ഉമ്മന്‍ചാണ്ടി മത്സരിക്കില്ല; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക വൈകീട്ട്

ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മറ്റി ജനറല്‍ സെക്രട്ടറിമാരായ കെ.സി വേണു ഗോപാല്‍, ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ മത്സരിക്കില്ല.

ഉമ്മന്‍ചാണ്ടി മത്സരിക്കില്ല;  കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക വൈകീട്ട്

ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ പ്രമുഖ നേതാക്കള്‍ മത്സരിക്കില്ല. ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മറ്റി ജനറല്‍ സെക്രട്ടറിമാരായ കെ.സി വേണു ഗോപാല്‍, ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ മത്സരിക്കില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ മാദ്ധ്യമങ്ങളെ അറിയിച്ചു. ഇന്ന് വൈകുന്നേരം 6.30ന് ചേരുന്ന സെന്‍ട്രല്‍ ഇലക്ഷന്‍ കമ്മറ്റിയില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടി കേരള രാഷ്ട്രീയത്തിലാണ് കേന്ദ്രീകരിക്കുകയെന്ന് ചെന്നിത്തല പറഞ്ഞു. കെ.സി വേണു ഗോപാലിന് ഡല്‍ഹിയില്‍ തിരക്കുകളുണ്ട്. കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത സമയത്ത് മത്സര രംഗത്തേക്കില്ലെന്ന് മുല്ലപ്പള്ളിയും അറിയിച്ചിരുന്നു. ഇതാണ് മൂന്ന് പ്രധാന നേതാക്കളും മത്സര രംഗത്തില്ലാത്തതെന്ന് അദ്ദേഹം പറഞ്ഞു. നിലവിലെ സിറ്റിങ് എം.പിമാര്‍ മത്സരിക്കുന്നതിനെ കുറിച്ച് അദ്ദേഹം പ്രതികരിച്ചില്ല. കേരളം കണ്ടതില്‍വെച്ച് ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിക്കുകയെന്നും കേരളത്തില്‍ യു.ഡി.എഫ് അനുകൂല തരംഗമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ഗ്രൂപ്പുകള്‍ തമ്മില്‍ സീറ്റിനെ ചൊല്ലിയുള്ള രൂക്ഷമായ തര്‍ക്കമാണ് സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ധാരണയിലെത്താന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് തടസ്സമായി നില്‍ക്കുന്നതെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ആലപ്പുഴ, വയനാട്, വടകര, ഇടുക്കി സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ വലിയ ചര്‍ച്ചാണ് നടക്കുന്നത്.

Read More >>