കശ്മീരില്‍ ക്ഷേത്രങ്ങളുടെ കണക്കെടുക്കുന്നു, വിഗ്രഹങ്ങള്‍ വികൃതമാക്കിയെന്ന് ആരോപിച്ച് കേന്ദ്രമന്ത്രി

370-ാം വകുപ്പ് എടുത്തു കളഞ്ഞതിനു പിന്നാലെയാണ് കടുത്ത വര്‍ഗീയ ധ്രുവീകരണത്തിന് ഇടവരുത്തുന്ന രീതിയിലുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം.

കശ്മീരില്‍ ക്ഷേത്രങ്ങളുടെ കണക്കെടുക്കുന്നു, വിഗ്രഹങ്ങള്‍ വികൃതമാക്കിയെന്ന് ആരോപിച്ച് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ ക്ഷേത്രങ്ങളുടെ കണക്കെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍. അമ്പതിനായിരത്തോളം ക്ഷേത്രങ്ങള്‍ വര്‍ഷങ്ങളായി അടഞ്ഞു കിടക്കുകയാണെന്നും അവിടത്തെ വിഗ്രഹങ്ങള്‍ വികൃതമാക്കിയെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷന്‍ റെഡ്ഢി പറഞ്ഞു.

സംസ്ഥാനത്തിന് പ്രത്യേക അധികാരം നല്‍കുന്ന 370-ാം വകുപ്പ് എടുത്തു കളഞ്ഞതിനു പിന്നാലെയാണ് കടുത്ത വര്‍ഗീയ ധ്രുവീകരണത്തിന് ഇടവരുത്തുന്ന രീതിയിലുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം.

'കശ്മീരില്‍ അടഞ്ഞു കിടക്കുന്ന സ്‌കൂളുകളുടെ കണക്കെടുക്കാനും അവ തുറക്കാനും സമിതിയെ നിയോഗിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി അമ്പതിനായിരത്തോളം ക്ഷേത്രങ്ങളാണ് അടഞ്ഞു കിടക്കുന്നത്. അതില്‍ ചിലത് നശിപ്പിക്കപ്പെട്ടു. ചിലതിലെ വിഗ്രങ്ങള്‍ വികൃതമാക്കപ്പെട്ടു' - എന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍. ലക്ഷക്കണക്കിന് കശ്മീരിലെ പണ്ഡിറ്റുകളെ കശ്മീരില്‍ നിന്ന് ആട്ടിപ്പായിച്ചതായും അദ്ദേഹം ആരോപിച്ചു.

ഈ മാസം ആദ്യം കശ്മീരിലെ സ്ഥിതിഗതികള്‍ മന്ത്രിമാരായ നിത്യാനന്ദ് റായ്, ജിതേന്ദ്രസിങ്, ആഭ്യന്തര സെക്രട്ടറി എ.കെ ഭല്ല, ആള്‍ ജമ്മു ആന്‍ഡ് പഞ്ചായത്ത് അസോസിയേഷന്‍ ചെയര്‍മാന്‍ അനില്‍ ശര്‍മ എന്നിവരുമായി മന്ത്രി ചര്‍ച്ച ചെയ്തിരുന്നു. ആഭ്യന്തര മന്ത്രി അമിത് ഷാ ആണ് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചിരുന്നത്.

അതിനിടെ, പ്രത്യേക പദവി എടുത്തു കളഞ്ഞ സര്‍ക്കാര്‍ തീരുമാനത്തെ കശ്മീരിലെ 75 ശതമാനം പേരും പിന്തുണയ്ക്കുന്നതായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. കശ്മീരിനെ ബാധിച്ച അര്‍ബുദമായിരുന്നു പ്രത്യേക പദവി. അഞ്ചു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തിന്റെ മുഖച്ഛായ മാറും. തങ്ങളുടെ ഉദ്ദേശ്യം നല്ലതാണ്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓഗസ്റ്റ് അഞ്ചിനാണ് കേന്ദ്രസര്‍ക്കാര്‍ കശ്മീരിനെ വിഭജിച്ച് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റിയത്. ഇതിന് ശേഷം കശ്മീരില്‍ ഏര്‍പ്പെടുത്തിയ അതീവ സുരക്ഷ ഇതുവരെ പിന്‍വലിച്ചിട്ടില്ല. മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി, ഫറൂഖ് അബ്ദുല്ല, ശൈഖ് അബ്ദുല്ല തുടങ്ങിയ പ്രാദേശിക നേതാക്കളെല്ലാം തടങ്കലിലാണ്.