ബാബരി മസ്ജിദില്‍ രാമവിഗ്രഹം സ്വയംഭൂവോ കൊണ്ടിട്ടതോ? ചരിത്രം പറയുന്നത് എന്ത്? - അയോദ്ധ്യ കേസ് വിശകലനം, ഭാഗം ഒന്ന്

പള്ളിക്കുള്ളില്‍ വിഗ്രഹം സ്വയംഭൂ ആയതാണ് എന്ന് ചിലര്‍ വിശ്വസിക്കുന്നു.

ബാബരി മസ്ജിദില്‍ രാമവിഗ്രഹം സ്വയംഭൂവോ കൊണ്ടിട്ടതോ? ചരിത്രം പറയുന്നത് എന്ത്? - അയോദ്ധ്യ കേസ് വിശകലനം, ഭാഗം ഒന്ന്

എം.അബ്ബാസ്

അയോദ്ധ്യ കേവലം ഒരു ഭൂമി തര്‍ക്ക കേസ് മാത്രമല്ല. 2.77 ഏക്കര്‍ മാത്രം വിസ്തൃതിയുള്ള ഒരു ഭൂപ്രദേശം രാജ്യത്തിന്റെ രാഷ്ട്രീയ-സാമൂഹ്യ ജീവിതത്തെ എത്രമേല്‍ മാറ്റിമറിച്ചു എന്നതും പ്രധാനമാണ്. പതിറ്റാണ്ടുകള്‍ നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ അയോദ്ധ്യയിലെ 'തര്‍ക്കഭൂമി' ആരുടേതാണ് എന്ന് സുപ്രിംകോടതി വിധിക്കാനിരിക്കുകയാണ്. അതിലേക്ക് ഇനി ഏതാനും ആഴ്ചകളുടെ ദൂരം മാത്രം.

അയോദ്ധ്യയിലെ ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലം രാമന്റെ ജന്മസ്ഥലമാണ് എന്നാണ് ഹൈന്ദവ സംഘടനകളുടെ വാദം. ക്ഷേത്രം തകര്‍ത്താണ് മുഗര്‍ ചക്രവര്‍ത്തി ബാബര്‍ അവിടെ മസ്ജിദ് പണിതതെന്നും അവര്‍ പറയുന്നു. പതിറ്റാണ്ടുകള്‍ നീണ്ട തര്‍ക്കത്തിനൊടുവില്‍ 1992 ഡിസംബര്‍ ആറിനാണ് പള്ളി തകര്‍ക്കപ്പെട്ടത്. വിധി വരാനിരിക്കുന്നത് അതിന്റെ കാല്‍ നൂറ്റാണ്ടിന് ശേഷവും.

ഈ സാഹചര്യത്തില്‍ അയോദ്ധ്യ കേസിന്റെ ഉള്ളറകളിലേക്ക് ഒരെത്തി നോട്ടം

>ഭാഗം ഒന്ന്

1528ല്‍ മുഗള്‍ ചക്രവര്‍ത്തിയായ ബാബറിന്റെ കമാന്‍ഡറായിരുന്ന മിര്‍ ബഖിയാണ് ഫൈസാബാദിലെ അയോദ്ധ്യയില്‍ ബാബറുടെ പേരില്‍ മസ്ജിദ് നിര്‍മിച്ചത്. ഭൂമിക്ക് വേണ്ടിയുള്ള ഹൈന്ദവ വിഭാഗത്തിന്റെ തര്‍ക്കങ്ങള്‍ എന്നു തുടങ്ങി എന്നതിന് കൃത്യമായ രേഖകള്‍ ഇല്ല. മൂന്നു നൂറ്റാണ്ട് കഴിഞ്ഞ് 1859ലാണ് ബ്രിട്ടീഷ് ഭരണാധികാരികള്‍ പള്ളിക്കകം മുസ്‌ലിംകള്‍ക്കും പുറം ഹിന്ദുക്കള്‍ക്കും ആരാധനാ കര്‍മ്മങ്ങള്‍ക്കായി വീതിച്ചു നല്‍കിയത്.

1855ല്‍ മഹന്ദ് രഘുബര്‍ദാസിന്റെ നേതൃത്വത്തിലുള്ള ജനം അസ്ഥാന്‍ ഇവിടെ ഒരുക്ഷേത്രം നിര്‍മിക്കാന്‍ ഭരണകൂടത്തോട് അനുമതി ആവശ്യപ്പെട്ടെങ്കിലും അനുവദിക്കപ്പെട്ടില്ല. 1934ല്‍ പ്രദേശത്തെ ഗോവധത്തെ തുടര്‍ന്നുണ്ടായ ഒരു കലാപത്തില്‍ പള്ളിക്ക് കേടുപാടുകള്‍ സംഭവിച്ചു. അത് പിന്നീട് അറ്റകുറ്റപ്പണി ചെയ്തു ശരിയാക്കി.

സ്വാതന്ത്ര്യത്തിന് തൊട്ടു മുമ്പ് 1944ല്‍ വഖഫ് കമ്മിഷണര്‍, ബാബര്‍ ചക്രവര്‍ത്തി സുന്നിയായതു കൊണ്ട് ഭൂമി സുന്നികളുടെ (മുസ്‌ലിംകളിലെ പ്രധാന വിഭാഗം) സ്വത്താണെന്ന് വിധിച്ചു. 1946ല്‍ ഹിന്ദു മഹാസഭ ഭൂമിക്ക് വേണ്ടി അഖില്‍ ഭാരതീയ രാമായണ മഹാസഭ എന്ന പേരില്‍ സമരം ആരംഭിച്ചു.

>പള്ളിക്കുള്ളില്‍ വിഗ്രഹമെത്തുന്നു

സ്വാതന്ത്ര്യം കഴിഞ്ഞ് രണ്ടു വര്‍ഷത്തിന് ശേഷം 1949 ല്‍ ഗോരാഖ്‌നാഥ് മഠത്തിലെ സന്യാസി ദിഗ് വിജയ് നാഥ് മഹാസഭയില്‍ ചേരുകയും ഒമ്പത് ദിവസത്തെ തുടര്‍ച്ചയായ രാമചരിത മനസ് പാരായണം നടത്തുകയും ചെയ്തു. അതിനൊടുവില്‍ തീവ്രഹിന്ദു പ്രവര്‍ത്തകര്‍ പള്ളിയുടെ വാതില്‍ തകര്‍ത്ത് അകത്ത് രാമവിഗ്രഹം സ്ഥാപിച്ചു.

പള്ളിക്കുള്ളില്‍ വിഗ്രഹം സ്വയംഭൂ ആയതാണ് എന്ന് ചിലര്‍ വിശ്വസിച്ചു. 1949 ഡിസംബര്‍ 22നായിരുന്നു സംഭവം.

ഈ സംഭവത്തില്‍ അയോദ്ധ്യ പൊലീസ് തയ്യാറാക്കിയ എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയത് ഇങ്ങനെ;

'രാവിലെ ഏഴു മണിയോടെ, ഞാന്‍ (രാംദേവ് ദുബെ-പൊലീസ് ഉദ്യോഗസ്ഥന്‍) ജന്മഭൂമിയിലെത്തി. മാതാ പ്രസാദില്‍ (അയോദ്ധ്യ പൊലീസ് സ്റ്റേഷനിലെ ഏഴാം നമ്പര്‍ കോണ്‍സ്റ്റബ്ള്‍) നിന്ന് 50-60 പേര്‍ അടങ്ങുന്ന സംഘം കോംപൗണ്ടിന്റെ പൂട്ടു തകര്‍ത്തും ചുമരും കോണിപ്പിടിയും തുരന്നും ബാബരി മസ്ജിദിന് അകത്ത് പ്രവേശിച്ചിട്ടുണ്ട് എന്നറിയാന്‍ കഴിഞ്ഞു. എന്നിട്ട് ശ്രീ ഭഗവാന്റെ വിഗ്രഹം സ്ഥാപിച്ചു. സീത, രാംജി എന്നിവരുടെ ചിത്രങ്ങള്‍ കാവി, മഞ്ഞ നിറം കൊണ്ട് അകത്തെയും പുറത്തെയും ചുമരുകളില്‍ കുത്തിക്കുറിച്ചിടുകയും ചെയ്തു. ഹന്‍സ് രാജ് (50-60 പേര്‍ അടങ്ങുന്ന സംഘം പ്രവേശിക്കുമ്പോള്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍, 70-ാം നമ്പര്‍ കോണ്‍സ്റ്റബ്ള്‍) അവരെ തടഞ്ഞെങ്കിലും അവര്‍ ഗൗനിച്ചില്ല. അവിടെ ഉണ്ടായിരുന്ന പി.എ.സി (പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റബുലറി) ഗാര്‍ഡുകള്‍ സഹായത്തിനായി വിളിച്ചു. എന്നാല്‍ അപ്പോഴേക്കും ആളുകള്‍ പള്ളിക്കുള്ളില്‍ പ്രവേശിച്ചിരുന്നു. മുതിര്‍ന്ന ജില്ലാ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു, നടപടിയിലേക്ക് നീങ്ങി. പിന്നീട്, അവിടെ തടിച്ചുകൂടിയ അയ്യായിരം-ആറായിരം വരുന്ന ജനങ്ങള്‍ മതമുദ്രാവാക്യങ്ങളും കീര്‍ത്തനകളും ഉരുവിട്ട് പള്ളിക്കുള്ളിലേക്ക് കടക്കാന്‍ ശ്രമിച്ചു. എന്നാല്‍ കൃത്യമായ മുന്നൊരുക്കങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ഒന്നും സംഭവിച്ചില്ല. കലാപമുണ്ടാക്കിയും വിഗ്രഹം ഉള്ളില്‍ വെച്ചും കുറ്റകൃത്യം ചെയ്ത രാം ദാസ്, സാകല്‍ദാസ്, സുദര്‍ശന്‍ ദാസ്, പേരറിയാത്ത 50-60 പേര്‍ എന്നിവര്‍ പള്ളി അശുദ്ധമാക്കി. ഡ്യൂട്ടിയില്‍ ഉള്ള ഉദ്യോഗസ്ഥരും മറ്റു പലരും അതു കണ്ടിട്ടുണ്ട്. അതു കൊണ്ടു തന്നെ കേസ് പരിശോധിക്കപ്പെടേണ്ടതാണ്. അത് ശരിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്'

ഡിസംബര്‍ 23ന് രാവിലെ ഒമ്പതു മണിക്കാണ് എഫ്.ഐ.ആര്‍ തയ്യാറാക്കിയത്. അയോദ്ധ്യ പൊലീസ് സ്റ്റേഷനിലെ ഓഫീസര്‍ ഇന്‍ചാര്‍ജ് പണ്ഡിറ്റ് രാംദേവ് ദുബേ (മുകളില്‍ പറ‍ഞ്ഞ ഉദ്യോഗസ്ഥന്‍) ആണ് പ്രാഥമിക വിവര റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അഭിരാം ദാസ്, രാം സാകല്‍ ദാസ്, സുദര്‍ശന്‍ ദാസ്, പേരറിയാത്ത 50-60 പേര്‍ എന്നിവരാണ് പ്രതിസ്ഥാനത്തുള്ളത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ് 147 (കലാപമുണ്ടാക്കല്‍) 448 (അതിക്രമിച്ചു കടക്കല്‍) 295 (ആരാധനാ സ്ഥലം വൃത്തികേടാക്കല്‍) എന്നിവയാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്.

(അവസാനിക്കുന്നില്ല)

Next Story
Read More >>