ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ പറഞ്ഞാല്‍ കോണ്‍ഗ്രസിന് വോട്ടുചെയ്യലാണോ; പാര്‍ട്ടി ഭക്തന് മറുപടിയുമായി ജെ. ദേവിക

'ബിജെപിയെ തോല്‍പിക്കാന്‍ ആവശ്യമുള്ളത് ചെയ്യണം എന്നു പറഞ്ഞാല്‍ അത് കോണ്‍ഗ്രസിന് കണ്ണടച്ച് വോട്ടുചെയ്യാനുള്ള നിര്‍ദ്ദേശമാണെന്നു വായിക്കുന്ന ബുദ്ധി വൈകല്യം വിശേഷം തന്നെ'

ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ പറഞ്ഞാല്‍ കോണ്‍ഗ്രസിന് വോട്ടുചെയ്യലാണോ;  പാര്‍ട്ടി ഭക്തന് മറുപടിയുമായി ജെ. ദേവിക

'ബിജെപിയെ തോല്‍പിക്കാന്‍ ആവശ്യമുള്ളത് ചെയ്യണം എന്നു പറഞ്ഞാല്‍ അത് കോണ്‍ഗ്രസിന് കണ്ണടച്ച് വോട്ടുചെയ്യാനുള്ള നിര്‍ദ്ദേശമാണെന്നു വായിക്കുന്ന ബുദ്ധി വൈകല്യം വിശേഷം തന്നെ'

ടി.ടി ശ്രീകുമാറും ജെ. ദേവികയും ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് വോട്ടു ചെയ്യുന്നതാണ് ഉചിതം എന്ന് പ്രഖ്യാപിച്ച ശ്രീജിത്ത് ശിവരാമന് മറുപടിയുമായി ജെ. ദേവിക.

എന്നെ എങ്ങനെയെങ്കിലും ഒരു കോണ്‍ഗ്രസ് അനുഭാവി ആക്കാന്‍ ശ്രീജിത്ത് ശിവരാമന്‍ എന്ന പാര്‍ട്ടീഭക്തന്‍ പാടുപെടുന്നു. ഒന്നുകില്‍ ഇയാള്‍ക്കു ചിന്താശക്തി കുറവാണ് അല്ലെങ്കില്‍ അവഹേളിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണെന്നും ദേവിക ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

എന്നെ എങ്ങനെയെങ്കിലും ഒരു കോണ്‍ഗ്രസ് അനുഭാവി ആക്കാന്‍ ശ്രീജിത്ത് ശിവരാമന്‍ എന്ന പാര്‍ട്ടീഭക്തന്‍ പാടുപെടുന്നു. ഒന്നുകില്‍ ഇയാള്‍ക്കു ചിന്താശക്തി കുറവാണ് അല്ലെങ്കില്‍ അവഹേളിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ്. ഞാന്‍ ഉത്തരാധുനിക ബുദ്ധി ജീവിയാണത്രെ. ഉത്തരാധുനിക രാഷ്ട്രീയവും ഫെമിനിസവും തമ്മിലുള്ള ബന്ധം സങ്കീര്‍ണമാണെന്നെങ്കിലും അറിയാനുള്ള വിവരം ഇയാള്‍ക്കില്ല. വര്‍ഗരാഷ്ട്രീയത്തെ പൊള്ളയാക്കിയശേഷം അതിനെ നിത്യവും വന്ദിച്ചു കഴിയുന്ന ഇന്നത്തെ പാര്‍ട്ടീഭക്തന്‍ ഉത്തരാധുനിക രാഷ്ട്രീയ കാലത്തിന്റെ യല്ല, നവലിബറല്‍രാഷ്ട്രീയ ശോഷണത്തിന്റെ ഒന്നാംതരം സൃഷ്ടിയാണ്.

