കശ്മീരില്‍ ബി.ജെ.പി സര്‍ക്കാറിന് പിന്തുണയുമായി യു.എ.ഇ; പിന്താങ്ങുന്ന ആദ്യത്തെ മുസ്‌ലിം രാഷ്ട്രം

അതിനിടെ, ഇന്ത്യയിലെ സ്ഥാനപതിയെ പാകിസ്താന്‍ തിരിച്ചു വിളിക്കുമെന്ന് സൂചനയുണ്ട്.

കശ്മീരില്‍ ബി.ജെ.പി സര്‍ക്കാറിന് പിന്തുണയുമായി യു.എ.ഇ; പിന്താങ്ങുന്ന ആദ്യത്തെ മുസ്‌ലിം രാഷ്ട്രം

ലണ്ടന്‍: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ് സംസ്ഥാനത്തെ രണ്ടായി മുറിക്കാനുള്ള ഇന്ത്യന്‍ തീരുമാനത്തിന് പിന്തുണയുമായി യു.എ.ഇ. തീരുമാനം ഭരണകാര്യക്ഷമത വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് ഇന്ത്യയിലെ യു.എ.ഇ അംബാസഡര്‍ ഡോ. അഹ്മദ് അല്‍ ബന്ന പ്രതികരിച്ചു. ചരിത്രപരമായ തീരുമാനത്തിന് പിന്നാലെ, യു.എന്‍ സുരക്ഷാ സമിതിയിലെ അഞ്ചു സ്ഥിരാംഗങ്ങള്‍ ഉള്‍പ്പെടെ നിരവധി രാഷ്ട്രങ്ങളുമായി ഇന്ത്യ വിഷയത്തില്‍ ആശയവിനിമയം നടത്തിയിരുന്നു.

ഇതില്‍ ആദ്യമായാണ് ഒരു മുസ്‌ലിം രാഷ്ട്രം ഇന്ത്യയ്ക്ക് പിന്തുണയുമായി എത്തുന്നത്. ' സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായല്ല സംസ്ഥാനങ്ങള്‍ പുനഃസംഘടിപ്പിക്കപ്പെടുന്നത്. പ്രാദേശിക അസന്തുലനം കുറയ്ക്കാനും കാര്യക്ഷമത കൂട്ടാനുമാണത്. ഇന്ത്യന്‍ ഭരണഘടനയ്ക്കുള്ളില്‍ നിന്നു കൊണ്ടുള്ള സമ്പൂര്‍ണ്ണമായ ആഭ്യന്തര വിഷയമാണിത്' - ഡോ. ബന്ന പറഞ്ഞു.

അറബ് ലോകത്ത് ഇന്ത്യന്‍ തീരുമാനത്തിന് പിന്തുണ ലഭിക്കാന്‍ യു.എ.ഇയുടെ നിലപാട് സഹായകരമാകുമെന്നാണ് കരുതപ്പെടുന്നത്. മുസ്‌ലിം ഭൂരിപക്ഷ മേഖലയായ കശ്മീരിലാണ് കേന്ദ്രഇടപെടല്‍ ഉണ്ടായത് എന്നതു കൊണ്ടു തന്നെ യു.എ.ഇ നിലപാടിന് പ്രസക്തിയുണ്ട്.

അതിനിടെ, ഇന്ത്യയിലെ സ്ഥാനപതിയെ പാകിസ്താന്‍ തിരിച്ചു വിളിക്കുമെന്ന് സൂചനയുണ്ട്. പാക് മാദ്ധ്യമങ്ങളാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ ഇന്ത്യയില്‍ പാക് സ്ഥാനപതിയില്ല. ആക്ടിങ് ഹൈക്കമ്മീഷറാണുള്ളത്. നേരത്തെ, ഇസ്‌ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അജയ് ബിസാരിയയെ പാക് വിദേശകാര്യമന്ത്രാലയം വിളിച്ചു വരുത്തി വിശദീകരണം തേടിയിരുന്നു.

ജമ്മു കശ്മീരിന് പ്രത്യേക അധികാരങ്ങള്‍ വാഗ്ദാനം ചെയ്യുന്ന 370, 35 എ വകുപ്പുകള്‍ റദ്ദാക്കിയ ഇന്ത്യാ ഗവണ്‍മെന്റ് തീരുമാനം അംഗീകരിക്കില്ലെന്ന് പാകിസ്താന്‍ വ്യക്തമാക്കിയിരുന്നു.

Read More >>