ഡി.കെ ശിവകുമാറിന്റെ മകള്‍ ഐശ്വര്യയെ ചോദ്യം ചെയ്യുന്നു

ശിവകുമാര്‍ നടത്തുന്ന വിദ്യാഭ്യാസ ട്രസ്റ്റിന്റെ ട്രസ്റ്റിയുമാണ് 22 കാരിയായ മാനേജ്‌മെന്റ് ബിരുദധാരിണി

ഡി.കെ ശിവകുമാറിന്റെ മകള്‍ ഐശ്വര്യയെ ചോദ്യം ചെയ്യുന്നു

ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസില്‍ അറസ്റ്റിലായ കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന്റെ മകള്‍ ഐശ്വര്യ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്‍പാകെ ചോദ്യം ചെയ്യലിന് ഹാജരായി. ധനാഹപരണ നിരോധന നിയപ്രകാരം ഇ.ഡി 22 കാരിയുടെ മൊഴി രേഖപ്പെടുത്തി.

2017ല്‍ സിംഗപൂരിലേക്ക് നടത്തിയ യാത്രയുമായി ബന്ധപ്പെട്ട് ശിവകുമാര്‍ നല്‍കിയ മൊഴിയിലും രേഖകളിലും പൊരുത്തക്കേടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഐശ്വര്യയെ വിളിപ്പിച്ചത്. ശിവകുമാറിന് ഒപ്പം യാത്രയില്‍ ഐശ്വര്യയുമുണ്ടായിരുന്നു.

ശിവകുമാര്‍ നടത്തുന്ന വിദ്യാഭ്യാസ ട്രസ്റ്റിന്റെ ട്രസ്റ്റിയുമാണ് ഈ മാനേജ്‌മെന്റ് ബിരുദധാരിണി. ട്രസ്റ്റിന് കീഴില്‍ നിരവധി എഞ്ചിനീയര്‍ കോളജ് അടക്കമുള്ള സ്ഥാപനങ്ങള്‍ ഉണ്ട്.

'ഐശ്വര്യ ധൈര്യമുള്ള കുട്ടിയാണ്. ഇ.ഡിക്ക് ശിവകുമാറിന്റെ കുടുംബത്തെ ചോദ്യംചെയ്യാന്‍ സ്വാതന്ത്ര്യമുണ്ട്. പക്ഷേ ഇത് തന്നെ മറ്റ് നേതാക്കള്‍ക്കും അവരുടെ കുടുംബത്തിനും ബാധകമാവണം'- ശിവകുമാറിന്റെ സഹോദരനും എം.പിയുമായ ഡി.കെ സുരേഷ് പറഞ്ഞു.

സെപ്തംബര്‍ മൂന്നിനാണ് ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ കണക്കില്‍പ്പെടാത്ത 8.59 കോടി രൂപ കണ്ടെത്തിയെന്ന ആരോപണത്തില്‍ ശിവകുമാറിനെ അറസ്റ്റ് ചെയ്തതെന്നാണ് ഇ.ഡി പറയുന്നത്.

Next Story
Read More >>