ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് ജാമ്യം; നാലാഴ്ച ഡല്‍ഹിയില്‍ പ്രതിഷേധം നടത്തരുത്

ഇന്നലെ ഹര്‍ജി പരിഗണിക്കവെ രൂക്ഷമായ വിമര്‍ശനമാണ് കോടതി ഡല്‍ഹി പൊലീസിനെതിരെ നടത്തിയിരുന്നത്.

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് ജാമ്യം; നാലാഴ്ച ഡല്‍ഹിയില്‍ പ്രതിഷേധം നടത്തരുത്

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ അറസ്റ്റിലായ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് ജാമ്യം. ഫെബ്രുവരി 16 വരെ ഡല്‍ഹിയില്‍ ഒരു പ്രതിഷേധവും നടത്തരുത് എന്ന ഉപാധിയോടെയാണ് ഡല്‍ഹിയിലെ തീസ് ഹസാരി കോടതി ജാമ്യം അനുവദിച്ചത്. ജഡ്ജ് കാമിനി ലോയാണ് ഹര്‍ജിയില്‍ വിധി പറഞ്ഞത്.

ആസാദിന്റെ സുരക്ഷയെ കുറിച്ച് കോടതിക്ക് ആശങ്കയുണ്ടെന്നും നാലാഴ്ചത്തേക്ക് ഡല്‍ഹിയില്‍ ഉണ്ടാകരുത് എന്നും ജഡ്ജ് പറഞ്ഞു.

ഡല്‍ഹി തെരഞ്ഞെടുപ്പില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് ഉത്തരവ് പുറപ്പെടുവിക്കവെ ജഡ്ജ് പറഞ്ഞത്. അതേസമയം, ജമാ മസ്ജില്‍ പ്രണാമം നടത്തണമെന്ന ആസാദിന്റെ അഭിഭാഷകന്‍ മഹ്മൂദ് പ്രാചയുടെ ആവശ്യം കോടതി അംഗീകരിച്ചു. ഡല്‍ഹിയില്‍ താമസിക്കാന്‍ ആസാദിനെ അനുവദിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. വീട്ടില്‍ തന്നെ കഴിയാം എന്ന് അഭിഭാഷകന്‍ പറഞ്ഞെങ്കിലും കോടതി വഴങ്ങിയില്ല.

യു.പിയില്‍ ആസാദിന് സുരക്ഷാ ഭീഷണിയുണ്ട് എന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ ആവശ്യമായ സുരക്ഷ ഉറപ്പുവരുത്താം എന്നായിരുന്നു കോടതിയുടെ മറുപടി.

ഇന്നലെ ഹര്‍ജി പരിഗണിക്കവെ രൂക്ഷമായ വിമര്‍ശനമാണ് കോടതി ഡല്‍ഹി പൊലീസിനെതിരെ നടത്തിയിരുന്നത്.

'ചന്ദ്രശേഖര്‍ ആസാദിന് പ്രതിഷേധിക്കാന്‍ ഭരണഘടനാപരമായി അവകാശമുണ്ട്. നിങ്ങളോട് ആരാണ് പറഞ്ഞത് പ്രതിഷേധിക്കാന്‍ പാടില്ലെന്ന്? നിങ്ങള്‍ ഇന്ത്യന്‍ ഭരണഘടന വായിച്ചിട്ടില്ലേ?- എന്നായിരുന്നു ലോയുടെ ചോദ്യം.

ഡല്‍ഹിയിലെ ജമാ മസ്ജിദിന് മുമ്പില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 21നാണ് ചന്ദ്രശേഖര്‍ ആസാദിനെ തടവിലാക്കിയത്. പൊലീസ് അനുമതിയില്ലാതെയാണ് പ്രതിഷേധിച്ചതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അറസ്റ്റ്.

'ജമാ മസ്ജിദ് പാകിസ്താനിലാണെന്ന മട്ടിലാണ് നിങ്ങള്‍ പെരുമാറുന്നത്. ഇനിയത് പാകിസ്താനാണെങ്കിലും നിങ്ങള്‍ക്ക് അവിടെ പോയി പ്രതിഷേധിക്കാം. പാകിസാന്‍ ഇന്ത്യയുടെ ഭാഗമായിരുന്നു. പൗരന്മാര്‍ക്ക് പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്.'- ജഡ്ജ് പറഞ്ഞു. പ്രതിഷേധ പരിപാടിക്ക് മുന്‍കൂര്‍ അനുമതി വേണമെന്ന കാര്യം പ്രോസിക്യൂട്ടര്‍ ഉന്നയിച്ചപ്പോള്‍ 144ാം വകുപ്പ് ദുരുപയോഗം ചെയ്യുന്നുണ്ടെന്ന സുപ്രിം കോടതി നിരീക്ഷിച്ചിട്ടുണ്ടെന്ന് ജഡ്ജ് വ്യക്തമാക്കി. ഇതിന് പിന്നാലെ ജമ മസ്ജിദിലേക്ക് പോകുന്നുവെന്ന് ആസാദ് സാമൂഹ്യമാദ്ധ്യമത്തില്‍ പോസ്റ്റിട്ടിരുന്നുവെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍, എവിടെയാണ് സംഘര്‍ഷമെന്നും ഈ പോസ്റ്റുകളില്‍ എന്ത് തെറ്റാണ് ഉള്ളതെന്നും കോടതി ചോദിച്ചിരുന്നു.

ആരോഗ്യ നില മോശമായതിനെത്തുടര്‍ന്ന് ജനുവരി ഒന്‍പതിന് ചന്ദ്രശേഖര്‍ ആസാദിനെ എയിംസ് ആശുപത്രിയിലേക്ക് മാറ്റാന്‍ തിഹാര്‍ ജയില്‍ അധികൃതര്‍ക്ക് കോടതി ഉത്തരവ് നല്‍കിയിരുന്നു.

Read More >>