ബുള്ളറ്റ് ട്രയിന്‍ പദ്ധതിയില്‍ വന്‍ അഴിമതി? കരാര്‍ ലഭിച്ചത് ബി.ജെ.പിക്ക് സംഭാവന നല്‍കിയ കമ്പനികള്‍ക്ക്

ഇന്ത്യ-ജപ്പാന്‍ സംയുക്ത സംരംഭമായ മുംബൈ അഹമ്മദാബാദ് ഹൈസ്പീഡ് റെയില്‍വേ പ്രോജക്ട് (എം.എ.എച്ച്.എസ്.ആര്‍) ആണ് പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്നത്.

ബുള്ളറ്റ് ട്രയിന്‍ പദ്ധതിയില്‍ വന്‍ അഴിമതി? കരാര്‍ ലഭിച്ചത് ബി.ജെ.പിക്ക് സംഭാവന നല്‍കിയ കമ്പനികള്‍ക്ക്

മുംബൈ: മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രയിന്‍ പദ്ധതിക്ക് കീഴിലെ കരാറുകള്‍ ലഭിച്ചത് ബി.ജെ.പിക്ക് സംഭാവന നല്‍കിയ കമ്പനികള്‍ക്കെന്ന് വെളിപ്പെടുത്തല്‍. പ്രമുഖ ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലായ ദ ക്വിന്റാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. മഹാരാഷ്ട്രയില്‍ ഉദ്ധവ് സര്‍ക്കാര്‍ അധികാരമേറ്റ് ആദ്യം നടത്തിയ പ്രഖ്യാപനങ്ങളില്‍ ഒന്ന് മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രയിന്‍ പദ്ധതി പുനഃപരിശോധിക്കുമെന്നായിരുന്നു. ഈ വേളയിലാണ് പദ്ധതിയുടെ നിര്‍മാണം ആര്‍ക്കാണ് നല്‍കിയതെന്ന് ക്വിന്റ് അന്വേഷിച്ചത്.

ഇന്ത്യ-ജപ്പാന്‍ സംയുക്ത സംരംഭമായ മുംബൈ അഹമ്മദാബാദ് ഹൈസ്പീഡ് റെയില്‍വേ പ്രോജക്ട് (എം.എ.എച്ച്.എസ്.ആര്‍) ആണ് പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്നത്. പദ്ധതിക്ക് കീഴില്‍ നല്‍കിയ മൂന്ന് ടെണ്ടറുകള്‍ നേരത്തെ ബി.ജെ.പിക്ക് സംഭാവന നല്‍കിയ കമ്പനികള്‍ക്കാണ് ലഭിച്ചതെന്ന് ക്വിന്റ് പറയുന്നു.

വെസ്റ്റേണ്‍ റെയില്‍വേയിലെ വഡോദര സ്‌റ്റേഷന് അടുത്തുള്ള കമ്പ്യൂട്ടര്‍ റിസര്‍വേഷന്‍ സിസ്റ്റം കോംപ്ലക്‌സിന് ഭൂമി പാട്ടത്തിന് നല്‍കിയത് ഗുജറാത്ത് കമ്പനിയായ ക്യൂബ് കണ്‍സ്ട്രക്ഷന്‍ എഞ്ചിനീയറിങ് ലിമിറ്റഡിനാണ്. ബി.ജെ.പിക്ക് വലിയ സംഭാവനകള്‍ നല്‍കിയ കമ്പനിയാണിത്.

ബി.ജെ.പി തന്നെ പുറത്തുവിട്ട കണക്കു പ്രകാരം മൂന്ന് തവണയായി 55 ലക്ഷം രൂപയാണ് ക്യബ് ഭരണകക്ഷിക്ക് നല്‍കിയിട്ടുള്ളത്. 2012-13ല്‍ രണ്ടു തവണയും 2107-18ല്‍ ഒരു തവണയും. രണ്ടു തവണ അഞ്ചു ലക്ഷം രൂപയും ഒരു തവണ 45 ലക്ഷം രൂപയുമാണ് സംഭാവന.

ബുള്ളറ്റ് പദ്ധതിക്ക് പുറമേ, ഗുജറാത്ത് വ്യവസായ വികസന കോര്‍പറേഷന്‍, ഗുജറാത്ത് ഫോറന്‍സിക് സയന്‍സ് യൂണിവേഴ്‌സിറ്റി, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ഗുജറാത്ത നഗര വികസന കോര്‍പറേഷന്‍, ഗുജറാത്ത് വിദ്യാഭ്യാസ വകുപ്പ് എന്നിവയ്ക്ക് വേണ്ടെയെല്ലാം കമ്പനി പ്രവര്‍ത്തിച്ചിട്ടുണ്ട് എന്ന് അവരുടെ വെബ്‌സൈറ്റ് പറയുന്നു.

ഇതിന് പുറമേ, ഓയില്‍ ആന്‍ഡ് നാച്വുറല്‍ ഗ്യാസ് കോര്‍പറേഷന്‍, ബി.എസ്.എഫ്, ഐ.എസ്.ആര്‍.ഒ തുടങ്ങിയ സെന്‍ട്രല്‍ ബോഡികളുടെ ജോലിയും കിട്ടിയിട്ടുണ്ട്. മുതിര്‍ന്ന ബി.ജെ.പി നേതാക്കളാണ് മിക്ക പദ്ധതിയുടെയും ഉദ്ഘാടനം നിര്‍വഹിച്ചത് എന്ന് വെബ്‌സൈറ്റ് പറയുന്നു. ഒരു പദ്ധതി ഉദ്ഘാടനം ചെയ്തത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. ഒരു പദ്ധതി ഉദ്ഘാടനം ചെയ്തത് അമിത് ഷായും. എന്നാല്‍ അന്ന് അമിത് ഷാ ഏതെങ്കിലും സര്‍ക്കാര്‍ വകുപ്പിന്റെ ഭാഗമായിരുന്നില്ല.

കെ.കെ സാവനി എന്ന കോണ്‍ട്രാക്ടറാണ് ടെണ്ടര്‍ ലഭിച്ച മറ്റൊരാള്‍. വഡോദര സ്‌റ്റേഷനിലെ വിവിധ നിര്‍മാണ പദ്ധതികള്‍ക്കാണ് ഇദ്ദേഹത്തിന് കരാര്‍ ലഭിച്ചത്. 2012-13ല്‍ ബി.ജെ.പിക്ക് രണ്ടു ലക്ഷം രൂപ സംഭാവന നല്‍കിയ വ്യക്തിയാണ് ഇദ്ദേഹം.

ധന്‍ജി കെ പട്ടേല്‍ എന്ന മറ്റൊരു കോണ്‍ട്രാക്ടറാണ് മൂന്നാമത്തെയാള്‍. വത്വ മുതല്‍ സബര്‍മതി വരെയുള്ള ചില്ലറ ജോലികള്‍ക്കാണ് ഇദ്ദേഹത്തിന് ടെണ്ടര്‍ ലഭിച്ചത്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ബി.ജെ.പിക്ക് രണ്ടര ലക്ഷം രൂപ സംഭാവന നല്‍കിയയാളാണ് ധന്‍ജി.

ഗുജറാത്ത് ആസ്ഥാനമായ രച്‌ന എന്റര്‍പ്രൈസസ് എന്ന മറ്റൊരു കമ്പനിക്കും വഡോദരയ്ക്കടുത്ത് ചില ടെണ്ടറുകള്‍ കിട്ടിയിട്ടുണ്ട്. നിരവധി തവണ ബി.ജെ.പിക്ക് സംഭാവന നല്‍കിയ കമ്പനിയാണിത്.

Read More >>