത്യക്ഷനായത്. വിവാഹമോചനവുമായി ബന്ധപ്പെട്ട രേഖകള്‍ വാങ്ങാന്‍ എംബസിയിലേക്ക് കയറിയ മാദ്ധ്യമപ്രവര്‍ത്തകനെ പിന്നീടാരും കണ്ടിട്ടില്ല. ജമാല്‍ ഖഷോഗി കൊല്ലപ്പെട്ടുവെന്ന് സമ്മതിച്ച സൌദി ഭരണകൂടം , ഇതില്‍ തങ്ങള്‍ക്ക് പങ്കുണ്ടെന്ന് സമ്മതിച്ചിട്ടില്ല. ഖഷോഗിയുടെ മൃതദേഹമെങ്കിലും വിട്ടുകിട്ടണമെന്ന ആവശ്യത്തിലാണ് അദ്ദേഹത്തിന്റെ ബന്ധുക്കളും കൂട്ടുകാരും.

സൌദി ഭരണകൂടത്തിന്റെ കര്‍ശന വിമര്‍ശകനായിരുന്നു മാദ്ധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഖഷോഗി.