കൂടത്തായി ദുരൂഹ മരണം; വിളിച്ചിട്ടും ഹാജരായില്ല- ജ്യോത്സനെ തേടി പൊലീസ്

തകിടു നല്‍കിയ ജ്യോല്‍സ്യന്റെ വിലാസവും ഒരു പൊതിയില്‍ എന്തോ പൊടിയും റോയി ധരിച്ച പാന്റ്‌സിന്റെ കീശയിലുണ്ടായിരുന്നു.

കൂടത്തായി ദുരൂഹ മരണം; വിളിച്ചിട്ടും ഹാജരായില്ല- ജ്യോത്സനെ തേടി പൊലീസ്

കോഴിക്കോട്: കൂടത്തായിയിലെ കൊലക്കേസില്‍ അന്ധവിശ്വാസത്തിന്റെ സാധ്യതകളും തേടി പൊലീസ്. ജോളിയുടെ ആദ്യഭര്‍ത്താവ് റോയ് തോമസ് മരിക്കുമ്പോള്‍ ശരീരത്തിലുണ്ടായിരുന്ന തകിടാണ് സംശയത്തിന് കാരണം. കട്ടപ്പനയിലെ ഒരു ജ്യോല്‍സ്യന്‍ നല്‍കിയ തകിടാണു ശരീരത്തിലുണ്ടായിരുന്നത്. തകിടിലൂടെ വിഷം അകത്തുചെല്ലാന്‍ സാധ്യതയുണ്ടോയെന്നാണു പരിശോധന. കൊലപാതക പരമ്പരകളില്‍ ജോത്സ്യന്റെ പങ്കും പൊലീസ് അന്വേഷിക്കും.

ജോളിയുടെ നാടായ കട്ടപ്പനയിലെ ജ്യോല്‍സ്യനെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചെങ്കിലും ഹാജരായിട്ടില്ല. ഇതും സംശയത്തിന് ഇട നല്‍കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വാര്‍ത്താ മാദ്ധ്യമങ്ങളില്‍ വന്നതു മുതല്‍ ജ്യോത്സനെ കാണാനില്ല.

തകിടു നല്‍കിയ ജ്യോല്‍സ്യന്റെ വിലാസവും ഒരു പൊതിയില്‍ എന്തോ പൊടിയും റോയി ധരിച്ച പാന്റ്‌സിന്റെ കീശയിലുണ്ടായിരുന്നു. അന്ന് അസ്വാഭാവിക മരണത്തിനു കേസെടുത്ത കോടഞ്ചേരി പൊലീസ് ഈ വസ്തുക്കള്‍ ശേഖരിച്ചെങ്കിലും പിന്നീട് ജോളി സ്റ്റേഷനില്‍ നല്‍കിയ അപേക്ഷയനുസരിച്ച് വിട്ടുനല്‍കുകയായിരുന്നു.

ഈ പൊതിയിലുണ്ടായിരുന്ന പൊടി ഷാജുവിന്റെ ആദ്യഭാര്യ സിലിക്കു നല്‍കിയ വെള്ളത്തില്‍ കലര്‍ത്തിയിട്ടുണ്ടെന്നും ജോളി പൊലീസിനു നല്‍കിയ മൊഴിയിലുണ്ട്. എന്നാല്‍ റോയിയുടെ കയ്യിലുണ്ടായിരുന്ന പൊടിയാണു മരണകാരണമെന്നു വരുത്താനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന നിഗമനത്തില്‍ മൊഴി വിശ്വാസത്തിലെടുത്തിട്ടില്ല.

Read More >>