നാടകചരനയിലും പ്രക്ഷേപണ കലയിലും ഒരു പോലെ തിളങ്ങിയ വ്യക്തിത്വമായിരുന്നു , അടുപ്പമുള്ളവര്‍ സി പി ആര്‍ എന്ന് വിളിക്കുന്ന സി പി രാജശേഖരന്‍

സി പി രാജശേഖരന്‍ അന്തരിച്ചു

Published On: 17 Feb 2019 4:52 AM GMT
സി പി രാജശേഖരന്‍ അന്തരിച്ചു

തൃശ്ശൂർ: ആകാശവാണി, ദൂരദർശൻ കേന്ദ്രങ്ങളുടെ മുൻ ഡയറക്ടറും എഴുത്തുകാരനുമായ സി.പി രാജശേഖരൻ(69) അന്തരിച്ചു. ഞായറാഴ്ച പുലർച്ചെ തൃശൂരിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ഭൗതികശരീരം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.സംസ്കാരം ബന്ധുക്കളെത്തിയ ശേഷം നടത്തുമെന്ന് മരുമക്കൾ അറിയിച്ചു.

നിരവധി നാടകങ്ങൾ, ബാലസാഹിത്യം, ലേഖന സമാഹാരങ്ങൾ, ഇംഗ്ലീഷ് കാവ്യസമാഹാരങ്ങൾ, നിരൂപണങ്ങ‍ൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. മദ്രാസ്‌ യൂണിവേഴ്‌സിറ്റി, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി, സി.ബി.എസ്‌.ഇ. എന്നീ പാഠ്യപദ്ധതികളിൽ എസ്‌.എസ്‌.എൽ.സി മുതൽ ഡിഗ്രി വരെയുള്ള പാഠപുസ്‌തകങ്ങളിൽ സി.പി.ആറിന്റെ കൃതികൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

നാടകസംബന്ധമായ ചർച്ചകൾക്കും ഡെമോൺസ്‌ട്രേഷനുകൾക്കുമായി ജർമ്മനി, ഫ്രാൻസ്‌, കാനഡ, അമേരിക്ക എന്നീ രാജ്യങ്ങൾ സന്ദർശിച്ച്‌ വിവിധ സർവകലാശാലകളിൽ ക്ലാസുകൾ നടത്തിയിട്ടുണ്ട്‌. സംസ്‌കൃതത്തിലും ഇംഗ്ലീഷിലും ബിരുദാനന്തര ബിരുദവും വിദ്യാഭ്യാസത്തിൽ അഡീഷണൽ ബിരുദവുമുളള സി.പി. രാജശേഖരൻ വടക്കൻ പറവൂർ സ്വദേശിയാണ്. ആകാശവാണിയുടേയും ദൂരദർശൻറേയും ഡയറക്ടറായി വിരമിച്ച ശേഷം സുപ്രഭാതം ദിനപത്രത്തിന്റെ പ്രഥമ ചീഫ് എഡിറ്ററായിരുന്നു.

കേരള സാഹിത്യ അക്കാദമി അവാർഡ്, കേരള സംഗീത നാടക അക്കാദമി അവാർഡ്, ദൂർദർശൻ അവാർഡ്‌, സംസ്ഥാന ടെലിവിഷൻ അവാർഡ്, വിവിധ രചനകൾക്കും സംവിധാനത്തിനുമായി ആകാശവാണിയുടെ 10 ദേശീയ അവാർഡുകൾ, ഇന്ത്യയിലെ ബെസ്റ്റ് പബ്ലിക് സർവീസ് ബ്രോഡ്കാസ്റ്റർ അവാർഡ്, ബോംബെ ആവാസ് അവാർഡ്, ഇറാൻ റേഡിയോ ഫെസ്റ്റിവൽ ഇന്റർനാഷണൽ നോമിനേഷൻ എന്നിവ ലഭിച്ചിട്ടുണ്ട്.

പ്രതിമകൾ വിൽക്കാനുണ്ട്, ഡോക്ടർ വിശ്രമിക്കുന്നു, മൂന്നു വയസ്സൻമാർ, ഗാന്ധി മരിച്ചുകൊണ്ടേയിരിക്കുന്നു, സോളിലോക്വി എന്നിവ പ്രധാനകൃതികൾ. ഭാര്യ: ശൈലജ നായർ. മക്കൾ: രാജ്‌കീർത്തി, ദിവ്യകീർത്തി. മരുമക്കൾ: അനുരാജ്, മനു നായർ.1949 സെപ്റ്റംബർ 9 നു വടക്കൻ പറവൂരിൽ പുരുഷോത്തമൻ നായരുടെയും പാറുക്കുട്ടിയുടെയും മകനായി ജനിച്ച സി പി ആറിന്റെ ജീവിതം പ്രക്ഷേപണ കലയിലും എഴുത്തിലും നാടകത്തിലും സജീവമായിരുന്നു.

Top Stories
Share it
Top