മതനിന്ദ ആരോപണം, വ്യാപക പ്രതിഷേധത്തിന് പിന്നാലെ കാലിക്കറ്റിലെ വിവാദ മാഗസിന്‍ പിന്‍വലിച്ചു

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി, പ്രധാനമന്ത്രി നരേന്ദ്രമോദി, രാഹുൽ ഗാന്ധി എം.പി, ശബരിമല അയ്യപ്പസ്വാമി എന്നിവരെയും കടന്നാക്രമിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങളും മാഗസിനിലുണ്ടെന്നാണ് വിവരം.

മതനിന്ദ ആരോപണം, വ്യാപക പ്രതിഷേധത്തിന് പിന്നാലെ കാലിക്കറ്റിലെ വിവാദ മാഗസിന്‍ പിന്‍വലിച്ചു

തേഞ്ഞിപ്പലം: മതനിന്ദ നടത്തുന്ന കവിതയും ലേഖനങ്ങളും ഉൾപ്പെടുത്തിയ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി യൂനിയൻ മാഗസിൻ പിൻവലിച്ചു. വിവിധ സംഘടനകൾ പരാതിയുമായി വന്നതിനെ തുടർന്നാണ് തീരുമാനം. വിവാദമായതിനെ തുടർന്ന് മാഗസിൻ വിൽപ്പന നിർത്തിവെക്കാൻ രജിസ്ട്രാർ ഇന്നലെ തന്നെ നിർദ്ദേശം നൽകിയിരുന്നു.

എസ്.എഫ്.ഐയുടെ നേതൃത്വത്തിലുള്ള കാലിക്കറ്റ് സർവകലാശാല ഡിപ്പാർട്ട്‌മെന്റ് സ്റ്റുഡന്റ്‌സ് യൂനിയനാണ് മാഗസിൻ പുറത്തിറക്കിയത്. എ.എം ശ്യാം മോഹനാണ് മാഗസിൻ എഡിറ്റർ. 'പോസ്റ്റ് ട്രൂത്ത്' എന്ന പേരിൽ ഇറക്കിയ മാഗസിനിൽ വിവിധ മതവിഭാഗങ്ങളെ നിന്ദിക്കുന്ന തരത്തിൽ കവിതയും ലേഖനങ്ങളും ചിത്രങ്ങളും ഉൾപ്പെടുത്തിയതാണ് വിവാദത്തിന് കാരണം.

മാഗസിനിൽ ഹിന്ദുമത വിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയുമായി എ.ബി.വി.വി യൂണിവേഴ്‌സിറ്റിയിലേക്ക് മാർച്ച് നടത്തിയിരുന്നു. മാഗസിൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് വൈസ് ചാൻസിലർക്ക് നിവേദനവും നൽകിയിരുന്നു. 'മൂടുപടം' എന്ന പേരിൽ പ്രസിദ്ധീകരിച്ച കവിത മുസ്ലിം സ്ത്രീകളുടെ മതപരമായ വേഷവിധാനത്തെയും വിശ്വാസത്തെയും പരിഹസിക്കുന്നതായി ആക്ഷേപിച്ച് സമസ്തയുടെ നേതൃത്വത്തിൽ മുസ്ലിം സംഘടനകളും രംഗത്തെത്തിയിരുന്നു. നിഖാബ് ധരിച്ച സ്ത്രീയുടെ ചിത്രം സഹിതമുള്ള കവിതയിൽ സ്ത്രീകളെ മോശമായ ഭാഷയിൽ ചിത്രീകരിച്ചിരുന്നു. ഇന്നലെ കാമ്പസ് ഫ്രണ്ട് യൂനിവേഴ്സിറ്റി പരിസരത്ത് മാഗസിൻ കത്തിച്ച് പ്രതിഷേധിച്ചിരുന്നു.

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി, പ്രധാനമന്ത്രി നരേന്ദ്രമോദി, രാഹുൽ ഗാന്ധി എം.പി, ശബരിമല അയ്യപ്പസ്വാമി എന്നിവരെയും കടന്നാക്രമിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങളും മാഗസിനിലുണ്ടെന്നാണ് വിവരം.

14 അംഗ മാഗസിൻ സമിതിക്കൊപ്പം എസ്.എഫ്.ഐ നേതൃത്വം നൽകുന്ന ഡിപ്പാർട്ട്‌മെന്റ് സ്റ്റുഡന്റ്‌സ് യൂനിയൻ ഭാരവാഹികളും അദ്ധ്യാപകരായ ഡോ.ആർ.വി.എം ദിവാകരൻ (സ്റ്റാഫ് എഡിറ്റർ), ഡോ.പി.ജെ ഹെർമൻ എന്നിവരും സഹകരിച്ചതായും കോളജിൽ മൊത്തം മാ​ഗസിനുകൾ വിതരണം ചെയ്തതായും പറയപ്പെടുന്നുണ്ട്. വിവിധ സംഘടനകളുടെ പ്രതിഷേധം കനത്തതിനെ തുടർന്നാണ് യൂണിവേഴ്സിറ്റി മാ​ഗസിൻ പിൻവലിക്കാൻ തീരുമാനമെടുത്തത്.

>എം.എസ്.എഫ് പരാതി നൽകി

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ കാമ്പസിലെ ഡിപ്പാർട്ടുമെന്റ് സ്റ്റുഡൻസ് യൂണിയന്റെ പോസ്റ്റ് ട്രൂത്ത് എന്ന മാഗസിനിൽ ആസൂത്രിതമായി മതസ്പർദ്ധ വളർത്താൻ നീക്കം നടത്തിയതിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് എം.എസ്. എഫ് വാഴ്‌സിറ്റി കാമ്പസ് യൂണിറ്റ് തേഞ്ഞിപ്പലം പൊലീസിൽ പരാതി നൽകി.

Next Story
Read More >>