ബിജെപിയെ തോല്‍പിക്കാന്‍ ആവശ്യമുള്ളത് ചെയ്യണം എന്നു പറഞ്ഞാല്‍ അത് കോണ്‍ഗ്രസിന കണ്ണടച്ച് വോട്ടുചെയ്യാനുള്ള നിര്‍ദ്ദേശമാണെന്നു വായിക്കുന്ന ബുദ്ധി വൈകല്യം വിശേഷം തന്നെ. പക്ഷേ അതിനു ശേഷം പറയുന്ന കാര്യങ്ങള്‍ ആണ് ബഹുവിശേഷം. ശിങ്കിടിമുതലാളിത്തത്തോട് പിണറായി സര്‍ക്കാര്‍ കാട്ടിയ സൗജന്യങ്ങള്‍ക്കുള്ള തെളിവ് ഞാന്‍ അവതരിപ്പിക്കണമെന്ന്. ഇയാള്‍ പോയി കഴിഞ്ഞ അഞ്ചു വര്‍ഷമായി നമ്മുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരത്തില്‍ ഉണ്ടായിരിക്കുന്ന ശോഷണം പഠിക്കൂ. വിഴിഞ്ഞം പോലുള്ള പരിസ്ഥിതി ദുരന്തങ്ങളെ, ജനവിരുദ്ധ പദ്ധതികളെ പഠിക്കൂ. ഇതെല്ലാം ലിബറല്‍ ജനാധിപത്യ പരിധിയില്‍ നിന്നുകൊണ്ടുള്ള സോഷ്യലിസ്റ്റ് നിര്‍മ്മാണം ആണെന്നാണ് വാദമെങ്കില്‍ നിങ്ങളും മറ്റുള്ളവരും തമ്മില്‍ വലിയ വ്യത്യാസം ഇല്ല എന്നാണ് അര്‍ഥം. അത്തരം സൂക്ഷ്മമായ ഒരു വികസനപാത സൃഷ്ടിക്കാന്‍ ആവശ്യമായ രാഷ്ട്രീയ ഭാവന ഇന്ന് ഇടതുപക്ഷത്ത് തീരെ കുറഞ്ഞു പോയി. ദീര്‍ഘ കാലതാത്പര്യങ്ങളെ മുന്‍നിര്‍ത്തി ചിന്തിക്കണ്ട കാര്യമേ ഇല്ലെന്ന് അദ്ദേഹത്തിന്റെ ദൈവത്തെപ്പോലെ ഈ ഭക്തനും തീരുമാനിച്ചു കഴിഞ്ഞിരിക്കുന്നു. അതുകൊണ്ട് അദ്ദേഹം അതേപ്പറ്റി മിണ്ടുന്നേയില്ല. ഞാന്‍ പറഞ്ഞ ചിലത് മാത്രം എടുത്ത് വികൃതമാക്കി പരിഹസിക്കാന്‍ കഴിഞ്ഞത് വിമര്‍ശനം ആകുന്നില്ല. സാമൂഹികവികസനസൂചകങ്ങള്‍ താഴേയ്ക്ക് പോയിട്ടില്ല അതുകൊണ്ട് സമതയ്ക്ക് കുറവില്ലത്രെ. ഇത്ര വിവരം കെട്ടവരൊ ഈ പാര്‍ട്ടീഭക്തര്‍? കേരളത്തില്‍ അസമത്വം അപകടകരമായി വളരുന്നുവെന്നും അത് സാമൂഹിക കെട്ടുറപ്പിനു ഭീഷണി ആകുന്നു എന്നും എത്ര യെത്ര പഠനങ്ങള്‍ ഉണ്ടായിക്കഴിഞ്ഞിരിക്കുന്നു. ഭക്തി ആയാല്‍ അതൊക്കെ പുല്ലാണല്ലോ. പിന്നെ പാര്‍ട്ടിയുടെ ദേശീയ നിലപാടുകളെ ഉദ്ധരിച്ച് സംസ്ഥാന ത്ത് കാട്ടിക്കൂട്ടടിയ ഇസ്ലാം വിരോധത്തെ ന്യായീകരിക്കാന്‍ പറ്റില്ല. ഹാദിയ എന്ന നിരപരാധിയായ സ്ത്രീയെ ഹിന്ദുത്വവതീവ്രവാദി കള്‍ക്ക് എറിഞ്ഞു കൊടുക്കാന്‍ ഉത്സാഹിച്ച ഇടതുപക്ഷ ചിന്തകരില്‍ പ്രമുഖനായിരുന്നു ഈ ലേഖകന്‍ എന്ന് ഓര്‍ക്കുന്നു. അന്ന് ബൃന്ദ കാരാട്ടിനെ ദേശീയ നയവുമായി കേരളത്തില്‍ നടന്ന ഹാദിയാവേട്ടയ്ക്കുള്ള ദൂരത്തെപ്പറ്റി ഓര്‍മിപ്പിച്ചപ്പോള്‍ അവര്‍ കൃത്യമായി പ്രതികരിച്ചു. പൊളിറ്റിക്കല്‍ ഇസ്ലാമിനോടുള്ള വിരോധം പൂര്‍ണമായ രാഷ്ട്രീയ അന്ധത ആവശ്യപ്പെടുന്നില്ല എന്ന് അവര്‍ കാണിച്ചു തന്നു.

