സിബിഐയുടെ പ്രവര്‍ത്തനാനുമതി നിയന്ത്രിച്ച് ചത്തിസ്ഗഢ് കേന്ദ്രവുമായി തുറന്ന പോരിലേക്ക്

ചത്തിസ്ഗഢ് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കേന്ദ്രവുമായ ഏറ്റുമുട്ടല്‍ തുടരുന്നു. നയരൂപീകരണ രംഗത്ത് കേന്ദ്ര സര്‍ക്കാരിനെ വെല്ലുവിളിച്ച ചത്തിസ്ഗഢ് സര്‍ക്കാര്‍ ഇത്തവണ ചോദ്യം ചെയ്യുന്നത് സിബിഐയുടെ വിശ്വാസ്യത

സിബിഐയുടെ പ്രവര്‍ത്തനാനുമതി നിയന്ത്രിച്ച് ചത്തിസ്ഗഢ് കേന്ദ്രവുമായി തുറന്ന പോരിലേക്ക്

പുതുതായി തെരഞ്ഞെടുക്കപ്പെട്ട ചത്തിസ്ഗഢ് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കേന്ദ്രവുമായ ഏറ്റുമുട്ടല്‍ തുടരുന്നു. ആരോഗ്യമേഖലയിലെ കേന്ദ്രസര്‍ക്കാര്‍ പദ്ധതി തള്ളി സംസ്ഥാന പദ്ധതി നടപ്പാക്കി നയരൂപീകരണ രംഗത്ത് കേന്ദ്ര സര്‍ക്കാരിനെ വെല്ലുവിളിച്ച ചത്തിസ്ഗഢ് സര്‍ക്കാര്‍ ഇത്തവണ ചോദ്യം ചെയ്യുന്നത് കേന്ദ്ര നിയന്ത്രിത ഏജന്‍സികളുടെ വിശ്വാസ്യത. സംസ്ഥാനത്തെ കേസുകള്‍ അന്വേഷിക്കുന്നതിന് സിബിഐയ്ക്ക് പൊതുവില്‍ നല്‍കിയിരുന്ന അനുമതിയാണ്


മുഖ്യമന്ത്രി ഭൂപേഷ് ബഗെല്‍ പിന്‍വലിച്ചിരിക്കുന്നത്. 2001 ലാണ് പൊതു അനുമതി നല്‍കിയത്. കേന്ദ്രവുമായി നിസ്സഹകരിക്കാനുള്ള ഇത്തരം തീരുമാനങ്ങള്‍ സംസ്ഥാനം ഒരു തുറന്ന പോരിന് തയ്യാറാണെന്ന സൂചനയും നല്‍കുന്നു.

സുപ്രിം കോടതി ഉത്തരവിലൂടെ സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് തിരിച്ചെത്തിയ അലോക് വര്‍മയെ വീണ്ടും തല്‍സ്ഥാനത്തു നിന്നു നീക്കം ചെയ്ത മോദി സര്‍ക്കാരിന്റെ തീരുമാനം പുറത്തുവന്നതിനു പിന്നാലെയാണ് പുതിയ തീരുമാനം.

ഇതോടെ ചത്തിസ്ഗഢ് സിബിഐയ്ക്ക് പൊതു അനുമതി പിന്‍വലിച്ച മൂന്നാമത്തെ സംസ്ഥാനമായി. ആന്ധ്ര, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളും കഴിഞ്ഞ വര്‍ഷം നവംബറില്‍ തന്നെ അനുമതി പിന്‍വലിച്ചിരുന്നു. പരസ്പരം അഴിമതി ആരോപണം നടത്തിക്കൊണ്ടിരിക്കുന്നവര്‍ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന സിബിഐയ്ക്ക് ഒരു അന്വേഷണ ഏജന്‍സി എന്ന നിലയില്‍ വേണ്ടത്ര വിശ്വാസ്യതയില്ലെന്നാണ് കാരണമായി പറഞ്ഞത്. സിബിഐ മേധാവി അലോക് വര്‍മയും പ്രത്യേക ഡയറക്ടര്‍ രാകേഷ് അസ്താനയും തമ്മിലുള്ള വിയോജിപ്പ് ഒരു തെരുവുയുദ്ധമായി മാറിയ സമയമായിരുന്നു അത്.

അലോക് വര്‍മ

എന്‍ഡിഎ സര്‍ക്കാരിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സിബിഐയ്ക്ക് അതിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുന്നുവെന്നും തങ്ങളുടെ താല്‍പ്പര്യത്തിനനുസരിച്ച് സംസ്ഥാനത്ത് സിബിഐയെ പ്രവര്‍ത്തിക്കാനനുവദിക്കുന്നത് നന്നായിരിക്കുകയില്ലെന്നും ഒരു ദേശീയ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

സിബിഐയെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാനനുവദിക്കുന്നതില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വിയോജിപ്പുണ്ടെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. അതേസമയം സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള പൊതുഅനുമതി നിഷേധിച്ചിട്ടുണ്ടെങ്കിലും ഓരോ കേസിലും പ്രത്യേക അനുമതി തേടാവുന്നതാണ്. തങ്ങളുടെ തീരുമാനം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെയും പേഴ്‌സണല്‍ ആന്റ് ട്രയിനിങ് ഡിപാര്‍ട്ട്‌മെന്റിനെയും അറിയിച്ചിട്ടുണ്ട്.
Read More >>