ദയൂബന്ദിനു മേല്‍ ഭീകരമുദ്ര ചാര്‍ത്തിയ ഗിരിരാജ് സിങിന് അറിയാമോ, സ്വാതന്ത്ര്യ സമരത്തില്‍ ആ സ്ഥാപനം വഹിച്ച പങ്ക്?

തീവ്രവാദ ബന്ധം ആരോപിക്കപ്പെടുന്ന ഈ സ്ഥാപനത്തിന്, രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തില്‍ ചെറുതല്ലാത്ത പങ്കുണ്ട്

ദയൂബന്ദിനു മേല്‍ ഭീകരമുദ്ര ചാര്‍ത്തിയ ഗിരിരാജ് സിങിന് അറിയാമോ, സ്വാതന്ത്ര്യ സമരത്തില്‍ ആ സ്ഥാപനം വഹിച്ച പങ്ക്?

തീവ്രവാദികളെ നിര്‍മിക്കുന്ന ഫാക്ടറിയാണ് ലഖ്‌നൗവിലെ ദയൂബന്ദ് എന്ന വിവാദ പ്രസ്താവനയുമായി രംഗത്തു വന്നിരിക്കുകയാണ് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. തീവ്രഹിന്ദു പരാമര്‍ശങ്ങള്‍ കൊണ്ട് പലപ്പോഴും വിവാദങ്ങളില്‍ ഇടംപിടിച്ചിട്ടുള്ള ഗിരിരാജ് സിങിന്റെ പ്രസ്താവനയില്‍ അത്ഭുതമൊന്നുമില്ല.

തീവ്രവാദത്തിന്റെ പ്രഭവസ്ഥാനമാണ് ദിയൂബന്ദ്. അത് ഹാഫിസ് സഈദിനെ പോലുള്ള ഭീകരരെ നിര്‍മിക്കുന്ന ഫാക്ടറിയാണ്- എന്നിങ്ങനെ ആയിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

എന്നാല്‍ എന്താണ് വസ്തുത? ദയൂബന്ദിന് മേല്‍ അത്തരം ആരോപണങ്ങള്‍ ഉണ്ടോ? തത്സമയം പരിശോധിക്കുന്നു.

> എന്താണ് ദയൂബന്ദ്

മുസ്‌ലിം സമുദായത്തിലെ പരമ്പരാഗത സുന്നി ആശയങ്ങള്‍ പിന്തുടരുന്ന വിദ്യാഭ്യാസ കേന്ദ്രമാണ് ദയൂബന്ദ് എന്ന പേരില്‍ അറിയപ്പെടുന്ന ലഖ്‌നൗവിലെ ദാറുല്‍ ഉലൂം ദൂയൂബന്ദ്. ദാറൂല്‍ ഉലൂം എന്നാല്‍ വിജ്ഞാനത്തിന്റെ വീട് എന്നര്‍ത്ഥം. 1866ല്‍ മുഹമ്മദ് ഖാസിം നാനൂഥവി എന്ന ഇസലാമിക പണ്ഡിതനാണ് ഇതു സ്ഥാപിച്ചത്.

ഖുര്‍ആന്‍, ഹദീസ് (നബി വചനങ്ങള്‍), ഇസ്‌ലാമിക കര്‍മ്മശാസ്ത്രം, അറബി സാഹിത്യം, പേര്‍ഷ്യന്‍, ഉര്‍ദു സാഹിത്യങ്ങള്‍ എന്നിവയാണ് പ്രധാനമായും ഇവിടെ പഠിപ്പിക്കപ്പെടുന്നത്.

> സ്വാതന്ത്ര്യസമരത്തിലെ പങ്ക്

തീവ്രവാദ ബന്ധം ആരോപിക്കപ്പെടുന്ന ഈ സ്ഥാപനത്തിന്, രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തില്‍ ചെറുതല്ലാത്ത പങ്കുണ്ട് എന്നതാണ് രസകരമായ വസ്തുത.

