അവരെങ്ങോട്ടു പോകും, എന്തു തിന്നും എന്നാണ് രാഹുലിന്റെ സങ്കടം; അവരെ പുറത്താക്കിയിരിക്കും- എന്‍.ആര്.സി ആവര്‍ത്തിച്ച് അമിത് ഷാ
2024ന് മുമ്പ് രാജ്യത്ത് നിന്ന് ഓരോ നുഴഞ്ഞുകയറ്റക്കാരനെയും പുറത്താക്കും
ന്യൂഡല്‍ഹി: രാജ്യത്തുടനീളം ദേശീയ പൗരത്വ രജിസ്റ്റര്‍ നിര്‍ബന്ധമാക്കുമെന്ന നിലപാട് ആവര്‍ത്തിച്ച് ബി.ജെ.പി ദേശീയ അദ്ധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ. 2024ന് മുമ്പ് എല്ലാ നുഴഞ്ഞു കയറ്റക്കാരെയും രാജ്യത്ത് നിന്ന് പുറത്താക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജാര്‍ഖണ്ഡിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.
വിഷയത്തില്‍ കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ നിലപാടിനെ ഷാ രൂക്ഷമായി വിമര്‍ശിച്ചു. രാഹുല്‍ ബാബ എന്നു വിളിച്ചാണ് മന്ത്രി സംസാരിച്ചത്. ' രാഹുല്‍ ബാബ ദേശീയ പൗരത്വ രജിസ്റ്ററിനെ എതിര്‍ക്കുന്നു. അവരെ പുറത്താക്കരുത് എന്നാണ് അദ്ദേഹം പറയുന്നത്. അവര്‍ എവിടെ പോകും, എന്തു തിന്നും എന്നാണ് അദ്ദേഹം ചോദിക്കുന്നത്' - ഷാ പരിഹസിച്ചു.
'രാഹുല്‍ ഇഷ്ടമുള്ളത് പറയട്ടെ. എന്നാല്‍ 2024ന് മുമ്പ് രാജ്യത്ത് നിന്ന് ഓരോ നുഴഞ്ഞുകയറ്റക്കാരനെയും പുറത്താക്കും എന്നാണ് എനിക്കു പറയാനുള്ളത്' - ഷാ കൂട്ടിച്ചേര്‍ത്തു.
നേരത്തെ, അസം മാതൃകയില്‍ രാജ്യത്തുടനീളം പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുമെന്ന് അമിത് ഷാ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു. മുസ്ലിംകളെ ലക്ഷ്യം വച്ചല്ല രജിസ്റ്റര്‍ കൊണ്ടു വരുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. എന്നാല്‍ പ്രത്യേക ന്യൂനപക്ഷ സമുദായത്തിന് എതിരെയാണ് കേന്ദ്രം ബില്‍ കൊണ്ടുവരുന്നത് എന്നാണ് പ്രതിപക്ഷം പറയുന്നത്.
അസമിൽ എൻ.ആർ.സി നടപ്പിലാക്കിയതോടെ 19 ലക്ഷം പേരാണ് രാജ്യത്തുനിന്ന് പുറത്തായത്. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനായാണ് എൻ.ആർ.സി നടപ്പിലാക്കുന്നത് എന്നാണ് കേന്ദ്ര വാദം. 1971 മാർച്ച് 25ന് ശേഷം ബംഗ്ലാദേശിൽ നിന്ന് അസമിലേക്ക് കുടിയേറിയവരെ കണ്ടെത്താനും ഇവരെ തിരിച്ചയക്കാനുമാണ് പദ്ധതി കൊണ്ടുവന്നത്. ഇതിൽ നിരവധി അപകാതകളുണ്ടെന്ന് ആക്ഷേപമുണ്ട്. 3.28 കോടി പേർ അപേക്ഷിച്ചപ്പോൾ 19 ലക്ഷം പേർ പട്ടികയിൽ നിന്ന് പുറത്തായത് വലിയ വിവാദങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും വഴിവെച്ചിരുന്നു.