കഷ്ടം. ഇയാളെ പോലുള്ളവരെയാണ് ലക്ഷ്മീ രാജീവ് നല്ല മനുഷ്യരായി വാഴ്ത്തുന്നത്

അസമത്വം കുറയ്ക്കാന്‍ കാര്യമായി ഒന്നും ചെയ്യാന്‍ ഈ കഴിഞ്ഞിട്ടില്ലെന്ന് പറയുന്നത് പോലും എന്തോ വലിയ തെറ്റാണ് എന്ന ഭാവമാണ് ഇയാള്‍ ക്ക്. മുഖ്യമന്ത്രി യുടെ ശബരിമല പ്രസംഗങ്ങള്‍ കേമമായിരുന്നെങ്കിലും അതിലധികം ഗുണം സ്ത്രീകള്‍ക്കുണ്ടായതായി തെളിവൊന്നുമില്ല. കേരളത്തില്‍ ആരാണ് കൂടുതല്‍ ഹിന്ദു എന്ന മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്നതും മതാന്ധതയെ ജനപക്ഷത്ത് നിന്നും ഇല്ലാതാക്കുന്നതും ഒന്നല്ല, പക്ഷേപാര്‍ട്ടി ഭക്തര്‍ക്ക് അത് പ്രശ്‌നം അല്ല . ശിങ്കടിമുതരാളിത്ത വികസനത്തെയും അസമത്വത്തെയും വളര്‍ത്തുന്ന നയങ്ങള്‍ എല്ലാ മുഖ്യ രാഷ്ട്രീയ കക്ഷികളും സ്വീകരിച്ചു കഴിഞ്ഞ സ്ഥിതിക്ക് സിപിഎം അവയെ തടയുന്നില്ല എന്നതിന്റെ തെളിവ് കോണ്‍ഗ്രസിനെ സഹായിക്കാനുമിടയില്ല. എല്ലാ കക്ഷി കളും ചില കാര്യങ്ങളില്‍ ഒരു പോലെ മൗനംപാലിക്കുന്നതും ഫലത്തില്‍ ഒന്നിക്കുന്നതും ഇന്ന് അസാധാരണ മല്ല. പാര്‍ട്ടി ഭക്തി ബാധിക്കാത്തവര്‍ക്ക് അതു കാണാന്‍ കഴിയും.

എന്തായാലും ഈ ശിവരാമനെപോലുള്ളവര്‍ പാര്‍ട്ടി വിരുദ്ധരല്ലാത്തവരെപ്പോലും അതാക്കിമാറ്റും. അവര്‍ക്ക് മൂക്കുകയറിടുന്നതാണ് തത്കാലം പാര്‍ട്ടിക്കു നല്ലത്.


Read More >>