നാനൂഥവിയുടെ ശിഷ്യനായിരുന്ന മഹ്മൂദ് അല്‍ ഹസന്‍ സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു. കേന്ദ്ര ഖിലാഫത് കമ്മിറ്റിയില്‍ ഇദ്ദേഹം ശൈഖുല്‍ ഹിന്ദ് (ഇന്ത്യയുടെ നേതാവ്) എന്നാണ് അറിയപ്പെട്ടിരുന്നത്. മഹാത്മാ ഗാന്ധിയുമായും കോണ്‍ഗ്രസുമായും സഹകരിക്കേണ്ടത് ഇന്ത്യന്‍ മുസ്‌ലിമിന്റെ ബാദ്ധ്യതയാണ് എന്ന് ഫത്‌വ (മതവിധി) പുറപ്പെടുവിച്ച പണ്ഡിതനായിരുന്നു അദ്ദേഹം.

വിപ്ലവത്തിന് പ്രേരിപ്പിച്ച കുറ്റത്തിന് ഇദ്ദേഹത്തെയും അനുയായികളെയും ബ്രിട്ടീഷ് ഭരണകൂടം അറസ്റ്റു ചെയ്ത് നാടു കടത്തി. 1920ല്‍ മാര്‍ട്ടയിലെ പ്രവാസം കഴിഞ്ഞ് തിരിച്ചെത്തിയ അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നു.

ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള സായുധ വിപ്ലവത്തിനായി ജംഇയ്യത്തുല്‍ അന്‍സാര്‍ പേരില്‍ ഒരു ചാവേര്‍സംഘവും മഹ്മൂദുല്‍ ഹസന്റെ നേതൃത്വത്തില്‍രൂപം കൊണ്ടിട്ടുണ്ട്. ഇതിനെ 1913ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ നിരോധിച്ചു.

എടുത്തു പറയേണ്ട മറ്റൊരു പേരാണ് സയ്യിദ് ഹുസൈന്‍ അഹ്മദ് മദനിയുടേത്. മുസ്‌ലിംകള്‍ക്ക് വേണ്ടി സ്വന്തം രാഷ്ട്രം എന്ന ആശയത്തെ ശക്തമായി എതിര്‍ത്ത അദ്ദേഹം ബഹുസ്വര സമൂഹത്തിലാണ് മുസ്‌ലിംകള്‍ ജീവിക്കേണ്ടത് എന്ന് വാദിച്ചു. എല്ലാവരും ഒരുമിച്ചു ജീവിക്കുന്ന രാജ്യത്തിലാണ് യഥാര്‍ത്ഥ സ്വാതന്ത്ര്യം ഉണ്ടാകുന്നത് എന്നും അദ്ദേഹം വിശ്വസിച്ചു. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായതില്‍ മൂന്നു വര്‍ഷം തടവുശിക്ഷ അനുഭവിച്ചിട്ടുണ്ട്. 1954ല്‍ രാജ്യം ഇദ്ദേഹത്തെ പത്മഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്.

1969ല്‍ പഷ്തൂണ്‍ സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിന്റെ നായകനായ ഖാന്‍ അബ്ദുല്‍ ഗഫാര്‍ ഖാന്‍ ദാറുല്‍ ഉലൂമില്‍ സംസാരിക്കവെ ഇങ്ങനെ പറഞ്ഞു. 'ശൈഖുല്‍ ഹിന്ദ് മഹ്മൂദ് ഹസന്‍ ജീവിച്ചിരിക്കുന്ന കാലത്തു തന്നെ എനിക്ക് ദാറുല്‍ ഉലൂമുമായി ബന്ധമുണ്ട്. ഇവിടെ ഇരുന്നു കൊണ്ട് ഞങ്ങള്‍ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിനായി, രാജ്യത്തു നിന്ന് ബ്രിട്ടീഷുകാരെ എങ്ങനെ പുറത്താക്കാം എന്നതിനായി പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്. ഈ സ്ഥാപനം രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി മഹത്തായ സംഭാവനകള്‍ ചെയ്തിട്ടുണ്ട്'.

Next Story
Read More >>